InternationalLatest

ചൊവ്വയില്‍ നിന്നും റോവര്‍ പടമയച്ചു : ഫണം വടര്‍ത്തിയാടുന്ന സര്‍പ്പം

“Manju”

രണ്ടു വര്‍ഷത്തെ ദൗത്യത്തിനായി ചൊവ്വയിലേക്ക് നാസ അയച്ച ക്യൂരിയോസിറ്റി റോവര്‍ പത്താം വര്‍ഷവും അതിന്റെ ദൗത്യം വിശ്രമമില്ലാതെ തുടരുകയാണ്. കഴിഞ്ഞ ദിവസം റോവര്‍ ഭൂമിയിലേക്കയച്ച ചിത്രം ശാസ്ത്രലോകത്തും സമൂഹ മാധ്യമങ്ങളിലും വലിയ ചര്‍ച്ചയായിരിക്കുകയാണ്. ക്യൂരിയോസിറ്റി റോവര്‍ ഭൂമിയിലേക്ക് അയച്ച ഹൈ റസല്യൂഷന്‍ ചിത്രങ്ങളില്‍ കാണാനാകുക ചെമ്ബന്‍ നിറമുള്ള ചൊവ്വയുടെ പശ്ചാത്തലത്തില്‍ ഫണം വിരിച്ചാടുന്ന പാമ്ബുകള്‍ എഴുന്നുനില്‍ക്കുന്നതു പോലെയുള്ള ഘടനകളാണ്.
ചൊവ്വയിലെ ഗേല്‍ ക്രേറ്ററിലുള്ള ഗ്രീന്‍ഹ്യു പെഡിമെന്റിനു സമീപത്തായാണു ക്യൂരിയോസിറ്റി റോവര്‍ ഈ ചിത്രമെടുത്തത്. ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ഇത് അന്യഗ്രഹജീവിസങ്കേതത്തിലേക്കുള്ള കവാടമാണെന്ന മട്ടിലുള്ള പതിവ് ഊഹാപോഹങ്ങളും ദുരൂഹതാ സിദ്ധാന്തങ്ങളും ഉയര്‍ന്നു. എന്നാല്‍ ശാസ്ത്രജ്ഞര്‍ ഈ വാദങ്ങളെ തള്ളി.
ഭൂമിക്കുവെളിയിലുള്ള ഗ്രഹങ്ങളിലെയും മറ്റു മേഖലകളിലെയും ബുദ്ധിയുള്ള അന്യഗ്രഹജീവികളെ (ഇന്റലിജന്റ് ഏലിയന്‍ ലൈഫ്) തിരയുന്ന സെര്‍ച്ച്‌ ഫോര്‍ എക്സ്ട്രാ ടെറസ്ട്രിയല്‍ ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് (സേറ്റി) ഈ ചിത്രം ഷെയര്‍ ചെയ്തു. കൂള്‍ റോക്ക് എന്ന ക്യാപ്ഷനോടുകൂടിയാണ് ഈ ഘടനകളുടെ ചിത്രം സേറ്റി പോസ്റ്റ് ചെയ്തത്. നാസയും തങ്ങളുടെ ട്വിറ്ററില്‍ ഈ ചിത്രം ട്വീറ്റ് ചെയ്തിട്ടുണ്ട്.
പഴയകാലത്ത് പാറകളുടെ ഭാഗമായിരുന്ന കട്ടിയേറിയ അവശേഷിപ്പുകളാണ് ഇവയെന്നാണു ശാസ്ത്രജ്ഞര്‍ പറയുന്നത്. ഇതിന്റെ ബാക്കി പാറഭാഗങ്ങള്‍ ചൊവ്വയുടെ അന്തരീക്ഷവുമായുണ്ടായ പ്രവര്‍ത്തനങ്ങള്‍ മൂലം നശിച്ചുപോയി. അതിനാലാണ് ഇവ ഉപരിതലത്തില്‍ നിന്ന് ഉയര്‍ന്നു നില്‍ക്കുന്ന തരത്തില്‍ സ്ഥിതി ചെയ്യുന്നത്.
ഇത്തരം ഘടനകള്‍ ഭൂമിയിലും കാണപ്പെടാറുണ്ട്. ഹൂഡൂസ് എന്നാണ് ഇത്തരം ഘടനകള്‍ അറിയപ്പെടുന്നത്. ഫെയറി ചിമ്മിനി, എര്‍ത്ത് പിരമിഡ്, ടെന്റ് റോക് തുടങ്ങിയ പേരുകളിലും ഇവ അറിയപ്പെടാറുണ്ട്. ഇവ യുഎസിലെ യൂട്ടായിലുള്ള ബ്രൈസ് കാന്യന്‍, കൊളറാഡോ പ്ലാച്യു ജപ്പാനിലെ തോകുഷിമ തുടങ്ങിയിടങ്ങളിലും കാണപ്പെടാറുണ്ട്.
ചൊവ്വയില്‍ ക്യൂരിയോസിറ്റി റോവറിന്റെ പത്താംവര്‍ഷമാണ് ഇപ്പോള്‍. 2012ലാണ് ‘ക്യൂരിയോസിറ്റി’ ചൊവ്വയിലിറങ്ങിയത്. ഗെയ്‌ല്‍ ഗര്‍ത്തത്തിലായിരുന്നു സുരക്ഷിത ലാന്‍ഡിങ്. രണ്ടുവര്‍ഷത്തെ ഗവേഷണ കാലയളവായിരുന്നു അന്ന് കല്‍പിച്ചിരുന്നത്. 56.7 കോടി കിലോമീറ്റര്‍ താണ്ടി ചൊവ്വയുടെ അന്തരീക്ഷത്തില്‍ മണിക്കൂറില്‍ 20,921 കിലോമീറ്റര്‍ എന്ന വേഗത്തിലാണു റോവര്‍ പ്രവേശിച്ചത്.അത്യന്തം സങ്കീര്‍ണമായ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ക്യൂരിയോസിറ്റിയെ സുരക്ഷിതമായി ഇറക്കിയത്. ജീവന്റെ ഘടകങ്ങളായ കാര്‍ബണ്‍, നൈട്രജന്‍, ഫോസ്‌ഫറസ്, സള്‍ഫര്‍, ഓക്‌സിജന്‍ എന്നീ മൂലകങ്ങളുടെ സാന്നിധ്യം കണ്ടെത്തുകയായിരുന്നു ‘മാഴ്‌സ് സയന്‍സ് ലബോറട്ടറി’ എന്ന് ഔദ്യോഗിക നാമമുള്ള ക്യൂരിയോസിറ്റിയുടെ പ്രഥമലക്ഷ്യം. ഏകദേശം 13,750 കോടി രൂപയാണ് ഇതിനു വേണ്ട വന്ന ചെലവ്.

Related Articles

Back to top button