International

ഐഎസ് ഭീകരൻ അലി ഹർബി അലിക്ക് മരണം വരെ തടവ് ശിക്ഷ

“Manju”

ലണ്ടൻ : ഐഎസ് ഭീകരൻ അലി ഹർബി അലിക്ക് മരണം വരെ തടവ് ശിക്ഷ വിധിച്ച് ലണ്ടൻ കോടതി. യുകെ എംപി ഡേവിഡ് അമെസ്സിനെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ കേസിലാണ് നടപടി. ജയിലിൽ നിന്നും ഒരിക്കലും പുറത്ത് വിടരുതെന്നും മരണം വരെ ഇയാൾ ജയിലിൽ തുടരണമെന്നും കോടതി വിധിച്ചു.

ഇത് രാജ്യത്തിന്റെ ജനാധിപത്യത്തിന്റെ ഹൃദയത്തിൽ തട്ടിയ കൊലപാതകമാണ് എന്നാണ് ജസ്റ്റിസ് സ്വീനെ ശിക്ഷ വിധിച്ചുകൊണ്ട് പറഞ്ഞത്. ഡേവിഡ് വലിയ മനുഷ്യനായിരുന്നെന്നും അദ്ദേഹത്തിന് നേരെയുള്ള ആക്രമണത്തെ ന്യായീകരിക്കാൻ അലിക്ക് സാധിക്കില്ലെന്നും കോടതി നിരീക്ഷിച്ചു. ഇസ്ലാമിക് സ്‌റ്റേറ്റിന് വേണ്ടിയാണ് അലി രാഷ്‌ട്രീയ നേതാക്കളെ ലക്ഷ്യം വെച്ചത് എന്നും കോടതി വ്യക്തമാക്കി.

എന്നാൽ ഈ കൊലപാതകം നടത്തിയതിൽ തനിക്ക് ഒരു കുറ്റബോധവുമില്ലെന്നാണ് അലി പറഞ്ഞത്. കൊലപാതകത്തിൽ നാണക്കേടോ തെറ്റ് ചെയ്‌തെന്ന തോന്നലോ ഇല്ല. സിറിയയിൽ വ്യോമാക്രമണം നടത്താൻ വോട്ട് ചെയ്തതിനാലാണ് എംപിയെ കൊന്നത് എന്നും അലി പറഞ്ഞു.

2021 ഒക്ടോബർ 15 നാണ് സംഭവം നടന്നത്. ലീ ഓൺ സീയിലെ ബെൽഫെയർസ് മെത്തഡിസ്റ്റ് പള്ളിയിൽ വെച്ച് വോട്ടർമാരുമായി സംസാരിക്കുന്നതിനിടെയാണ് ഭീകരൻ ആക്രമണം നടത്തിയത്. ചർച്ചയ്‌ക്കിടെ അലി ഡേവിഡിനെ കുത്തിവീഴ്‌ത്തുകയായിരുന്നു. 20 ഓളം തവണയാണ് ഇയാൾ ബ്രിട്ടീഷ് നേതാവിനെ കുത്തിയത്. തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related Articles

Back to top button