InternationalLatest

പുസ്തകം തിരഞ്ഞെടുക്കാന്‍ റോബോട്ട്

“Manju”

ദുബായ് : അത്യാധുനിക റോബോട്ടിക് സാങ്കേതികവിദ്യയുള്ള ഗള്‍ഫിലെ ആദ്യ ലൈബ്രറിയായ ദുബായ് മുഹമ്മദ് ബിന്‍ റാഷിദ് ലൈബ്രറിയിലേക്ക് വ്യാഴാഴ്ച മുതല്‍ പൊതുജനങ്ങള്‍ക്ക് പ്രവേശിക്കാം. ഇവിടെയുള്ള 10 ലക്ഷം പുസ്തകങ്ങളില്‍നിന്ന് വായനക്കാരന് ഇഷ്ടമുള്ള ഒരെണ്ണം തിരഞ്ഞെടുക്കാന്‍ മിനിറ്റുകള്‍ മതിയാകും. വായനക്കാര്‍ക്ക് വേറിട്ട വായാനാനുഭവം സമ്മാനിക്കാന്‍ സാധ്യമായ എല്ലാ സാങ്കേതിക മികവുകളും ഇവിടെ ഒരു കുടക്കീഴിലുണ്ട്. നിര്‍മിതബുദ്ധിയിലൂന്നിയാണ് ഈ ഗ്രന്ഥശാല പ്രവര്‍ത്തിക്കുന്നത്. ഒരൊറ്റ ക്ലിക്കിലൂടെ ആവശ്യമായ പുസ്തകം വായനക്കാരന്റെ കൈകളിലെത്താന്‍ റോബോട്ട് സഹായിക്കും. ഇതിനായി ഗ്രന്ഥശാലയിലെ വിവരകേന്ദ്രത്തില്‍ അപേക്ഷിച്ച്‌ ഒരല്പസമയം കാത്തിരുന്നാല്‍ മതി.‌

റോബോട്ട് പുസ്തകം കണ്ടെത്തിക്കഴിഞ്ഞാല്‍ കൗണ്ടറിനു മുകളിലായി ആവശ്യപ്പെട്ട പുസ്തകത്തില്‍ തത്സമയം ലൈറ്റ് പ്രകാശിക്കും. അതിനുശേഷം വായനശാല ജീവനക്കാരന്‍ പുസ്തകം റോബോട്ടിക് വാഹനത്തില്‍ വെക്കുകയും ഒരു മോണോ റെയിലിലൂടെ സഞ്ചരിച്ച്‌ റോബോട്ട് പുസ്തകം വിവരകേന്ദ്രത്തില്‍ എത്തിക്കുകയും ചെയ്യും. ഇവിടെയുള്ള ഓട്ടോ ബുക്ക് സ്റ്റോറേജില്‍ സാങ്കേതികവിദ്യയുടെ ഒരു അദ്ഭുതലോകം തന്നെയാണ് കാത്തിരിക്കുന്നത്.

സവിശേഷതകള്‍ ഏറെയുള്ള ലൈബ്രറിയില്‍ ലോകത്തെ ഏറ്റവും പഴയതും അപൂര്‍വവുമായ പുസ്തകങ്ങളുടെ ശേഖരം, കൈയെഴുത്തുപ്രതികള്‍, അറബ് ലോകത്തും പുറത്തുമുള്ള അപൂര്‍വ അറബി ആനുകാലികങ്ങള്‍ തുടങ്ങി ഒട്ടേറെ പുസ്തകങ്ങള്‍ നിധിപോലെ സൂക്ഷിച്ചിട്ടുണ്ട്. 54,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള എം.ബി.ആര്‍.എല്ലില്‍ ഒന്‍പത് ഉപലൈബ്രറികളും വിവരകേന്ദ്രവും സ്ഥാപിച്ചിട്ടുണ്ട്. 100 കോടി ചെലവിട്ട് ഏഴു നിലകളിലായി നിര്‍മിച്ച വായനശാലയില്‍ നിശ്ചയദാര്‍ഢ്യമുള്ളവര്‍ക്കായി പ്രത്യേക സേവനങ്ങളും ഒരുക്കിയിട്ടുണ്ട്. ദുബായ് ജദഫ് പ്രദേശത്ത് ക്രീക്കിനു സമീപത്തായി ഒരുക്കിയിട്ടുള്ള വായനശാലയുടെ ഔദ്യാഗിക ഉദ്ഘാടനം യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം തിങ്കളാഴ്ചയാണ് നിര്‍വഹിച്ചത്.

Related Articles

Back to top button