KeralaLatest

മത്സ്യത്തൊഴിലാളികളുടെ സംരക്ഷണത്തിന് കാലാവസ്ഥാധിഷ്ടിത ഇന്‍ഷുറന്‍സ്

“Manju”

കൊച്ചി: സമുദ്രജലനിരപ്പ് ഉയരുന്നതും കാലാവസ്ഥാവ്യതിയാനത്തെ തുടര്‍ന്നുള്ള മറ്റ് പ്രകൃതിദുരന്തങ്ങളും വര്‍ധിക്കുന്ന സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ കാലാവസ്ഥാധിഷ്ടിത ഇന്‍ഷുറന്‍സ് നടപ്പിലാക്കണമെന്ന് ആവശ്യം.

കേരളത്തിലുള്‍പ്പെടെ സമുദ്ര മത്സ്യബന്ധന മേഖലയില്‍ ഇന്‍ഷുറന്‍സ് കാര്യക്ഷമമല്ലെന്നും കാലാവസ്ഥ കാരണമായി വരുന്ന നഷ്ടങ്ങള്‍ നികത്താന്‍ പ്രത്യേക ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് ഈ വിഷയം ചര്‍ച്ച ചെയ്യുന്നതിനായി സംഘടിപ്പിച്ച സിംപോസിയത്തില്‍ വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.

കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം(സിഎംഎഫ്‌ആര്‍ഐ), ബേ ഓഫ് ബംഗാള്‍ പ്രോഗ്രാം ഇന്റര്‍ ഗവമെന്റല്‍ ഓര്‍ഗനൈസേഷന്‍, തമിഴ്‌നാട് ഫിഷറീസ് സര്‍വകലാശാല എന്നിവ സംയുക്തമായി ലോകബാങ്കിന്റെ സഹകരണത്തോടെ നടത്തിയ രാജ്യാന്തര സിംപോസിയത്തിലാണ് ഈ ആവശ്യമുയര്‍ന്നത്.

ചുഴലിക്കാറ്റ്, കടല്‍ക്ഷോഭം പോലുള്ള പ്രകൃതിദുരന്തങ്ങളാല്‍ നഷ്ടമനുഭവിക്കുന്നവരെ പ്രത്യേകം സംരക്ഷിക്കാന്‍ സൂചിക ഇന്‍ഷുറന്‍സ് പരിരക്ഷയാണ് വേണ്ടത്. കാലാവസ്ഥാ മോഡലിംഗ് വഴി ചുഴലിക്കാറ്റ് ബാധിത പ്രദേശങ്ങള്‍ മനസ്സിലാക്കി ആ പരിധിയില്‍ വരുന്ന എല്ലാവര്‍ക്കും നഷ്ടപരിഹാരം ഉറപ്പാക്കുന്നതാണ് സൂചിക ഇന്‍ഷുറന്‍സ്. നഷ്ടത്തിന്റെ തോത് പ്രത്യേകമായി പഠിക്കേണ്ട കാലതാമസവും ഇതുവഴി ഒഴിവാക്കാനാകുമെന്നതിനാല്‍ ഈ ഇന്‍ഷുറന്‍സ് പദ്ധതിയാണ് മത്സ്യമേഖലയില്‍ നടപ്പിലാക്കേണ്ടതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.

ആദ്യഘട്ടത്തില്‍ ഇന്‍ഷുറന്‍സ് പ്രീമിയം അടക്കുന്നതിന് സബ്‌സിഡി ഏര്‍പ്പെടുത്താനും നിര്‍ദേശമുണ്ട്. ഇന്‍ഷുറന്‍സ് സംവിധാനം നടപ്പിലാക്കുന്നതിന് സാങ്കേതികവിദ്യകളും മുന്നറിയിപ്പ് സംവിധാനങ്ങളും വികസിപ്പിക്കുകയും നിയമസഹായം ഉറപ്പാക്കേണ്ടതുമുണ്ട്. ലോകാടിസ്ഥാനത്തില്‍, 45 ലക്ഷത്തോളം വരുന്ന മത്സ്യബന്ധന യാനങ്ങളില്‍ നാലര ലക്ഷം യാനങ്ങള്‍ക്ക് മാത്രമാണ് ഇന്‍ഷുറന്‍സ് പരിരക്ഷയുള്ളതെന്നും വിദഗ്ധര്‍ പറഞ്ഞു.

Related Articles

Back to top button