KeralaLatest

മുഖ്യമന്ത്രിയാകാൻ മോഹിച്ചു. ജയിലിൽ ക്ലാർക്കായി – സിദ്ദുവിന് പഠനകാലം

“Manju”

പട്യാല: പഞ്ചാബ് മുഖ്യമന്ത്രിയാകാന്‍ മോഹിച്ച്‌ ഇറങ്ങി പുറപ്പെട്ടയാളാണ് മുന്‍ പഞ്ചാബ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ നവ്‌ജ്യോത് സിങ് സിദ്ദു.
ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിനെ പുകച്ച്‌ പുറത്ത് ചാടിച്ചെങ്കിലും, തിരഞ്ഞെടുപ്പില്‍ ദയനീയ പരാജയം ഏറ്റുവാങ്ങി. 1988 ലെ വാഹനാപകട കേസില്‍ കുടുങ്ങി ജയിലുമായി. പട്യാല സെന്‍ട്രല്‍ ജയിലിലാണ് അദ്ദേഹം ഇപ്പോള്‍ കഴിയുന്നത്. ഒരുവര്‍ഷത്തെ കഠിന തടവാണ് വിധിച്ചിരിക്കുന്നത്. ജയിലില്‍ ക്ലാര്‍ക്ക് ജോലിയാണ് സിദ്ദുവിന് കിട്ടിയിരിക്കുന്നത്. സുരക്ഷാ കാരണങ്ങളാല്‍, സെല്ലിനുള്ളില്‍ നിന്നുതന്നെയാവും ജോലി ചെയ്യുക.
ഏഴാം നമ്ബര്‍ ബാരക്കില്‍ 241383 നമ്ബര്‍ തടവുകാരനാണ് സിദ്ദു. ഫയലുകളെല്ലാം സെല്ലില്‍ എത്തും. അദ്ദേഹത്തിന് മൂന്ന് മാസത്തെ പരിശീലനം നല്‍കും. ദൈര്‍ഘ്യമേറിയ കോടതി വിധികളുടെ ചുരുക്ക രൂപം എങ്ങനെ തയാറാക്കാമെന്നും ജയില്‍ രേഖകള്‍ എങ്ങനെ ക്രോഡീകരിക്കാമെന്നും സിദ്ദുവിനെ പഠിപ്പിക്കും. ജയില്‍ മാനുവല്‍ പ്രകാരം സിദ്ദുവിന് ആദ്യത്തെ 90 ദിവസത്തേക്ക് ശമ്ബളമൊന്നും ലഭിക്കില്ല. പരിശീലനം പൂര്‍ത്തിയാക്കിയാല്‍ പ്രതിദിനം 40 രൂപ മുതല്‍ 90 രൂപ വരെ കൂലി ലഭിക്കും. തുക അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
ആദ്യമൂന്നുമാസം തടവുകാര്‍ക്ക് വേതനമില്ലാത്ത പരിശീലനകാലമാണ്. തടവുകാരെ വിദഗ്ദ്ധര്‍, അര്‍ദ്ധ വിദഗ്ദ്ധര്‍, അവിദഗ്ദ്ധര്‍ എന്നിങ്ങനെ തരംതിരിച്ച്‌ മുപ്പത് മുതല്‍ 90 രൂപ വരെ പ്രതിദിന വേതനം നല്‍കും. തടവുകാര്‍ക്ക് എട്ടുമണിക്കൂറോളം പണിയെടുക്കാം.
58 കാരനായ സിദ്ദു ചൊവ്വാഴ്ച മുതലാണ് ജോലിയില്‍ പ്രവേശിച്ചതെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു. രാവിലെയും വൈകിട്ടുമായി രണ്ട് ഷിഫ്റ്റുകളിലായാണ് ജോലി ചെയ്യേണ്ടത്. ജയിലില്‍ സിദ്ദുവിന്റെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അഞ്ച് വാര്‍ഡന്മാരേയും നാല് തടവുകാരെയും അദ്ദേഹത്തെ നിരീക്ഷിക്കാനായി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
ജയിലില്‍ പ്രത്യേക ഡയറ്റിനായി സിദ്ദു ആവശ്യപ്പെട്ടിടുണ്ടെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അറിയിച്ചു. അസുഖങ്ങള്‍ ഉള്ളതുകൊണ്ട് ഗോതമ്ബ്, പഞ്ചസാര, മൈദ തുടങ്ങിയ ചില ഭക്ഷണ സാധനങ്ങള്‍ അദ്ദേഹത്തിന് കഴിച്ചൂകൂടാ. കോടതി അംഗീകരിച്ച ഡോക്ടര്‍മാരുടെ പാനലിന്റെ നിര്‍ദദ്ദേശപ്രകാരമാണ് സിദ്ദുവിന്റെ ഡയറ്റ്.
1988ല്‍ പട്യാലയില്‍ ജിപ്‌സി പാര്‍ക്ക് ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ അടിപിടിക്കിടെ വയോധികന്‍ മരിച്ച സംഭവത്തില്‍ മെയ് 19നാണ് സിദ്ദുവിനെ സുപ്രീം കോടതി ഒരു വര്‍ഷത്തെ കഠിന തടവിന് ശിക്ഷിച്ചത്. മെയ് 20 ന് പട്യാലയിലെ വിചാരണ കോടതിയില്‍ അദ്ദേഹം കീഴടങ്ങി.

Related Articles

Back to top button