InternationalLatest

ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രജപക്സെ രാജിവച്ചു

“Manju”

ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ രാജിവച്ചു. സാമ്പത്തിക പ്രതിസന്ധിയില്‍ മഹിന്ദയുടെ രാജിക്ക് ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് രാജി. പ്രാദേശിക മാധ്യമങ്ങളാണ് രാജി വിവരം റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനായി മഹിന്ദയെ പുറത്താക്കി ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കണമെന്ന് പ്രസിഡന്റ് ഗൊട്ടബയ രജപക്സെയ്ക്കുമേല്‍ സമ്മര്‍ദം ശക്തമായിരുന്നു. എന്നാല്‍, അവസാനനിമിഷം വരെ രാജിക്ക് ഒരുക്കമല്ലായിരുന്നു മഹിന്ദ.

എന്നാല്‍, സ്വന്തം പാര്‍ട്ടിയായ ശ്രീലങ്ക പൊതുജന പേരമുന(എസ്.എല്‍.പി.പി)യിലും മഹിന്ദ മാറിനില്‍ക്കണമെന്ന് ആവശ്യം ശക്തമായതോടെയാണ് മാസങ്ങള്‍ നീണ്ട പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ രാജിവെയ്ക്കാന്‍ അദ്ദേഹം തയാറായത്. അതിനിടെ, ഇന്ന് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളുടെ വേദി പ്രധാനമന്ത്രി മഹിന്ദ രജപക്സെയുടെ അനുയായികള്‍ തകര്‍ത്തത് വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു. അക്രമികള്‍ സമരക്കാരെ ക്രൂരമായി ആക്രമിക്കുകയും മര്‍ദിക്കുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് കൊളംബോ അടങ്ങുന്ന ശ്രീലങ്കയുടെ പടിഞ്ഞാറന്‍ പ്രവിശ്യയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചതിനു പിന്നാലെ മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് താരങ്ങള്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചു രംഗത്തെത്തിയിരിക്കുകയാണ്.

ഇന്നു രാവിലെയാണ് ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രജപക്സെയുടെ ഔദ്യോഗിക വസതിയായ ടെംപിള്‍ ട്രീസിനു പുറത്ത് നൂറുകണക്കിന് സര്‍ക്കാര്‍ അനുകൂലികള്‍ ചേര്‍ന്ന് റാലി നടത്തിയത്. മഹിന്ദയ്ക്ക് ഐക്യദാര്‍ഢ്യമറിയിച്ചായിരുന്നു പ്രകടനം. പിന്നാലെ, ടെംപിള്‍ ട്രീസിനും പ്രസിഡന്റ് ഗൊട്ടബയ രജപക്സെയുടെ വസതിക്കും തൊട്ടടുത്തുള്ള പ്രതിപക്ഷ പ്രക്ഷോഭങ്ങളുടെ വേദിയിലേക്ക് സംഘം ഇരച്ചുകയറുകയായിരുന്നു.

Related Articles

Back to top button