IndiaKerala

30 അടി കൂടി വെള്ളം ഉയർന്നാൽ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്താന്‍ തീരുമാനിക്കും

“Manju”

സിന്ധുമോള്‍ ആര്‍

തൊടുപുഴ : ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 30 അടി കൂടി ഉയർന്നാൽ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകൾ ഉയർത്തി, മുൻകരുതൽ എന്ന നിലയിൽ വെള്ളം പുറത്തേക്കൊഴുക്കുന്നതു സംബന്ധിച്ച് ഉചിത തീരുമാനമെടുക്കുമെന്നു മന്ത്രി എം.എം. മണി. 2343.7 അടി വെള്ളമാണ് ഇപ്പോൾ ഇടുക്കി സംഭരണിയിൽ ഉള്ളത്. സമുദ്രനിരപ്പിൽ നിന്നുള്ള ഉയരമാണിത്. ജലനിരപ്പ് 2373 അടിയിലെത്തുമ്പോഴാണ് മുൻകരുതലെന്ന നിലയിൽ വെള്ളം തുറന്നുവിടുന്നതു സംബന്ധിച്ചു തീരുമാനിക്കുക.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 20 അടി വെള്ളം ഇപ്പോൾ കൂടുതലുണ്ടെങ്കിലും ആശങ്ക വേണ്ടെന്ന് കലക്ടറേറ്റിൽ ചേർന്ന ഡാം സുരക്ഷാ യോഗത്തിൽ മന്ത്രി അറിയിച്ചു. മൂലമറ്റത്ത് പൂർണതോതിൽ വൈദ്യുതി ഉൽപാദിപ്പിക്കാനാകാത്തതാണ് ജലനിരപ്പ് കഴിഞ്ഞ വർഷത്തെക്കാൾ കൂടാൻ കാരണം. പ്രളയസാധ്യതയുള്ള പ്രദേശത്തെ ആളുകളെ വളരെ നേരത്തേ തന്നെ മുന്നറിയിപ്പ് നൽകി സുരക്ഷിത സ്ഥാനത്തേക്കു മാറ്റും. ഡാം സുരക്ഷാ മുൻകരുതൽ നടപടികൾ എറണാകുളം കലക്ടറെയും മുൻകൂട്ടി അറിയിക്കും. ആറുകളിലും മറ്റും നീരൊഴുക്ക് സുഗമമാക്കുന്നതിനുള്ള മാലിന്യനീക്കം ആരംഭിച്ചതായും മന്ത്രി പറഞ്ഞു.

20 ദിവസം ശക്തമായ മഴയുണ്ടായാൽ ജലനിരപ്പ് 30 അടി കൂടും കേന്ദ്ര വാട്ടർ കമ്മിഷൻ അനുവദിച്ച നിയമം അനുസരിച്ച് ജൂൺ 10 ന് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2373 അടിയിലെത്തിയാൽ ജലനിരപ്പ് താഴ്ത്തണം എന്നാണ് നയം. കഴിഞ്ഞ വർഷം 30 ദിവസത്തെ മഴയിലാണ് 2343ൽ നിന്ന് 2373 അടിയിലേക്ക് ഉയർന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ 20 ദിവസം തുടർച്ചയായി ശക്തമായ മഴയുണ്ടായാൽ മാത്രമേ അണക്കെട്ടിലെ ജലനിരപ്പ് താഴ്ത്തുന്നതിനെക്കുറിച്ച് വൈദ്യുതി വകുപ്പിന് ആലോചിക്കേണ്ടതായി വരികയുള്ളൂ.

Related Articles

Back to top button