മേലാറ്റൂര്‍: ഇരുളിനിടയിലും മനസ്സില്‍ തെളിഞ്ഞ വിജ്ഞാനവെളിച്ചം കമ്പ്യൂട്ടറിലേക്ക് പകര്‍ന്ന് നേടിയ മിന്നുംജയത്തിന്റെ നിര്‍വൃതിയിലാണ് ഫാത്തിമ അന്‍ഷി. ആത്മവിശ്വാസം കൈമുതലാക്കി കമ്പ്യൂട്ടറില്‍ പരീക്ഷയെഴുതിയ അന്‍ഷി (15) മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി. മേലാറ്റൂര്‍ ആര്.എം ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിനിയായ അന്‍ഷിക്ക് പരീക്ഷയെഴുതാന്‍ പ്രത്യേക ഉത്തരവിലൂടെ വിദ്യാഭ്യാസ വകുപ്പ് അനുമതി നല്‍കുകയായിരുന്നു. ഇതോടെ, സംസ്ഥാനത്ത് ആദ്യമായി കമ്പ്യൂട്ടറില്‍ പരീക്ഷയെഴുതിയ പെണ്‍കുട്ടിയുമായി. ജന്മനാ കാഴ്ചവൈകല്യമുള്ള അന്‍ഷി ഏഴാം ക്ലാസ് വരെ വള്ളിക്കാപ്പറ്റ അന്ധവിദ്യാലയത്തിലാണ് പഠിച്ചത്. ഹൈസ്കൂള്‍ മുതലാണ് മേലാറ്റൂരിലെ സ്കൂളിലെത്തിയത്.
കാഴ്ചപരിമിതിയുള്ളവരെ സഹായിക്കാന്‍ തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘ചക്ഷുമതി’ എന്ന സംഘടനയും മേധാവിയായ രാംകമലും, കഴിഞ്ഞതവണ കമ്ബ്യൂട്ടറില്‍ എസ്.എസ്.എല്‍.സി പരീക്ഷയെഴുതി സമ്പൂര്‍ണ എ പ്ലസ് നേടിയ എടപ്പറ്റ സ്വദേശി ടി.കെ. ഹാറൂനും നിര്‍ദേശങ്ങളുമായെത്തിയത് അന്‍ഷിക്ക് ഊര്‍ജം നല്കി. സ്കൂളിലെ അധ്യാപകരും പിന്തുണയുമായെത്തി. മാതൃക പരീക്ഷയും കമ്പ്യൂട്ടറിലെഴുതി മികച്ച വിജയം കൈവരിച്ചിരുന്നു.
ദുബൈയില്‍ നടന്ന ഇശല്‍ ലൈല പ്രോഗ്രാമില്‍ നടന് മമ്മൂട്ടിയില്‍നിന്ന് പുരസ്കാരം സ്വീകരിച്ചിട്ടുള്ള അന്‍ഷി സാമൂഹിക ക്ഷേമ വകുപ്പിന്റെ ജില്ലതല ഉജ്ജ്വലബാല്യം പുരസ്കാരവും കരസ്ഥമാക്കി. 14 ഭാഷകള്‍ കൈകാര്യം ചെയ്യും. ശാസ്ത്രീയ സംഗീതത്തില്‍ സംസ്ഥാന തലത്തില്‍ എ ഗ്രേഡ് നേടിയിട്ടുണ്ട്. ബംഗളൂരു ആസ്ഥാനമായ ഇന്റര്‍നാഷനല്‍ സംഘടനയുടെ കേരളത്തിന്റെ പ്രഥമ അംബാസഡറുമാണ് ഈ മിടുക്കി. സിവില്‍ സര്‍വ്വീസാണ് ലക്ഷ്യം. എടപ്പറ്റയിലെ ടി.കെ. അബ്ദുല്‍ ബാരിയുടെയും ഷംലയുടെയും ഏക മകളാണ്.