InternationalLatest

ഇന്ധനക്ഷാമത്തിൽ വലഞ്ഞ ശ്രീലങ്കയ്‌ക്ക് സഹായഹസ്തവുമായി ഇന്ത്യ

“Manju”

കൊളംബോ: രൂക്ഷമായ വൈദ്യുതി ക്ഷാമത്തിന് സാക്ഷ്യം വഹിക്കുന്ന ദ്വീപ് രാജ്യത്തെ സഹായിച്ച് ഇന്ത്യ. വൈദ്യുതി പ്രതിസന്ധി ലഘൂകരിക്കാൻ ഇന്ത്യ അയച്ച 40,000 മെട്രിക് ടൺ ഡീസൽ ശനിയാഴ്ച വൈകിട്ട് കൊളംബോയിലെത്തി.

ഡീസൽ വാഹനങ്ങൾ അധികമുള്ള ശ്രീലങ്കയിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷനാണ് ഇപ്പോൾ 40,000 മെട്രിക് ടൺ ഡീസൽ വിതരണം ചെയ്തത്. ലൈൻ ഓഫ് ക്രഡിറ്റിന്റെ ഭാഗമായി ശ്രീലങ്കയ്‌ക്ക് ഇന്ത്യ നൽകുന്ന നാലാമത്തെ ഇന്ധന ശേഖരമാണിത്. കഴിഞ്ഞ 50 ദിവസത്തിനുള്ളിൽ 2,00,000 മെട്രിക് ടൺ ഇന്ധനമാണ് ഇന്ത്യ നൽകിയത്.

ബഹുമാനപ്പെട്ട ഊർജ മന്ത്രി ഗാമിനി ലോകുഗെക്ക് ഇന്ധനശേഖരം കൈമാറിയതായി കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ട്വീറ്റ് ചെയ്തു. ഇന്ധനക്ഷാമം മൂലം ശ്രീലങ്കയിലെ ഓട്ടോ-ടാക്‌സി വാഹനങ്ങൾ നിരത്തിലിറങ്ങാൻ കഴിയാതെയിരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയുടെ സഹായഹസ്തം അൽപ ദിവസത്തേക്കെങ്കിലും ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ.

അതേസമയം രാജ്യവ്യാപകമായി പൊതു അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ് ശ്രീലങ്കൻ പ്രസിഡന്റ് ഗോതാബയ രാജപക്സെ. ഇന്ധനത്തിന്റെയും മറ്റ് അവശ്യ വസ്തുക്കളുടെയും ക്ഷാമത്തിൽ പ്രകോപിതരായ പ്രതിഷേധക്കാർ ശ്രീലങ്കൻ പ്രസിഡന്റിന്റെ വസതിക്ക് മുന്നിൽ പോലീസുമായി ഏറ്റുമുട്ടിയിരുന്നു. സംഭവത്തിൽ മാദ്ധ്യമപ്രവർത്തകർ ഉൾപ്പെടെ 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഞായറാഴ്ച വരെ ശ്രീലങ്കയിൽ നിയന്ത്രണങ്ങൾ തുടരുമെന്നാണ് വിവരം.

Related Articles

Back to top button