India

10 രൂപയ്‌ക്ക് എയർകണ്ടീഷൻ മുറിയിൽ നാട്ടുകാരെ ഊട്ടി കിരൺവർമ്മ

“Manju”

ന്യൂഡൽഹി: വെറും 10 രൂപയ്‌ക്ക് വയറ് നിറയെ ഭക്ഷണം കൂടെ മിനറൽ വാട്ടറും, അതും എയർകണ്ടീഷൻ മുറിയിൽ. ന്യൂഡൽഹിയിലെ എൻജിഒ നടപ്പാക്കുന്ന ഉച്ചഭക്ഷണ പദ്ധതി ഇന്ന് രാജ്യം മുഴുവൻ ശ്രദ്ധയാകർഷിക്കുകയാണ്. ‘ഒൺ മീൽ’ എന്ന് പേരിട്ടിരിക്കുന്ന റെസ്റ്റാറന്റ് മോജ്പൂർ-ബഭാർപൂർ മെട്രോ സ്‌റ്റേഷന് സമീപമാണ് പ്രവർത്തിക്കുന്നത്.

കിരൺവർമ എന്ന സന്നദ്ധപ്രവർത്തകൻ മുൻകൈയെടുത്താണ് പദ്ധതി യാഥാർഥ്യമാക്കിയത്. കൊറോണ കാരണം ദുരിതം അനുഭവിക്കുന്ന ജനങ്ങൾക്ക് ആശ്വാസമേകുകയാണ് പദ്ധതിയുടെ ലക്ഷ്യം. വില കുറച്ച് നൽകുമ്പാഴും ഭക്ഷണം പാഴാക്കാതിരിക്കാനും സംഘാടകർ ഉറപ്പുവരുത്തുന്നുണ്ട്. ലോക്ഡൗൺ കാരണം ജോലി നഷ്ടപ്പെട്ട തന്റെ സുഹൃത്ത് സാമ്പത്തിക സഹായം ചോദിച്ചതാണ് ഇങ്ങനെയൊരു ആശയത്തിന് പ്രേരകമായതെന്ന് കിരൺവർമ പറഞ്ഞു.

ഇതിലൂടെ ദുരിതമനുഭവിക്കുന്ന നിരവധി പേർക്ക് ആശ്വാസം നൽകാൻ കഴിഞ്ഞിട്ടുണ്ട്. ആദ്യം സൗജന്യമായാണ് ഭക്ഷണം നൽകിയത്. എന്നാൽ ചിലർ അത് കൊണ്ടുപോയി മറ്റുളളവർക്ക് വിലയ്‌ക്ക് കൊടുക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ഭക്ഷണം പാഴാക്കുകയും ചെയ്യുന്നത് കാണാനിടയായി. അതിനുശേഷമാണ് 10 രൂപയ്‌ക്ക് കൊടുക്കാൻ തീരുമാനിച്ചത്.

പദ്ധതിക്ക് വേണ്ടി പണം തികയാതായപ്പോൾ ബാങ്കിൽ നിന്ന് വായ്പയെടുക്കുകയും, ഭാര്യയുടെ ആഭരണങ്ങൾ പണയപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. എന്നാൽ ഭക്ഷണപദ്ധതി നിന്നുപോകാതെ നോക്കാൻ കഴിഞ്ഞു. ഭക്ഷണ ഔട്ട്‌ലെറ്റ് ദിവസവും രാവിലെ 11 മുതൽ 2 വരെ പ്രവർത്തിക്കും. വിഭവങ്ങൾ ദിവസവും മാറികൊണ്ടിരിക്കും.

ചപ്പാത്തി,ചോറ്,പയർ,പച്ചക്കറി എന്നിവയാണ് പ്രധാനമായും വിളമ്പുന്നത്. ശനിയും ഞായറും ഉച്ചഭക്ഷണത്തോടൊപ്പം മധുരവും വിളമ്പും. ധാരാളം ആളുകൾ ഈ ഔട്ട്‌ലെറ്റിൽ എത്തുന്നുണ്ട്. ദിവസവും 800 മുതൽ 1000 ആളുകൾ എത്തുന്നു. ആഴ്ചാവസാനം അത് 1,200 മുതൽ 1500 വരെയാകും.

Related Articles

Back to top button