IndiaLatest

തീ അണയ്ക്കാന്‍ സഹായിച്ചത് റോബോട്ടുകള്‍

“Manju”

ന്യൂഡല്‍ഹി : പ്ലാസ്റ്റിക് ഫാക്ടറിയുടെ മൂന്ന് നില കെട്ടിടത്തിലെ തീ അണയ്ക്കാന്‍ റോബോട്ടുകള്‍ അഗ്നിശമന സേനാംഗങ്ങളെ സഹായിച്ചു. സമയ്പൂര്‍ ബദ്‌ലിയിലെ പ്ലാസ്റ്റിക് ഗ്രാന്യൂള്‍സ് ഫാക്ടറിയിലുണ്ടായ തീപിടിത്തമാണ് രണ്ട് റോബോട്ടുകളെ ഉപയോഗിച്ച്‌ അഗ്നിശമന സേന അണച്ചത്. തീപിടിത്തത്തില്‍ ആളപായം ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

അതേസമയം, ഫാക്ടറിക്കുള്ളില്‍ എന്തെല്ലാം വസ്തുക്കള്‍ ഉണ്ടെന്ന് അറിയുമായിരുന്നില്ലെന്നും, ചൂട് കാരണം കെട്ടിടം തകരാനുള്ള സാധ്യത ഉണ്ടായിരുന്നതിനാലുമാണ് തീ അണയ്ക്കാന്‍ റോബോട്ടുകളെ ഉപയോഗിച്ചതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 10 മണിക്കൂര്‍ പരിശ്രമത്തിന്റെ ഫലമായിയാണ് തീ അണച്ചത്. റോബോട്ടുകള്‍ക്ക് പുറമെ 23 ഫയര്‍ എഞ്ചിനുകളും തീ നിയന്ത്രണ വിധേയമാക്കാന്‍ ഉപയോഗപ്പെടുത്തിയിരുന്നു. സ്ഫോടനത്തെ തുടര്‍ന്ന് മൂന്നാം നിലയ്ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

എന്നാല്‍, തീപിടിത്തത്തിന് പിന്നിലെ കാരണം വ്യക്തമല്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കെട്ടിടം അധികൃതര്‍ സീല്‍ ചെയ്തു. മെയ് മാസത്തിലാണ് ഡല്‍ഹിയിലെ അഗ്നിശമന സേനയില്‍ സര്‍ക്കാര്‍ രണ്ട് റോബോട്ടുകളെ ഉള്‍പ്പെടുത്തിയത്. ഓസ്ട്രേലിയയില്‍ നിന്നാണ് ഇവയെ എത്തിച്ചത്. ഓരോ റോബോട്ടിനും മിനിറ്റില്‍ 2,400 ലിറ്റര്‍ വെള്ളം തീ പടരുന്ന ഇടങ്ങളില്‍ ഒഴിക്കാന്‍ സാധിക്കും. 60 മീറ്ററിലധികം ദൂരത്തേക്ക് വെള്ളം എത്തിക്കാന്‍ ഇവയ്ക്ക് സാധിക്കും.

 

Related Articles

Back to top button