IndiaLatest

രാമേശ്വരം-ധനുഷ്കോടി റെയില്‍വേ പാത പുനഃസ്ഥാപിക്കുന്നു

“Manju”

ന്യൂഡല്‍ഹി : 1964ല്‍ തകര്‍ന്ന രാമേശ്വരം – ധനുഷ്കോടി പാത പുനഃസ്ഥാപിക്കാനൊരുങ്ങി റെയില്‍വേ. തമിഴ്നാട്ടിലെ രാമേശ്വരത്തേയും ധനുഷ്കോടിയേയും ബന്ധിക്കുന്ന പാതക്കായുള്ള മാസ്റ്റര്‍പ്ലാന്‍ ദക്ഷിണ റെയില്‍വേ തയ്യാറാക്കി. ദക്ഷിണ റെയില്‍വേ സോണല്‍ ഓഫീസില്‍ നിന്ന് കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിലേക്ക് പാത സംബന്ധിച്ച നിര്‍ദേശങ്ങളും കൈമാറി. രാമേശ്വരത്ത് എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് ധനുഷ്കോടിയിലേക്ക് വരാനുള്ള എളുപ്പ മാര്‍ഗമായി പാത മാറും. 1964ലെ സുനാമിയിലാണ് രാമേശ്വരംധനുഷ്കോടി റെയില്‍വേ ലൈന്‍ തകര്‍ന്നത്.

ആകെ 18 കി.മീറ്റര്‍ ദൂരമാണ് രാമേശ്വരംധനുഷ്കോടി പാതക്കുള്ളത്. ഇതില്‍ 13 കി.മീറ്റര്‍ ഭാഗം തറ നിരപ്പില്‍ നിന്നും ഉയരത്തില്‍ (എലവേറ്റഡ് ട്രാക്ക്) ആയിരിക്കും പണിയുകയെന്ന് മധുര ഡിവിഷന്‍ എന്‍ജിനീയര്‍ ഹൃദയേഷ് കുമാര്‍ പറഞ്ഞു. പുതിയ പാത നിര്‍മ്മിക്കാനുള്ള നിര്‍ദേശം കേന്ദ്ര സര്‍ക്കാറില്‍ നിന്ന് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

രാമേശ്വരം സ്റ്റേഷന്‍ പുനര്‍വികസിപ്പിച്ച്‌ പുതിയ ബ്രോഡ്ഗേജുമായും ഇലക്‌ട്രിക് ലൈനുമായും ബന്ധിപ്പിക്കാന്‍ റെയില്‍വേ പദ്ധതിയിടുന്നതായി മധുര ഡിവിഷന്‍ അസി. എക്സി. എന്‍ജിനീയര്‍ ആനന്ദ് പറഞ്ഞു. 18 കി.മീറ്റര്‍ നീളമുള്ള പാതയില്‍ മൂന്ന് സ്റ്റേഷനുകളും ഒരു ടെര്‍മിനല്‍ സ്റ്റേഷനും ഉണ്ടാവും. പാത യാഥാര്‍ത്ഥ്യമാകുന്നതോടെ വിനോദസഞ്ചാര മേഖലക്ക് പുത്തന്‍ ഉണര്‍വ് ലഭിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

ഭൂമിശാസ്ത്രപരമായി പാമ്പന്‍ ദ്വീപിന്റെ അറ്റത്താണ് ധനുഷ്കോടി. പ്രധാന ഭൂപ്രദേശത്ത് നിന്ന് പാല്‍ക്ക് കടലിടുക്കാണ് ധനുഷ്കോടിയെ വേര്‍തിരിക്കുന്നത്. 1964 ഡിസംബര്‍ വരെ തമിഴ്നാട്ടിലെ മണ്ഡപവുമായി നേരിട്ട് ബന്ധിപ്പിച്ചിരുന്ന ജനപ്രിയ സ്റ്റേഷനായിരുന്നു ധനുഷ്കോടി. അക്കാലത്ത് ശ്രീലങ്കയിലെ സിലോണിനെ ഇന്ത്യയിലെ മണ്ഡപവുമായി ബന്ധിപ്പിക്കാനുള്ള പ്രധാന കേന്ദ്രമായിരുന്നു ധനുഷ്കോടി സ്റ്റേഷന്‍.

ബോട്ട് മെയിന്‍ എന്ന പേരിലുള്ള ട്രെയിനായിരുന്നു അന്ന് ഓടികൊണ്ടിരുന്നത്. 1964 ഡിസംബര്‍ 22, 23 തീയതികളില്‍ ഉണ്ടായ സുനാമിയില്‍ ഈ പാത പൂര്‍ണമായും തകര്‍ന്നു. നൂറ്കണക്കിന് ട്രെയിന്‍ യാത്രക്കാരും ജീവനക്കാരുമാണ് അപകടത്തില്‍ മരിച്ചത്. പിന്നീട് ഈ പാത പുനര്‍നിര്‍മ്മിക്കാനുള്ള നടപടികളൊന്നും ഉണ്ടായില്ല. ദക്ഷിണ റെയില്‍വേയുടെ ചരിത്രത്തിന്റെ നാഴികക്കല്ലായിരുന്ന രാമേശ്വരംധനുഷ്കോടി പാത പുനഃസ്ഥാപിക്കാന്‍ 700 കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്.

 

Related Articles

Back to top button