KeralaLatest

ഓഹരിത്തര്‍ക്കം: യുവാവ് ജ്യേഷ്ഠനെ അടിച്ചുകൊന്നു

“Manju”

അമ്പലപ്പുഴ: കുടുംബസ്വത്തിന്റെ ഓഹരി കൊടുക്കാത്തതിന് യുവാവ് ഉറങ്ങിക്കിടന്ന ജ്യേഷ്ഠനെ കമ്പിവടിക്ക് അടിച്ചുകൊന്നു. അമ്പലപ്പുഴ തെക്ക് ഒന്നാം വാര്‍ഡില്‍ കാക്കാഴം വ്യാസ ജംഗ്ഷന്‍ പുതുവല്‍ തോട്ടുങ്കലില്‍ പരേതനായ കൊച്ചു കേശവന്റെ മകന്‍ ദുഃഖാര്‍ത്ഥന്‍ എന്നു വിളിക്കുന്ന സന്തോഷാണ് (45) കൊല്ലപ്പെട്ടത്. സഹോദരന്‍ സിബിയെ (42) അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ ഉച്ചയ്ക്ക് 2.30ഓടെ തീരത്തെ ആളൊഴിഞ്ഞ വീട്ടില്‍ ഉറങ്ങുകയായിരുന്ന സുരേഷിന്റെ തലയ്ക്ക് സിബി കമ്പിവടി കൊണ്ട് അടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. രക്തം വാര്‍ന്നൊഴുകി അബോധാവസ്ഥയിലായ സന്തോഷിനെ നാട്ടുകാര്‍ ഉടന്‍ തന്നെ 108 ആംബുലന്‍സില്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷി​ക്കാനായില്ല. മത്സ്യത്തൊഴിലാളികളായ ഇരുവരും മദ്യപിച്ച്‌ വഴക്കുണ്ടാക്കുന്നത് പതി​വായി​രുന്നു. ഇവര്‍ക്കെതിരെ നിരവധി തവണ നാട്ടുകാര്‍ പരാതി നല്‍കിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

മൂന്നു സെന്റ് സ്ഥലത്ത് അമ്മ രതിയും സന്തോഷും സി​ബി​യുമായാണ് താമസി​ച്ചു വന്നി​രുന്നത്. ഇരുവരുടെയും ഭാര്യമാര്‍ വര്‍ഷങ്ങള്‍ക്കു മുമ്പേ പിണങ്ങിപ്പോയി. ഏക സഹോദരി സുധ ഭര്‍ത്താവ് പ്രേമചന്ദ്രനുമൊത്ത് പുന്നപ്രയിലാണ് താമസം. തന്റെ ഓഹരിയായി ഒരു ലക്ഷം രൂപ വേണമെന്ന് സന്തോഷി​നോട് സി​ബി​ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പേരില്‍ ഇരുവരും തമ്മി​ല്‍ നിരന്തരം വഴക്കുണ്ടായി​രുന്നുവെന്ന് അമ്മ രതി പറഞ്ഞു. സംഭവത്തി​നു ശേഷം ഓടി രക്ഷപ്പെട്ട സിബിയെ അമ്പലപ്പുഴ ഗാബീസ് പമ്പിന് പടിഞ്ഞാറു ഭാഗത്തു നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍.

 

Related Articles

Back to top button