KeralaLatest

കുട്ടികളില്‍ തക്കാളിപ്പനി വ്യാപിക്കുന്നു; ജാഗ്രത വേണം

“Manju”

കൊല്ലം: കൊവിഡ് വ്യാപനം രൂക്ഷമായി നിലനില്‍ക്കെ ആശങ്കയുയര്‍ത്തി തക്കാളിപ്പനി. അഞ്ചുവയസില്‍ താഴെയുള്ള കുട്ടികളെയാണ് പനി ബാധിക്കുന്നത്. കൊല്ലം ജില്ലയില്‍ തക്കാളിപ്പനി റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇതുവരെ 82 കേസുകളാണ് ജില്ലയില്‍ സ്ഥിരീകരിച്ചത്.

സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്ത കണക്കുകളാണ് ഇത്. സ്വകാര്യ ആശുപത്രികളുടെയും മറ്റും കണക്കെടുത്താല്‍ കേസുകളുടെ എണ്ണം ഇനിയും വര്‍ദ്ധിക്കും. രോഗം കണ്ടെത്തിയ നെടുവത്തൂര്‍, അഞ്ചല്‍, ആര്യങ്കാവ് പ്രദേശങ്ങളില്‍ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു.

കുട്ടികളില്‍ രോഗവ്യാപനത്തോത് കൂടുന്നതായും അധികൃതര്‍ അറിയിച്ചു. ഇതിനെത്തുടര്‍ന്ന് വീടുകളും അങ്കണവാടികളും കേന്ദ്രീകരിച്ച്‌ ബോധവത്കരണ ക്ളാസുകളും ആരോഗ്യവകുപ്പ് നടത്തി. കുട്ടികളില്‍ രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ പല പ്രദേശങ്ങളിലെയും അങ്കണവാടികള്‍ അടച്ചിട്ടു.

തക്കാളിപ്പനി ലക്ഷണങ്ങള്‍                                                                                                         കടുത്ത പനി, ക്ഷീണം, അസഹ്യമായ വേദന, കൈവെള്ള, കാല്‍വെള്ള, വായുടെ അകം, പൃഷ്ഠഭാഗം, കൈകാല്‍മുട്ടുകള്‍ എന്നിവിടങ്ങളില്‍ വരുന്ന നിറം മങ്ങിയ പാടുകള്‍ ചിക്കന്‍ പോക്‌സ് പോലെയുള്ള പൊള്ളല്‍ രൂപത്തില്‍ മാറുക എന്നിവയാണ് ലക്ഷണങ്ങള്‍. കൈവെള്ളയിലും കാല്‍വെള്ളയിലും ചുവന്ന കുരുക്കളും തടിപ്പുകളും രൂപപ്പെടുന്നു. വായുടെ അകത്ത് വരുന്ന പൊള്ളലുകള്‍ ഭക്ഷണം കഴിക്കുന്നതിനും മറ്റും കുട്ടികളില്‍ ബുദ്ധിമുട്ടുണ്ടാക്കുന്നു.

വേണം ജാഗ്രത
വൈറസ് ബാധമൂലം ഉണ്ടാകുന്ന രോഗമാണ് തക്കാളിപ്പനി. ഇത് അപകടകാരിയല്ലെങ്കിലും ജാഗ്രത പാലിക്കേണ്ടത് അനിവാര്യമാണ്. തിളപ്പിച്ചാറിയ വെള്ളം ധാരാളം കുടിക്കണം. ഇത് കുളിക്കാനും ഉപയോഗിക്കാം. കുരുക്കള്‍ ചൊറിഞ്ഞു പൊട്ടാതിരിക്കാന്‍ ശ്രദ്ധിക്കണം. രോഗി ഉപയോഗിക്കുന്ന വസ്തുക്കള്‍ മറ്റുള്ളവര്‍ സ്പര്‍ശിക്കരുത്. രോഗബാധിതരെ ശുശ്രൂഷിക്കുന്നവര്‍ ശുചിത്വവും അകലവും പാലിക്കണം.

Related Articles

Back to top button