International

അടുത്ത മഹാമാരി പ്രാണികളിൽ നിന്ന്; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

“Manju”

ലോകത്തെ പ്രതിസന്ധിയിലാക്കാൻ പോകുന്ന അടുത്ത മഹാമാരി പ്രാണികളിലൂടെ പകരുന്നതായിരിക്കാമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. കൊതുക്, ഈച്ച, പേൻ, ചെള്ള്, പലതരം പ്രാണികൾ തുടങ്ങീ രക്തം കുടിക്കുന്ന ആർത്രോപോഡുകൾ വഴി ഡെങ്കു, ചിക്കൻഗുനിയ, യെലോഫീവർ തുടങ്ങിയ രോഗങ്ങൾ പകരുന്നുണ്ട്. ഇത്തരം പ്രാണിജന്യ രോഗങ്ങൾ മനുഷ്യർക്ക് വലിയ ഭീഷണിയാണ് ഉയർത്തുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്ക് അനുസരിച്ച് 130 രാജ്യങ്ങളിലെ 39 കോടിയോളം ജനങ്ങളെ ബാധിക്കുന്ന പകർച്ച വ്യാധികളിലൊന്നാണ് ഡെങ്കിപ്പനി. സമാനമായ രീതിയിലാണ് സിക വൈറസ്, മഞ്ഞപ്പിത്തം, ചിക്കൻഗുനിയ തുടങ്ങിയ രോഗങ്ങളെല്ലാം പടർന്ന് പിടിച്ചത്. കോടിക്കണക്കിന് ജനങ്ങളുടെ ജീവിതത്തെയാണ് ഇത് പ്രതികൂലമായി ബാധിച്ചത്.

ഇത്തരം രോഗങ്ങൾ ഉയർത്തുന്ന അപകടസാധ്യതകൾ വർധിച്ച് വരുന്നതിന്റെ ലക്ഷണങ്ങൾ ഇപ്പോൾ പ്രകടമാണെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ഈ രോഗങ്ങൾ വലിയ മഹാമാരിയായി മാറി ദുരന്തം സൃഷ്ടിക്കാതെ ഇരിക്കുന്നതിനുള്ള ശ്രമങ്ങൾ ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞരും ആരോഗ്യ വിദഗ്ധരും നടത്തി വരികയായിരുന്നു. ഈ സമയമാണ് കൊറോണ മഹാമാരി പൊട്ടിപ്പുറപ്പെട്ടത്. കൊറോണയുടെ രണ്ട് വർഷങ്ങളിൽ ഈ വെല്ലുവിളികൾക്കുള്ള തയ്യാറെടുപ്പ് നടത്താൻ സാധിച്ചിട്ടില്ല.

അതുകൊണ്ട് തന്നെ ഇതിന്റെ ഭവിഷ്യത്തുകൾ ഇപ്പോൾ ദൃശ്യമായി തുടങ്ങിയിട്ടുണ്ടെന്നാണ് ലോകാരോഗ്യ സംഘടന ഗ്ലോബൽ ഇൻഫെക്ഷ്യസ് ഹസാർഡ് പ്രിപ്പേർഡ്‌നസ് ടീം ഡയറക്ടർ ഡോ.സിൽവി ബ്രിയാണ്ട് പറയുന്നത്. ആർബോവൈറസ് മൂലമുള്ള പകർച്ചവ്യാധികളുടെ ആവൃത്തിയും തീവ്രതയും വർധിക്കുന്ന സാഹചര്യത്തിൽ രാജ്യാന്തര തലത്തിൽ മുന്നൊരുക്കങ്ങളും സംഘടിതമായ നീക്കങ്ങളും ആവശ്യമാണെന്നും ഡബ്ല്യുഎച്ച്ഒയുടെ മുന്നറിയിപ്പിൽ പറയുന്നു.

Related Articles

Back to top button