EntertainmentLatest

‘കെജിഎഫ് 2’ കണ്ടതും കേട്ടതും

“Manju”

സിനിമാ പ്രേമികളെയാകെ ആനന്ദത്തിലാറാടിച്ചുകൊണ്ട് കെ.ജി.എഫ്. മുന്നേറുകയാണ്. പഞ്ച് ഡയലോഗുകൾ കൊണ്ടും മാസ് ആക്‌ഷൻ രംഗങ്ങൾകൊണ്ടും പശ്ചാത്തല സംഗീതം കൊണ്ടുമൊക്കെ പ്രേക്ഷകരെ കോരിത്തരിപ്പിച്ച ഒരു ചിത്രത്തിന് രണ്ടാം ഭാഗം ഒരുക്കുക എന്ന ദുഷ്കരമായ ദൗത്യത്തിന് അതിമനോഹരമായ പൂർത്തീകരണം- അതാണ് ‘കെജിഎഫ് 2’. പ്രേക്ഷകരെ ഹൈജാക്ക് ചെയ്യുന്ന ഒരു പവർ പായ്ക്ക്ഡ് ചിത്രമാണ് ‘കെജിഎഫ് 2’. ഇന്ത്യൻ സിനിമയിലെ കൾട്ട് ക്‌ളാസിക് സിനിമകളുടെ കൂട്ടത്തിലേക്കാണ് രണ്ടാംഭാഗത്തോടെ ‘കെജിഎഫ്’ ഇരിപ്പിടം ഉറപ്പിക്കുന്നത്.

സിനിമയുടെ പ്രമേയം: ആദ്യഭാഗത്തിന്റെ അവസാനം പറയുംപോലെ യഥാർഥ കഥ രണ്ടാം ഭാഗത്തിലാണ് ആരംഭിക്കുന്നത്. ഗരുഡയുടെ മരണത്തിനുശേഷം കെജിഎഫിന്റെ തലപ്പത്തേക്കുള്ള റോക്കിയുടെ ഉദയം മുതലാണ് കഥ പുനരാരംഭിക്കുന്നത്. അതോടെ ശത്രുക്കളും തലപൊക്കുന്നു. കെജിഎഫ് സ്ഥാപകനായ സൂര്യവർദ്ധന്റെ അനുജൻ അധീര, റോക്കിക്ക് ശക്തനായ എതിരാളിയായി തന്റെ കുടുംബസാമ്രാജ്യം തിരികെപ്പിടിക്കാൻ എത്തുന്നു. സമാന്തരമായി രാജ്യത്ത് സംഭവിച്ച അധികാരക്കൈമാറ്റത്തിലൂടെ ശക്തയായ പ്രധാനമന്ത്രിയും റോക്കിയുടെ സാമ്രാജ്യത്തിന് ഭീഷണിയുയർത്തുന്നു. ഇതിനെ റോക്കി എങ്ങനെ നേരിടും എന്നതാണ് കെജിഎഫ് 2 പറഞ്ഞുവയ്ക്കുന്നത്.
ശക്തരായ ഒന്നിലധികം എതിർകഥാപാത്രങ്ങൾ വരുന്നതാണ് കെജിഎഫ് 2 വിനെ തീക്ഷ്ണമാക്കുന്നത്. ആദ്യഭാഗത്തിൽ നായകനും വില്ലനും നേർക്കുനേർ ഏറ്റുമുട്ടുന്ന രംഗങ്ങളില്ല. അതുവരെ അദൃശ്യനായ നായകനാൽ വില്ലൻ സംഹരിക്കപ്പെടുകയാണ്. എന്നാൽ ‘കെജിഎഫ് 2’–ൽ നായകന് ശക്തമായ വെല്ലുവിളി ഉയർത്തുന്ന എതിർകഥാപാത്രങ്ങളുണ്ട്.
അടിമുടി യഷ് ഷോയാണ് ചിത്രം. ആദ്യഭാഗത്തേക്കാൾ കൂടുതൽ പെർഫോം ചെയ്യാനുള്ള സ്‌പേസ് ‘കെജിഎഫ് 2’–വിൽ യഷിന് ലഭിച്ചിട്ടുണ്ട്. പ്രത്യേകിച്ച് വൈകാരിക രംഗങ്ങൾ, ചടുലമായ ആക്‌ഷൻ, പഞ്ച് ഡയലോഗുകൾ എല്ലാം വീണ്ടുമുണ്ട്. സഞ്ജയ് ദത്തിന്റെ അധീരയും മോശമാക്കിയിട്ടില്ല. എന്നാൽ അതുക്കുംമേലെ നിൽക്കുന്നത് രവീണ ടണ്ഠന്റെ പ്രധാനമന്ത്രി കഥാപാത്രമാണ്. ആദ്യഭാഗംപോലെതന്നെ നായികയ്ക്ക് അധികം സ്‌പേസ് രണ്ടാംഭാഗത്തിലുമില്ല.
സാങ്കേതികത്തികവ് : ഒരു സാധാരണ തിരക്കഥയെ മികച്ച അവതരണത്തിലൂടെ മാസ്സാക്കിയ മാജിക്കാണ് ‘കെജിഎഫ്’ ആദ്യഭാഗത്തിൽ കണ്ടത്. എന്നാൽ രണ്ടാംഭാഗത്തിൽ കൂടുതൽ ആഴമുള്ള തിരക്കഥയെ ആദ്യഭാഗത്തിനേക്കാൾ ശക്തമായ അവതരണത്തിലൂടെ ഗംഭീരമാക്കിയിട്ടുണ്ട്.
പ്രേക്ഷകർ ഏറെ ഇഷ്ടപ്പെട്ട, നോൺ ലീനിയർ കഥാഖ്യാനം കൊണ്ടുള്ള ആ മാജിക്ക് രണ്ടാംഭാഗത്തും പൂർവാധികം ശക്തിയോടെ തുടരുന്നു. പലസമയത്തുള്ള കഥാസന്ദർഭങ്ങളെ ഒരേസമയം കൂട്ടിമുട്ടിച്ച്, പഞ്ച് ഡയലോഗുകളുടെയും പശ്ചാത്തലസംഗീതത്തിന്റെയും അകമ്പടിയോടെ സൃഷ്ടിക്കുന്ന വൈകാരികതലമാണ് ഇവിടെയും മാസ്റ്റർപീസ്. ഇന്ത്യൻ സിനിമയിൽ സമാനതകൾ അധികമില്ലാത്ത എഡിറ്റിങ്, മികച്ച ഛായാഗ്രഹണം, ചടുലമായ പശ്ചാത്തലസംഗീതം. ഇതുമൂന്നുമാണ് ചിത്രത്തിന്റെ മാസ് ലെവൽ ഉയർത്തുന്നത്.
ആത്ര പോരാത്തത് :
രണ്ടേമുക്കാൽ മണിക്കൂറോളം ദൈർഘ്യമുണ്ട് സിനിമയ്ക്ക്. ആദ്യപകുതിയിൽ റോക്കിയുടെ കഥാപാത്രം എസ്റ്റാബ്ലിഷ്‌ ചെയ്യുന്നത് കാണിക്കുന്നത് അൽപം ആവർത്തനവിരസമാകുന്നുണ്ട്. ആദ്യപകുതിയിൽ ശക്തമായി കഥ അവതരിപ്പിക്കുന്ന അനന്ത് നാഗിനെ പ്രേക്ഷകർ മിസ് ചെയ്യും. ഒരുപരിധിവരെ ആ വിടവിനെ പ്രകാശ് രാജിന്റെ പ്രകടനം മറികടക്കുന്നുണ്ട്. ആ കഥാപാത്രം നിലനിർത്തിയിരുന്നെങ്കിൽ കുറച്ചുകൂടി മികച്ചതായേനെ.
ഒറ്റവാക്കില്‍ പരഞ്ഞാല്‍ : ഒരു പാവപ്പെട്ട അമ്മയുടെ ആഗ്രഹം നിറവേറ്റാൻ ഒരു സാമ്രാജ്യം തന്നെ വെട്ടിപ്പിടിക്കുന്ന മകൻ- കെജിഎഫിന് ഒരു വൺലൈനർ ഇങ്ങനെ പറയാം. ആദ്യ ഭാഗത്തിന് അവിസ്മരണീയമായ അവസാനമാണ് രണ്ടാംഭാഗത്തിൽ നൽകുന്നത്. ഹോളിവുഡ് ഡാനിയേൽ ക്രെയ്ഗിന്റെ ജെയിംസ് ബോണ്ട് കഥാപാത്രത്തിന് നൽകിയപോലെ രാജകീയമായ ഒരു യാത്രയയപ്പ്. അടുത്ത ഭാഗത്തേയ്ക്കുള്ള തീപ്പൊരി വിതറിയാണ് അവസാനം…അതുകൊണ്ട് എൻഡ് ക്രെഡിറ്റ്സ് തീർന്നതിനു ശേഷമാകണം സിനിമ കണ്ടിറങ്ങാൻ. ലോക സിനിമയുടെ, ഹോളിവുഡ് ആക്ഷന്‍ സിനിമയുടെ ഒരു പ്രതീതി ഈ സിനിമ അവശേഷിപ്പിക്കുന്നു.

Related Articles

Back to top button