Latest

കൊറോണ വ്യാപനത്തില്‍ വിറങ്ങലിച്ച് ഷാങ്ഹായ്

“Manju”

ബീജിങ്: കൊറോണ രൂക്ഷമായതിന് പിന്നാലെ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയ ഷാങ്ഹായ് നഗരത്തില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിക്കുന്നു. ചൈനയുടെ പ്രധാന സാമ്പത്തിക കേന്ദ്രം കൂടിയായ ഇവിടെ രണ്ട് കോടി അറുപത് ലക്ഷത്തിലധികം ആളുകളാണ് അധിവസിക്കുന്നത്. നഗരത്തിലെ പ്രധാന സൂപ്പര്‍ മാര്‍ക്കറ്റുകള്‍ അടയ്‌ക്കുകയും, സാധനങ്ങളുടെ വില്‍പ്പനയ്‌ക്ക് നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയും ചെയ്തിട്ടുണ്ട്. നഗരത്തിലെ ഓരോരുത്തര്‍ക്കും കൊറോണ പരിശോധന നടത്തേണ്ടതും കര്‍ശനമാക്കിയിട്ടുണ്ട്.

രണ്ടാഴ്ച മുന്‍പാണ് നഗരത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. കൊറോണ വ്യാപനം രൂക്ഷമായതോടെയാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ ഭരണകൂടം തീരുമാനിച്ചത്. ജനങ്ങള്‍ക്ക് ആവശ്യമായ സാധനങ്ങള്‍ കൃത്യമായി ഓരോരുത്തരിലേക്കും എത്തിക്കുന്നതിനാണ് വലിയ വെല്ലുവിളി നേരിടുന്നതെന്ന് അധികൃതര്‍ പറയുന്നു. പലയിടങ്ങളിലും അടിയന്തര വിതരണ കേന്ദ്രങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. എന്നാല്‍ വീടുകളില്‍ സാധനം കൊണ്ടെത്തിക്കാന്‍ പലപ്പോഴും സാധിക്കാറില്ലെന്ന് ഷാങ്ഹായ് കൊമേഴ്‌സ് കമ്മീഷന്‍ അധികൃതര്‍ പറയുന്നു.

അംഗീകൃത ഡെലിവറി പാര്‍ട്‌ണേഴ്‌സിന് നിലവില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതും സാധനങ്ങള്‍ എത്തിക്കുന്നതിന് തടസ്സമാകുന്നുണ്ട്. എങ്കിലും 11000ത്തോളം ആളുകള്‍ സാധനങ്ങള്‍ കൈമാറുന്നതിന് വേണ്ടി മാത്രമായി പ്രവര്‍ത്തിക്കുന്നുണ്ട്. ചൊവ്വാഴ്ച മാത്രം 16,766 കേസുകളാണ് ഷാങ്ഹായ് നഗരത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. തിങ്കളാഴ്ച 13,086 പേര്‍ക്കായിരുന്നു രോഗം സ്ഥിരീകരിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Related Articles

Back to top button