International

 പാർലമെന്റ് പിരിച്ചിടുവിടണമെന്ന് പ്രസിഡന്റിനോട് ആവശ്യപ്പെട്ട്  ഇമ്രാൻ ഖാൻ

“Manju”

ഇസ്ലാമാബാദ് : പാകിസ്താനിൽ കൈവിട്ട കളിയുമായി ഇമ്രാൻ ഖാൻ. രാജ്യം തിരഞ്ഞെടുപ്പിന് തയ്യാറാകണമെന്ന് പാക് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ഇമ്രാനെതിരായ അവിശ്വാസ വോട്ടെടുപ്പ് ഡെപ്യൂട്ടി സ്പീക്കർ അനുവദിക്കാതിരുന്നതിന് തൊട്ടുപിന്നാലെയാണ് ഇമ്രാൻ ഖാന്റെ പ്രതികരണം.

തിരഞ്ഞെടുപ്പ് വരെ രാജ്യത്ത് കാവൽ പ്രധാനമന്ത്രിയായി തുടരുമെന്നും ഇമ്രാൻ ഖാൻ വ്യക്തമാക്കി. എന്നാൽ ദേശീയ അസംബ്ലി പിരിച്ചുവിടാനുള്ള ഇമ്രാന്റെ നീക്കം അംഗീകരിക്കില്ലെന്ന നിലപാടിലാണ് പ്രതിപക്ഷം. സഭ പിരിച്ചുവിടരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം പാകിസ്താന്റെ സുപ്രീം കോടതിയെ സമീപിക്കുമെന്നും അറിയിച്ചു.

ഇതേസമയം ദേശീയ അസംബ്ലി പിരിച്ചുവിടാൻ പ്രസിഡന്റിനോട് ശുപാർശ ചെയ്തിരിക്കുകയാണ് ഇമ്രാൻ ഖാൻ. ജനം തിരഞ്ഞെടുപ്പിന് തയ്യാറാകണമെന്നാണ് പ്രധാനമന്ത്രിയുടെ ആവശ്യം.

വിദേശ ഗൂഢാലോചനയിൽ പാകിസ്താനിലെ ദേശീയ അസംബ്ലി പങ്കാളിയാകില്ലെന്ന് പ്രഖ്യാപിച്ചാണ് സ്പീക്കർ അവിശ്വാസ വോട്ടെടുപ്പ് റദ്ദാക്കിയത്. ഭരണഘടന തത്വങ്ങളെ സ്പീക്കർ ഉയർത്തിപ്പിടിച്ചതായി ഇക്കാര്യത്തിൽ ഇമ്രാൻ ഖാൻ പ്രതികരിച്ചു. തനിക്കെതിരെ നടന്ന വിദേശ ഗൂഢാലോചന പരാജയപ്പെട്ടുവെന്നും പാക് പ്രധാനമന്ത്രി വാദിച്ചു. പ്രതിപക്ഷത്തിന്റെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചാൽ ഇമ്രാന്റെ പുതിയ തിരഞ്ഞെടുപ്പ് നീക്കവും വെട്ടിലാകാനാണ് സാധ്യത.

 

Related Articles

Back to top button