InternationalLatest

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ഏകദിനം ഇന്ന്

“Manju”

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പര ലക്ഷ്യമിട്ട് ടീം ഇന്ത്യ ഇന്നിറങ്ങും. കൊവിഡ് മുക്തരായ ശിഖര്‍ ധവാനും ശ്രേയസ് അയ്യര്‍ക്കും പുറമെ ക്വാറന്‍ന്റൈന്‍ പൂര്‍ത്തിയാക്കിയ കെ എല്‍ രാഹുലും മായങ്ക് അഗ‍ര്‍വാളും ടീമിനൊപ്പം ചേര്‍ന്നതോടെ ആരെയൊക്കെ ഉള്‍പ്പെടുത്തണമെന്നതാണ് രോഹിത്തും ദ്രാവിഡും തലപുകക്കുന്നത്.

വൈസ് ക്യാപ്റ്റന്‍ കൂടിയായ രാഹുല്‍ അന്തിമ ഇലവനില്‍ കളിക്കുമെന്നുറുപ്പാണ്. ധവാനെയും ശ്രേയസിനെയും ആദ്യ ഇലവനില്‍ കളിപ്പിക്കണോ എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയില്‍ ധവാന്‍ മിന്നുന്ന ഫോമിലായിരുന്നുവെന്നത് രോഹിത്തിന് അവഗണിക്കാനാവില്ല. ആദ്യ മത്സരത്തില്‍ നേടിയ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് രോഹിത് ശര്‍മ്മയും സംഘവും രണ്ടാം മത്സരത്തിനിറങ്ങുന്നത്.

ഒന്നാം ഏകദിനത്തില്‍ രോഹിത്തും ഇഷാന്‍ കിഷനുമാണ് ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്തത്. യുസ്‍വേന്ദ്ര ചാഹലിന്റെയും വാഷിംഗ്ടണ്‍ സുന്ദറിന്റെയും ബൗളിംഗ് മികവിലായിരുന്നു ഇന്ത്യ പരമ്പരയില്‍ ജയിച്ച്‌ തുടങ്ങിയത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ 60 റണ്‍സുമായും തിളങ്ങി. വിരാട് കോഹ്ലിക്ക് കഴിഞ്ഞ മത്സരത്തിലും റണ്‍സ് കണ്ടെത്താനായില്ല.

പരമ്പരയില്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ വിന്‍ഡീസിന് ഇന്ന് ജയം അനിവാര്യമാണ്. ജേസണ്‍ ഹോള്‍ഡറുടെ പോരാട്ടമാണ് ആദ്യമത്സരത്തില്‍ വിന്‍ഡീസിനെ ആദ്യ മത്സരത്തില്‍ വന്‍ തക‍ര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. നായകന്‍ കെയ്റോണ്‍ പൊള്ളാര്‍ഡ്, നിക്കോളാസ് പുരാന്‍ എന്നിവരുടെ പ്രകടനവും വിന്‍ഡീസിന് നിര്‍ണായകമാണ്.

Related Articles

Back to top button