IndiaLatest

ഒറ്റത്തവണ ഉപയോഗിക്കുന്ന തിരഞ്ഞെടുത്ത പ്ലാസ്റ്റിക് വസ്തുക്കൾ 2022 ജൂലൈ 1 മുതൽ നിരോധിക്കുന്നു

“Manju”

ന്യൂ ഡൽഹി: 2022ഓടെ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കൾ ഘട്ടം ഘട്ടമായി നിർത്തലാക്കണമെന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ആഹ്വാനം അനുസരിച്ച്, കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം 2021- പ്ലാസ്റ്റിക് മാലിന്യ സംസ്കരണ ഭേദഗതി ചട്ടങ്ങൾ, 2021 ഓഗസ്റ്റ് 12-ന് വിജ്ഞാപനം ചെയ്തു.

ആസാദി കാ അമൃത് മഹോത്സവത്തിന്റെ ആഘോഷവേളയിൽ, സുരക്ഷിതമായി നിർമാർജനം ചെയ്യാൻ ബുദ്ധിമുട്ടുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ മൂലമുണ്ടാകുന്ന മലിനീകരണം തടയുന്നതിന് ഒരു നിർണായക നടപടിയാണ് രാജ്യം കൈക്കൊള്ളുന്നത്. 2022 ജൂലായ് 1 മുതൽ രാജ്യത്തുടനീളം കുറഞ്ഞ ഉപയോഗക്ഷമതയുള്ളതും ഉയർന്ന മലിനീകരണ സാധ്യതയുമുള്ള, ഒറ്റത്തവണ ഉപയോഗിക്കുന്ന തെരഞ്ഞെടുത്ത പ്ലാസ്റ്റിക് വസ്തുക്കളുടെ നിർമ്മാണം, ഇറക്കുമതി, സംഭരണം, വിതരണം, വിൽപ്പന, ഉപയോഗം എന്നിവ രാജ്യത്ത് നിരോധിക്കുന്നു.

ആഗോളതലത്തിൽ തന്നെ, സമുദ്രാത്തിലുൾപ്പെടെ ഭൗമജല ആവാസവ്യവസ്ഥകളിൽ ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് മൂലമുണ്ടാകുന്ന പ്രതികൂല പ്രത്യാഘാതങ്ങളെ കുറിച്ച് തിരിച്ചറിഞ്ഞിട്ടുണ്ട്. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കൾ മൂലമുണ്ടാകുന്ന മലിനീകരണം കുറയ്ക്കുന്നത് എല്ലാ രാജ്യങ്ങളും അഭിമുഖീകരിക്കുന്ന ഒരു പ്രധാന പാരിസ്ഥിതിക വെല്ലുവിളിയായി മാറിയിരിക്കുന്നു.

2019- ൽ നടന്ന ഐക്യരാഷ്ട്രസഭയുടെ നാലാമത് പരിസ്ഥിതി അസംബ്ലിയിൽ, ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ മലിനീകരണം പരിഹരിക്കുന്നതിനുള്ള പ്രമേയം ഇന്ത്യ അവതരിപ്പിച്ചു. ഈ സുപ്രധാന വിഷയത്തിൽ ആഗോള സമൂഹം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ അടിയന്തിര ആവശ്യം ഇതിലൂടെ ഉയർത്തിക്കാട്ടി. ഐക്യ രാഷ്ട്രസഭ പരിസ്ഥിതി അസംബ്ലി 4- ൽ ഈ പ്രമേയം അംഗീകരിച്ചത് ഒരു സുപ്രധാന നേട്ടമായിരുന്നു. 2022 മാർച്ചിൽ സമാപിച്ച ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി അസംബ്ലിയുടെ അഞ്ചാം സമ്മേളനത്തിൽ, പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെ ആഗോളതലത്തിൽ നടപടിയെടുക്കുന്നതിനുള്ള പ്രമേയത്തിൽ സമവായം വികസിപ്പിക്കുന്നതിന് എല്ലാ അംഗരാജ്യങ്ങളുമായും ഇന്ത്യ ക്രിയാത്മകമായി ഇടപെട്ടു.

ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകൾ മൂലമുണ്ടാകുന്ന മലിനീകരണം ലഘൂകരിക്കാൻ കേന്ദ്ര സർക്കാർ ഉറച്ച നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് സ്റ്റിക്കുകൾ ഉള്ള ഇയർ ബഡ്‌സ്, ബലൂണുകൾക്കുള്ള പ്ലാസ്റ്റിക് സ്റ്റിക്കുകൾ, പ്ലാസ്റ്റിക് പതാകകൾ, മിഠായി സ്റ്റിക്കുകൾ, ഐസ്ക്രീം സ്റ്റിക്കുകൾ, അലങ്കാരത്തിനുള്ള പോളിസ്റ്റൈറീൻ (തെർമോകോൾ), പ്ലാസ്റ്റിക് പ്ലേറ്റുകൾ, കപ്പുകൾ, ഗ്ലാസുകൾ, ഭക്ഷണം കഴിക്കാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഫോർക്കുകൾ, സ്പൂണുകൾ, കത്തികൾ, സ്ട്രോ, ട്രേകൾ, മധുരപലഹാര പെട്ടികൾക്ക് ചുറ്റും പൊതിയാനോ പായ്ക്ക് ചെയ്യാനോ ഉപയോഗിക്കുന്ന ഫിലിമുകൾ, ക്ഷണ കാർഡുകൾ, സിഗരറ്റ് പാക്കറ്റുകൾ, 100 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക് അല്ലെങ്കിൽ പിവിസി ബാനറുകൾ, സ്റ്റിററുകൾ എന്നിവ നിരോധിക്കപ്പെട്ട വസ്തുക്കളുടെ പട്ടികയിൽ ഉൾപ്പെടുന്നു.

2021 സെപ്റ്റംബർ 30 മുതൽ എഴുപത്തിയഞ്ച് മൈക്രോണിൽ താഴെ കനം ഉള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെയും 2022 ഡിസംബർ 31 മുതൽ 120 മൈക്രോണിൽ താഴെയുള്ള ക്യാരി ബാഗുകളുടെയും നിർമ്മാണം, ഇറക്കുമതി, സംഭരണം, വിതരണം, വിൽപന, ഉപയോഗം എന്നിവ 2021-ലെ പ്ലാസ്റ്റിക് മാലിന്യ സംസ്കരണ ഭേദഗതി നിയമം വഴി നിരോധിച്ചിട്ടുണ്ട് .

2022 ലെ പ്ലാസ്റ്റിക് മാലിന്യ സംസ്കരണ ഭേദഗതി ചട്ടങ്ങൾ അനുസരിച്ച് , പ്ലാസ്റ്റിക് പാക്കേജിംഗുമായി ബന്ധപ്പെട്ട് ഉൽപ്പാദകരുടെ ഉത്തരവാദിത്തത്തെക്കുറിച്ചുള്ള മാർഗ്ഗനിർദ്ദേശങ്ങൾ 2022 ഫെബ്രുവരി 16ന് കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം വിജ്ഞാപനം ചെയ്തിട്ടുണ്ട്. ഇതനുസരിച്ച് പ്ലാസ്റ്റിക് ഉൽപ്പന്നത്തിന്റെ സംസ്കരണം, പരിസ്ഥിതി സൗഹൃദമാക്കേണ്ടത് ഉൽപാദകരുടെ ഉത്തരവാദിത്വമാണ്. പ്ലാസ്റ്റിക് പാക്കേജിംഗ് മാലിന്യങ്ങളുടെ വർത്തുള സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും, പ്ലാസ്റ്റിക് പാക്കേജിംഗിന് പുതിയ ബദലുകളുടെ വികസനം പ്രോത്സാഹിപ്പിക്കുന്നതിനും, വ്യവസായ മേഖലയ്ക്ക് സുസ്ഥിര പ്ലാസ്റ്റിക് പാക്കേജിംഗിലേക്ക് നീങ്ങുന്നതിനുള്ള ഉത്തേജനം നൽകുന്നതിനും ഈ മാർഗ്ഗനിർദ്ദേശങ്ങൾ സഹായിക്കും.

ചെറുകിട, ഇടത്തരം വ്യവസായ മന്ത്രാലയവും സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോകെമിക്കൽസ് എഞ്ചിനീയറിംഗും (CIPET ) കേന്ദ്ര സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡുകൾ /PCC-കളുടെ പങ്കാളിത്തത്തോടെ ഒറ്റത്തവണ ഉപയോഗിക്കുന്ന നിരോധിത പ്ലാസ്റ്റിക് വസ്തുക്കൾക്ക് ബദലുകളുടെ നിർമ്മാണത്തിനുള്ള സാങ്കേതിക സഹായം നൽകുന്നതിനായി MSME യൂണിറ്റുകൾക്കായി പ്രത്യേക ശിൽപ്പശാല സംഘടിപ്പിക്കുന്നു. ഒറ്റത്തവണ ഉപയോഗിക്കുന്ന നിരോധിത പ്ലാസ്റ്റിക്കിൽ നിന്ന് മാറുന്നതിന് അത്തരം സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള വ്യവസ്ഥകളും ഏർപ്പെടുത്തിയിട്ടുണ്ട്.

2022 ജൂലൈ 1 മുതൽ തിരഞ്ഞെടുത്ത പ്ലാസ്റ്റിക് ഇനങ്ങളുടെ നിരോധനം ഫലപ്രദമായി നടപ്പാക്കുന്നതിന്, ഇവയുടെ അനധികൃത നിർമ്മാണം, ഇറക്കുമതി, സംഭരണം, വിതരണം, വിൽപന, ഉപയോഗം എന്നിവ പരിശോധിക്കുന്നതിന് ദേശീയസംസ്ഥാനതല കൺട്രോൾ റൂമുകൾ സ്ഥാപിക്കുകയും പ്രത്യേക എൻഫോഴ്‌സ്‌മെന്റ് ടീമുകൾ രൂപീകരിക്കുകയും ചെയ്യും. നിരോധിത പ്ലാസ്റ്റിക് വസ്തുക്കളുടെ അന്തർ സംസ്ഥാന നീക്കം തടയാൻ അതിർത്തി ചെക്ക് പോയിന്റുകൾ സ്ഥാപിക്കാൻ സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്.

പ്ലാസ്റ്റിക് മലിനീകരണം തടയാൻ പൗരന്മാരെ ശാക്തീകരിക്കുന്നതിനായി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് പരാതി പരിഹാര ആപ്പ് പുറത്തിറക്കി. വിപുലമായ ജനസമ്പർക്കത്തിനായി, ഏപ്രിൽ 5-ന് പ്രകൃതി എന്ന പേരിൽ ഒരു ചിഹ്നവും പുറത്തിറക്കി.

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകൾ നിർമാർജനം ചെയ്യുന്നതിനുള്ള ബോധവൽക്കരണത്തിനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചുവരികയാണ്.സംരംഭകരും സ്റ്റാർട്ടപ്പുകളും, വ്യവസായ മേഖല , കേന്ദ്ര, സംസ്ഥാന, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, റെഗുലേറ്ററി ബോഡികൾ, വിദഗ്ധർ, പൗര സംഘടനകൾ, ഗവേഷണവികസന സ്ഥാപനങ്ങൾ, അക്കാദമിക് സ്ഥാപനങ്ങൾ എന്നിവർക്കായി ഇത് സംബന്ധിച്ച് ബോധവൽക്കരണ പരിപാടികൾ നടത്തി വരുന്നു.

പരിസ്ഥിതി, വനം മന്ത്രാലയം
ന്യൂഡൽഹി: ജൂൺ 28, 2022

Related Articles

Back to top button