IndiaLatest

പെര്‍ഫ്യൂം ശാലയിലെ കോടികള്‍ എണ്ണിത്തീര്‍ക്കാനാവാതെ ഉദ്യോഗസ്ഥര്‍

“Manju”

ലക്‌നൗ: സമാജ്‌വാദി പാര്‍ട്ടിയുടെ സുഗന്ധദ്രവ്യ നിര്‍മാണശാലയില്‍ നടന്ന റെയ്ഡാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്.
പിടിച്ചെടുത്ത 150 കോടി രൂപ എണ്ണിത്തിട്ടപ്പെടുത്താന്‍ ജിഎസ്ടി ഇന്റലിജന്‍സും ആദായ നികുതി വകുപ്പും വിയര്‍പ്പൊഴുക്കിയത് 36 മണിക്കൂറാണ്. വ്യാഴാഴ്ച തുടങ്ങിയ നോട്ടെണ്ണല്‍ വെള്ളിയാഴ്ച വൈകിട്ടാണ് അവസാനിച്ചത്. ഇതിനായി അഞ്ച് നോട്ടെണ്ണല്‍ മെഷീനിന്റെ സഹായവും സംഘത്തിന് ആവശ്യമായി വന്നു. വീട്ടിലും ഓഫീസിലുമായി കടലാസില്‍ പൊതിഞ്ഞ നിലയിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്.
കോടികള്‍ പിടിച്ചെടുത്ത സംഭവം വൈറലായതോടെ ഫാക്ടറി പുറത്തിറക്കുന്ന ‘സമാജ്‌വാദി അത്തര്‍’ ആണ് സോഷ്യല്‍ മീഡിയയിലെ താരം. എന്നാല്‍ തിരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടിയെ ഇകഴ്‌ത്തി കാണിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ നേതാക്കളെ വേട്ടയാടുകയാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് പാര്‍ട്ടി. ജിഎസ്ടിയുടെ അഹമ്മദാബാദ് ഇന്റലിജന്‍സ് യൂണിറ്റാണ് പരിശോധനയ്‌ക്ക് നേതൃത്വം നല്‍കിയിരുന്നത്.
കാണ്‍പൂരിലെ ത്രിമൂര്‍ത്തി ഫ്രാഗ്രന്‍സ് പ്രൈവറ്റ് ലിമിറ്റഡും സ്ഥാപനത്തിന്റെ ഓഫീസും കൂടാതെ ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയായ ഗണപതി റോഡ് കാരിയേഴ്‌സിന്റെ ഗോഡൗണും പരിശോധനയ്‌ക്ക് വിധേയമാക്കിയിരുന്നു. ത്രിമൂര്‍ത്തി പ്രൈവറ്റ് ലിമിറ്റഡാണ് ശിക്കാര്‍ ബ്രാന്‍ഡ് പാന്‍മസാലയുടെയും പുകയില ഉല്‍പ്പന്നങ്ങളുടെയും നിര്‍മാതാക്കള്‍. ഇവയുടെ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ആവശ്യങ്ങള്‍ക്കായാണ് ഗണപതി റോഡ് കാരിയേഴ്‌സ് പ്രവര്‍ത്തിച്ചിരുന്നത്. ട്രാന്‍സ്‌പോര്‍ട്ടേഷന് ഇടയിലും വന്‍തുക കമ്പനി വെട്ടിച്ചിരുന്നു എന്നാണ് വിവരം. ഇ-വേ ബില്ലുകള്‍ ഇല്ലാതെയാണ് ചരക്കുകള്‍ വിവിധയിടങ്ങളിലേക്ക് കമ്പനി എത്തിച്ചിരുന്നത്.
ഇല്ലാത്ത കമ്പനികളുടെ പേരില്‍ വിവിധ ഇന്‍വോയിസുകള്‍ തയ്യാറാക്കി ഓരോ ഫുള്‍ ലോഡിനും 50,000 രൂപ വരെ ഇവര്‍ കൈവശപ്പെടുത്തിയിരുന്നു. ഇ-വേ ബില്ലുകള്‍ ഒഴിവാക്കുന്നതിലൂടെയാണിത്. റെയ്ഡിനിടെ ഫാക്ടറിയുടെ പുറത്ത് നിന്നും ഇത്തരം ട്രാന്‍സ്‌പോര്‍ട്ടേഷനായി ഉപയോഗിച്ചിരുന്ന നാല് ട്രക്കുകളും സംഘം പിടിച്ചെടുത്തിട്ടുണ്ട്. ഗണപതി റോഡ് കാരിയേഴ്‌സില്‍ നിന്നും 200 വ്യാജ ഇന്‍വോയിസുകളും പരിശോധനയില്‍ കണ്ടെത്തി. ജിഎസ്ടി അടയ്‌ക്കാത്ത ബില്ലുകളും ഇതില്‍ ഉള്‍പ്പെടുന്നു. ഏകദേശം 1.01 കോടി രൂപയും ഇവിടെ നിന്നു പിടിച്ചെടുത്തിട്ടുണ്ട്.
വിവിധ സ്ഥാപനങ്ങളിലും ഓഫീസുകളിലും നിന്നായി കണ്ടെടുത്ത കോടികള്‍ വലിയ കണ്ടെയ്‌നറുകളിലായാണ് അന്വേഷണ സംഘം കൊണ്ടുപോയത്. പീയൂഷ് ജെയിനിന്റെ ആനന്ദ്പുരിയിലെ വീട്ടില്‍ നിന്നും ലഭിച്ച പണം 21 പെട്ടികളിലാക്കി നിറച്ചാണ് ഉദ്യോഗസ്ഥര്‍ വാഹനങ്ങളില്‍ കയറ്റിയത്.
ചിപ്പാട്ടി സ്വദേശിയായ പീയുഷ് ജെയിന്‍ സുഗന്ധദ്രവ്യ നിര്‍മ്മാണത്തിലൂടെയാണ് ഉപജീവനം ആരംഭിച്ചത്. ഇന്ന് നാല്‍പതോളം കമ്പനികള്‍ക്ക് ഉടമയാണ്. ഈ വര്‍ഷമാണ് സമാജ് വാദി പാര്‍ട്ടിയുടെ പെര്‍ഫ്യൂം നിര്‍മ്മാണം ജെയിന്‍ ആരംഭിക്കുന്നത്.

Related Articles

Back to top button