Latest

അമർനാഥ് മേഘവിസ്ഫോടനം; മരണം 20 ആയി

“Manju”

അമർനാഥ്: അമർനാഥിൽ മേഘവിസ്‌ഫോടനത്തെ തുടർന്നുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 20 ആയി. ഇന്ന് നാല് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. നാലു പേരും രാജസ്ഥാനിലെ നാഗൂർ സ്വദേശികളാണ് എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതോടെ മരിച്ച രാജസ്ഥാൻ സ്വദേശികളുടെ എണ്ണം ഏഴായി. പ്രഹളാദ് റാം, യജുവേന്ദ്ര സിംഗ്, ശങ്കർ സിംഗ്, വീര എന്നിവരാണ് മരിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. മരിച്ച നാലു പേരും സുഹൃത്തുക്കളാണ്. ജൂലൈ 6 ന് പഹൽഗാമിൽ നിന്നാണ് ഇവർ യാത്ര ആരംഭിച്ചത്.

വെള്ളിയാഴ്ച ഉണ്ടായ മേഘവിസ്‌ഫോടനത്തിൽ 16 പേരുടെ മരണം നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. നൂറോളം പേരെ കാണാതായി. പരിക്കേറ്റ 34 പേരെ ഹെലിക്കോപ്റ്റർ മാർഗം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ത്യൻ വ്യോമസേന ഹെലികോപ്ടറുകളും റഡാറുകളും ഉൾപ്പെടെ ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്. പ്രകൃതിക്ഷോഭത്തെ തുടർന്ന് അമർനാഥ് തീർത്ഥയാത്ര താൽകാലികമായി നിർത്തിവെയ്‌ക്കുകയും തിങ്കളാഴ്ച രാവിലെ ഭാഗീകമായി പുനരാരംഭിക്കുകയും ചെയ്തിരുന്നു. തീർത്ഥാടകർ പഞ്ചതരണി പാതയിലൂടെ യാത്ര ആരംഭിച്ച് ബാൽത്തൽ വഴി തിരികെ എത്താനാണ് നിർദേശം. സിആർപിഎഫിന്റെ സുരക്ഷയോട് കൂടി 4,000 ത്തോളം പേർ യാത്ര ആരംഭിച്ചു.

 

ദക്ഷിണ കശ്മീരിലെ അനന്ത്‌നാഗിലെ പഹൽഗാമിലെ നുൻവാൻ, മധ്യ കശ്മീരിലെ ഗന്ദർബാൽ ജില്ലയിലെ ബാൽത്തൽ ക്യാമ്പ് എന്നീ ബേസ് ക്യാമ്പുകളിൽ നിന്നാണ് അമർനാഥ് തീർത്ഥാടനം ആരംഭിച്ചത്. മൂന്ന് ദിവസം കൊണ്ടാണ് അമർനാഥിലെ ഗുഹാക്ഷേത്രത്തിലെത്താനാവുക. ശിവലിംഗ ദർശനത്തിന്റെ അപൂർവ്വ കാഴ്ചയ്‌ക്കായാണ് നിരവധി കടമ്പകൾ താണ്ടി ചെറുപ്പക്കാരും വൃദ്ധരുമെല്ലാം യാത്രയ്‌ക്കായി അപേക്ഷിക്കുന്നത്. ഭീകരാക്രമണ ഭീഷണിയുള്ളതിനാൽ 43 ദിവസത്തെ തീർത്ഥാടന കാലം കനത്ത സുരക്ഷയിലാണ് നടത്തുന്നത്.ജൂൺ 30 ന് ആരംഭിച്ച യാത്ര രക്ഷാബന്ധൻ ദിനത്തിൽ അവസാനിക്കും..

Related Articles

Back to top button