IndiaLatest

ദില്ലിയില്‍ തീപിടിത്തം: മരണം 27 ആയി

“Manju”

ദില്ലിയില്‍ നാല്‌ നില കെട്ടിടം കത്തിയമര്‍ന്ന്‌ 27 പേര്‍ വെന്തുമരിച്ചു. 40 പേര്‍ക്ക്‌ പൊള്ളലേറ്റു. പടിഞ്ഞാറന്‍ ദില്ലിയിലെ മുണ്ട്‌ക മെട്രോ സ്‌റ്റേഷന്‌ സമീപമുള്ള കെട്ടിടമാണ്‌ കത്തിയത്‌. 70 പേരെ രക്ഷപ്പെടുത്തി. നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു. മരണസംഖ്യ ഉയര്‍ന്നേക്കാം. സിസിടിവി ക്യാമറയുമായി ബന്ധപ്പെട്ട ഓഫീസും ഗോഡൗണും പ്രവര്‍ത്തിച്ചിരുന്ന കെട്ടിടമാണെന്ന്‌ പൊലീസ്‌ അറിയിച്ചു.

വെള്ളി വൈകിട്ട്‌ 4.40ഓടെയാണ്‌ തീപിടിത്തമുണ്ടായതായി വിവരം ലഭിച്ചതെന്ന്‌ അഗ്നിശമന സേന പറഞ്ഞു. ഇരുപതോളം യൂണിറ്റ്‌ എത്തിയാണ്‌ തീയണയ്‌ക്കാനുള്ള ശ്രമം ആരംഭിച്ചത്‌. കാരണം അറിവായിട്ടില്ല. രാത്രി വൈകി തീ അണച്ചു. രക്ഷാപ്രവര്‍ത്തനത്തില്‍ വന്‍വീഴ്‌ചയുണ്ടായതായി ആരോപണമുണ്ട്‌.

കെട്ടിടത്തില്‍ പരിശോധന തുടരുകയാണ്‌. കെട്ടിട ഉടമയെ കസ്റ്റഡിയിലെടുത്തതായാണ്‌ വിവരം. മരിച്ചവരുടെ കുടുംബത്തിന്‌ രണ്ട്‌ ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക്‌ 50,000 രൂപയും നഷ്‌ടപരിഹാരം നല്‍കും. മുണ്ട്കാ മെട്രോ സ്റ്റേഷന് സമീപത്തുള്ള സിസിടിവി കാമറകളും റൗട്ടറും നിര്‍മ്മിക്കുന്ന എസ്‌ഐ ടെക്നോളജീസ് എന്ന സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്.

സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവരില്‍ ഭൂരിഭാഗവും പ്രദേശവാസികളായ സ്ത്രീകളാണ്. കെട്ടിടത്തിന്റെ ജനലുകള്‍ തകര്‍ത്താണ് അകത്ത് കുടുങ്ങിയവരെ രക്ഷപ്പെടുത്തിയത്. മൃതദേഹങ്ങളില്‍ പലതും ആളെ തിരിച്ചറിയാന്‍ കഴിയാത്ത രീതിയില്‍ പൂര്‍ണ്ണമായി കത്തിയ നിലയിലാണ്. ആളെ തിരിച്ചറിയന്‍ ശാസ്ത്രീയ പരിശോധന വേണ്ടി വരും.

കെട്ടിടത്തില്‍ ഇരുന്നോറോളം ആളുകളുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടൂതല്‍ മൃതദേഹങ്ങള്‍ കെട്ടിടത്തിനുള്ളിലുണ്ടെന്ന നിഗമനത്തില്‍ പരിശോധന തുടരുകയാണ്. സംഭവത്തില്‍ കെട്ടിട ഉടമകള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട് . സ്ഥാപന ഉടമയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. മരിച്ചവരെ തിരിച്ചറിയാന്‍ ഫോറന്‍സിക് പരിശോധനയും ഇന്നു നടക്കും.

 

Related Articles

Back to top button