LatestSports

തുടർച്ചയായി നാലാം തോൽവി ഏറ്റുവാങ്ങി ചെന്നൈ

“Manju”

മുംബൈ: ഐപിഎല്ലിൽ ചെന്നൈയ്‌ക്കെതിരായ മത്സരത്തിൽ ഹൈദരാബാദിന് ആദ്യ ജയം. 17-ാം ഓവറിൽ 14 പന്ത് ശേഷിക്കേ എട്ട് വിക്കറ്റിനാണ് ഹൈദരാബാദ് ചെന്നൈയെ തറപറ്റിച്ചത്. ആദ്യ ജയം ലക്ഷ്യം വെച്ച് ക്രീസിലിറങ്ങിയ ചെന്നൈയ്‌ക്ക് സീസണിൽ ഇത് നാലാം തോൽവിയാണ്. ചെന്നൈ ഉയർത്തിയ 155 വിജയലക്ഷ്യമാണ് ഹൈദരാബാദ് രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിൽ നേടിയത്.

അഭിഷേക് ശർമ്മയാണ് ഹൈദരാബാദിന്റെ വിജയശിൽപി. 50 പന്തിൽ നിന്നും അഞ്ച് ബൗണ്ടറികളുടെയും മൂന്ന് സിക്‌സറിന്റെയും അകമ്പടിയോടെ 75 റൺസാണ് അഭിഷേക് അടിച്ചെടുത്തത്. നായകൻ കെയ്ൻ വില്യംസണും വെടിക്കെട്ട് പ്രകടനമാണ് കാഴ്ചവെച്ചത്. 40 പന്തിൽ നിന്നും രണ്ട് ബൗണ്ടറികളുടെയും ഒരു സിക്‌സറിന്റെയും സഹായത്തോടെ 32 റൺസാണ് വില്യംസൺ നേടിയത്. ചെന്നൈയുടെ ജോർദനാണ് അഭിഷേകിന്റെ വിക്കറ്റ് നേടിയത്. അലിയുടെ പന്തിൽ വില്യംസൺ വീണപ്പോഴും ഹൈദരാബാദ് വിജയപ്രതീക്ഷ നിലനിർത്തിയിരുന്നു. രാഹുൽ ത്രിപാഠി(39), നിക്കോളാണ് പൂരൻ(5) എന്നിവർ പുറത്താകാതെ നിന്നു.

ആദ്യജയം ലക്ഷ്യമിട്ട് ക്രീസിലിറങ്ങിയ ചെന്നൈയ്‌ക്ക് മോശം തുടക്കമാണ് ലഭിച്ചത്. പവർ പ്ലേയിൽ തന്നെ റോബിൻ ഉത്തപ്പ (15), റിതുരാജ് ഗെയ്കവാദ് (16) എന്നിവരുടെ വിക്കറ്റ് ചെന്നൈയ്‌ക്ക് നഷ്ടമായി. ഉത്തപ്പയുടെ വിക്കറ്റ് വാഷിംഗ്ടൺ സുന്ദർ നേടിയപ്പോൾ, റിതുരാജ്, നടരാജന്റെ പന്തിൽ ബൗൾഡാവുകയായിരുന്നു. പിന്നീട് ക്രീസിൽ ഒത്തുചേർന്ന മൊയീൻ-അമ്പാട്ടി റായുഡു കൂട്ടുകെട്ടാണ് (27 പന്തിൽ 27) ചെന്നൈയെ കരകയറ്റിയത്. ഇരുവരും 62 റൺസ് കൂട്ടിചേർത്തു.

എന്നാൽ റായുഡുവിനെ പുറത്താക്കി സുന്ദർ വീണ്ടും ചെന്നൈയെ തകർക്കാൻ ശ്രമിക്കുകയായിരുന്നു. പിന്നാലെ ക്രീസിലെത്തിയ ശിവം ദുബെയ്‌ക്കും (3) അധികം പിടിച്ചു നിൽക്കാനായില്ല. ധോണിക്കും (3) മികച്ച പ്രകടനം കാഴ്ചവെയ്‌ക്കാനായില്ല. പിന്നീട് ക്രീസിലെത്തിയ ക്യാപ്റ്റൻ രവീന്ദ്ര ജഡേജ, 14 പന്തിൽ 23 റൺസെടുത്തു. ബാറ്റിംഗ് പുരോഗമിക്കുമ്പോൾ, ഭുവനേശ്വർ കുമാർ ജഡേജയുടെ വിക്കറ്റ് നേടി. പിന്നാലെ എത്തിയ ഡ്വെയ്ൻ ബ്രാവോ (8), ക്രിസ് ജോർദാൻ (6) എന്നിവർ സ്‌കോർ 150 കടത്തി.

Related Articles

Back to top button