LatestThiruvananthapuram

രാഷ്ട്രപതി തെരഞ്ഞെടുപ്പിനു കേരളത്തിലും ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

“Manju”

തിരുവനന്തപുരം : രാഷ്ട്രപതി തെരഞ്ഞെടുപ്പിനു സംസ്ഥാനത്തും ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. നിയമസഭാ സമുച്ചയത്തിന്റെ മൂന്നാം നിലയിലുള്ള 740-ാം നമ്പര്‍ മുറിയാണു (പാര്‍ലമെന്ററി സ്റ്റഡി ഹാള്‍) കേരളത്തില്‍നിന്നുള്ള നിയമസഭാംഗങ്ങളുടെ പോളിങ് സ്ഥലം. ജൂലൈ 18നാണു വോട്ടെടുപ്പ്.

ജൂണ്‍ 29 വരെ നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിക്കാം. രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള വരണാധികാരിയും രാജ്യസഭാ സെക്രട്ടറി ജനറലുമായ പി.സി. മോഡിയുടെ പാര്‍ലമെന്റ് മന്ദിരത്തിലെ 29-ാം നമ്പര്‍ റൂമിലുള്ള ഓഫിസിലാണു പത്രികകള്‍ സമര്‍പ്പിക്കേണ്ടത്. ഒഴിച്ചുകൂടാന്‍ വയ്യാത്ത കാരണങ്ങളാല്‍ വരണാധികാരി ഹാജരില്ലെങ്കില്‍ അസിസ്റ്റന്റ് വരണാധികാരികളായ ഓഫിസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി മുഗള്‍ പാണ്ടേയ്ക്കോ ജോയിന്റ് സെക്രട്ടറിയും ചീഫ് വിജിലന്‍സ് ഓഫിസറുമായ സുരേന്ദ്രകുമാര്‍ ത്രിപാഠിക്കോ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. പൊതു ഒഴിവു ദിവസങ്ങളിലൊഴിക രാവിലെ 11നും വൈകിട്ടു മൂന്നിനുമിടയിലാണു പത്രികകള്‍ സമര്‍പ്പിക്കേണ്ടത്.

നാമനിര്‍ദേശ പത്രികാ ഫോറങ്ങള്‍ വരണാധികാരിയുടേയും ഉപവരണാധികാരികളുടേയും ഓഫിസുകളില്‍ ലഭിക്കും. 30നു രാവിലെ 11നു പാര്‍ലമെന്റ് മന്ദിരത്തിന്റെ ഒന്നാം നിലയിലെ 62-ാം നമ്പര്‍ കമ്മിറ്റി റൂമിലാണു സൂക്ഷ്മ പരിശോധന. ജൂലൈ രണ്ടിനു വൈകിട്ടു മൂന്നു വരെ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാം. ജൂലൈ 18നു രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചു വരെയാണു വോട്ടെടുപ്പ്.

പാര്‍ലമെന്റ് അംഗങ്ങള്‍ ന്യൂഡല്‍ഹിയിലും സംസ്ഥാന നിയമസഭാംഗങ്ങള്‍ അതതു സംസ്ഥാനങ്ങളില്‍ നിശ്ചയിച്ചിട്ടുള്ള പോളിങ് സ്ഥലത്തുമാണു വോട്ട് രേഖപ്പെടുത്തുന്നത്. പ്രത്യേക അടിയന്തര സ്ഥിതിയില്‍ പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് ഏതെങ്കിലും സംസ്ഥാനത്തെയോ ഡല്‍ഹി, പുതുച്ചേരി എന്നിവിടങ്ങളിലെയോ പോളിങ് സ്റ്റേഷനുകളില്‍ വോട്ട് ചെയ്യാം. ഏതെങ്കിലും എം.എല്‍.എയ്ക്ക് അദ്ദേഹത്തിന്റെ ബന്ധപ്പെട്ട പോളിങ് സ്ഥലത്തു വോട്ട് ചെയ്യുന്നതിനു പകരം ന്യൂഡല്‍ഹിയില്‍ പാര്‍ലമെന്റിലോ മറ്റേതെങ്കിലും നിയമസഭകളിലോ ആഗ്രഹിക്കുന്നപക്ഷം വോട്ട് ചെയ്യാം. ഇതിനായി നിശ്ചിത ഫോര്‍മാറ്റില്‍ വോട്ടെടുപ്പ് തീയതിക്ക് 10 ദിവസം മുന്‍പെങ്കിലും തെരഞ്ഞെടുപ്പ് കമ്മിഷന് അപേക്ഷ നല്‍കണം.

Related Articles

Back to top button