India

ഒരു വാക്കും നിരോധിച്ചിട്ടില്ല; ‘അൺപാർലമെന്ററി’ വാക്കുകളെക്കുറിച്ച് വ്യക്തമാക്കി സ്പീക്കർ ഓം ബിർള

“Manju”

ന്യൂഡൽഹി: ചില വാക്കുകളെ ‘അൺപാർലമെന്ററി’ ഗണത്തിൽ ഉൾപ്പെടുത്തിയ നീക്കത്തിൽ ചർച്ചകൾ ചൂടുപിടിച്ചതോടെ വിശദീകരണം നൽകിയിരിക്കുകയാണ് സ്പീക്കർ ഓം ബിർള. പാർലമെന്റിൽ ഒരു വാക്കും നിരോധിച്ചിട്ടില്ലെന്ന് സ്പീക്കർ വ്യക്തമാക്കി. എല്ലാ അംഗങ്ങൾക്കും അവരുടെ കാഴ്ചപ്പാടുകൾ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും സ്പീക്കർ അറിയിച്ചു.

1959 മുതലുള്ള ഒരു പതിവ് ചട്ടം മാത്രമാണിത്. ഒരു വാക്കും ഇവിടെ നിരോധിക്കപ്പെട്ടിട്ടില്ല. എല്ലാ അംഗങ്ങൾക്കും അവരവരുടെ വീക്ഷണങ്ങൾ സ്വതന്ത്രമായി പ്രകടിപ്പിക്കാം. ആ അവകാശം ആർക്കും തന്നെ തട്ടിയെടുക്കാൻ കഴിയില്ല. പക്ഷെ വീക്ഷണങ്ങൾ പ്രകടിപ്പിക്കുമ്പോഴും അഭിപ്രായ പ്രകടനം നടത്തുമ്പോഴും പാർലമെന്റിന്റെ മര്യാദകൾ അനുസരിച്ചിരിക്കണം എന്നതാണ് കാര്യമെന്നും സ്പീക്കർ വ്യക്തമാക്കി.

‘അൺപാർലമെന്ററി’ വാക്കുകളെക്കുറിച്ച് നേരത്തെ ഒരു പുസ്തകം തന്നെ പുറത്തിറക്കുമായിരുന്നു. പേപ്പർ ഉപയോഗിക്കുന്നത് പരമാവധി കുറയ്‌ക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇക്കാര്യങ്ങൾ ഇന്റർനെറ്റിലൂടെ ഏവരെയും അറിയിച്ചത്. ഒരു വാക്കുകളും ഇവിടെ നിരോധിച്ചിട്ടില്ല. പാർലമെന്റിന്റെ മര്യാദകൾക്കനുസരിച്ച് ചില വാക്കുകൾ ഒഴിവാക്കുകയും അവയേതാണെന്ന് വ്യക്തമാക്കുകയുമാണ് ചെയ്തതെന്നും ഇതൊരു പുതിയ നടപടിയല്ലെന്നും സ്പീക്കർ അറിയിച്ചു.

നേരത്തെ ലോക്‌സഭ സെക്രട്ടറിയേറ്റ് പുറത്തിറക്കിയ ബുക്ക്‌ലെറ്റിലും സമാനരീതിയിൽ ചില വാക്കുകൾ ‘അൺപാർലമെന്ററി’ ആയി രേഖപ്പെടുത്തിയിരുന്നു. ജുംലജീവി, ബാൽ ബുദ്ധി, കൊവിഡ് സ്പ്രഡ്ഡർ, സ്‌നൂപ്‌ഗേറ്റ് എന്നീ പദങ്ങളും സാധാരണയായി ഉപയോഗിച്ച് വരുന്ന വാക്കുകളായ ashamed, abused, betrayed, corrupt, drama, hypocrisy, incompetent തുടങ്ങിയ വാക്കുകളും ‘അൺപാർലമെന്ററി’ ഗണത്തിൽ ഉൾപ്പെടുത്തി.

ഇത്തരത്തിലുള്ള നീക്കങ്ങൾ രാജ്യത്ത് കാലാകാലങ്ങളായി നടക്കുന്ന പതിവ് കാര്യമാണ്. രാജ്യത്തെ വിവിധ നിയമനിർമാണ സമിതികൾ ചേർന്ന് സഭയിൽ പ്രയോഗിക്കാൻ പാടില്ലാത്ത പദങ്ങളും വാക്കുകളും പ്രയോഗങ്ങളും ഉൾപ്പെടുത്തി പുസ്തക രൂപത്തിൽ ഇറക്കാറുണ്ട്. ഇത്തരത്തിൽ സഭയിൽ നിന്ന് ഒഴിവാക്കേണ്ടതായ 65ഓളം വാക്കുകൾ പ്രഖ്യാപിച്ചതിൽ പ്രതിപക്ഷം അനാവശ്യ വിവാദമായി ഉയർത്തിയതോടെയാണ് കാര്യങ്ങൾ വ്യക്തമാക്കി സ്പീക്കർ രംഗത്തെത്തിയത്.

 

Related Articles

Back to top button