EntertainmentKeralaLatest

‘പൊതിച്ചോറി’ലെ ശ്രീധരനായി തിളങ്ങി രാജീവ് ആലുങ്കലിന്റെ മകന്‍

“Manju”

 

കാരൂരിന്റെ പൊതിച്ചോറ്എന്ന വിഖ്യാതമായ കഥ പലവട്ടം വായിച്ചിട്ടുള്ള സംവിധായകന്‍ രാജീവ് നാഥിന് വര്‍ഷങ്ങള്‍ക്കു മുന്‍പ് തുലാമഴ തോരാതെ പെയ്ത യാത്രയില്‍ ഒരു കഥാപാത്രത്തെ കൂട്ടിനു കിട്ടി. വിശപ്പു സഹിക്കാതെ കുട്ടിയുടെ പൊതിച്ചോറ് കട്ടെടുത്ത ഹെഡ്മാസ്റ്റര്‍ പശ്ചാത്താപത്തോടെ സ്കൂള്‍ മാനേജര്‍ക്ക് എഴുതുന്ന കത്തിലെ പരാമര്‍ശത്തില്‍ നിന്ന് രാജീവ് നാഥ് അധികമായി വായിച്ചെടുത്തതാണ് ശ്രീധരന്‍ എന്ന കൗമാരക്കാരനെ. രാജീവ് നാഥ് പറയുന്നു പിന്നീട് ശ്രീധരനായി ഞാന്‍ മാറുന്നത് പോലെ തോന്നി. അവനിലൂടെ പൊതിച്ചോറിനെ പുനര്‍വ്യാഖ്യാനിക്കണമെന്ന മോഹം തുടങ്ങി.

കഥയില്‍ രോഗിണി എന്നു മാത്രം പരാമര്‍ശിയ്‌ക്കുന്ന ഭാര്യയെ ഭര്‍ത്താവിന്റെ ഗതികേടു തിരിച്ചറിയാനാകാത്ത ദേഷ്യക്കാരിയാക്കി. അച്ഛന്റെ ധര്‍മസങ്കടങ്ങളും, തീരാ വ്യഥകളും മനസിലാക്കി അച്ഛന്റെ നിഴലായി ശ്രീധരന്‍ വളര്‍ന്നു. അങ്ങനെ ഹെഡ്മാസ്റ്റര്‍ എന്ന സിനിമ പിറന്നു. വായിച്ച കഥയെ വായനക്കാരന്‍ പൂരിപ്പിക്കുന്നത് പോലെ സംവിധായകന്‍ അഭ്രപാളികളില്‍ പൂരിപ്പിച്ചു. കെ ബി വേണുവുമൊന്നിച്ച്‌ തിരക്കഥ തയാറാക്കി.

പ്രധാന അദ്ധ്യാപകനായി മോഹന്‍ലാലും, ഇന്ദ്രന്‍സുമൊക്കെ നിശ്ചയിക്കപ്പെട്ടെങ്കിലും അതിന് യോഗം ലഭിച്ചത് തമ്പി ആന്റണിക്കാണ്. അച്ഛന്റെ ധര്‍മ്മസങ്കടങ്ങള്‍ എല്ലാമറിഞ്ഞ് നിഴലായി കൂടെയുള്ള മകനെ ആര് അവതരിപ്പിക്കും എന്നായി പിന്നീടുള്ള അന്വേഷണം. അമേരിക്കയിലുള്ള ആലപ്പുഴക്കാരന്‍ വിനോദ് ഒരു വൈറല്‍ വീഡിയോ തമ്പി ആന്റണിയെ കാണിച്ച്‌ കൊടുത്തു. രമേശ് പിഷാരടി ഒരു ചാനലില്‍ പറഞ്ഞ മരണവീട്ടില്‍ എത്തിപ്പെട്ട് പെണ്‍മക്കളുടെ അച്ഛന് ബലിയിടേണ്ടിവന്ന ഒരു ബന്ധവുമില്ലാത്ത ഒരു ചെറുപ്പക്കാരന്റ കഥ.

അതിലെ ഒന്‍പത് കഥാപാത്രങ്ങള്‍ക്കും ദൃശ്യാവിഷ്ക്കാരം നല്‍കിയ ഒരു പയ്യന്‍. തമ്പി ആന്റണി ഉടന്‍ അത് രാജീവ് നാഥിന് അയച്ചു കൊടുത്തു. നിര്‍മ്മാതാവ് ശ്രീലാല്‍ ദേവരാജ് പയ്യനെ ഉടന്‍ വിളിപ്പിച്ചു. അങ്ങിനെ മൂന്നു വയസു മുതല്‍ സോഷ്യല്‍ മീഡിയയില്‍ മറ്റും സജീവമായ ചേര്‍ത്തലക്കാരന്‍ ആകാശ് രാജ് പ്രധാന അദ്ധ്യാപകന്റെ മകന്‍ ശ്രീധരനായി..!

പൊതിച്ചോറിന് സര്‍വ്വകാല പ്രസക്തി കൈവരുന്നത് എങ്ങനാണെന്നു ചോദിച്ചാന്‍ രാജീവ് നാഥ് പറയും വിശപ്പ് എന്ന്. ദാരിദ്ര്യം എല്ലാക്കാലത്തും ഒരു ദു:ഖകരമായ യാഥാര്‍ത്ഥ്യമാണ്. കുട്ടിയുടെ പൊതിച്ചോറ് കട്ടെടുത്ത് തിന്നുന്ന പ്രധാന അദ്ധ്യാപകന്‍ ഇന്നുപക്ഷേ അത്ഭുതമായിരിക്കാം. അങ്ങനെയൊരു ദരിദ്രകാലമുണ്ടായിരുന്നു എന്നതിന്റെ ഓര്‍മപ്പെടുത്തല്‍ കൂടിയാണ് ഈ ചിത്രം. സമൂഹത്തിന്റെ വലിയ സ്ഥാനമാനങ്ങള്‍ കാത്തുസൂക്ഷിക്കാന്‍ വിശന്നും വിഷമിച്ചും കഴിയേണ്ടി വരുന്നവരുണ്ട് എന്ന് സംവിധായകന്‍ പറയുന്നു.

ചേര്‍ത്തല കണ്ടമംഗലം ഹൈസ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാത്ഥിയായ ആകാശ് രാജ് ചലച്ചിത്ര ഗാനരചയിതാവ് രാജീവ് ആലുങ്കലിന്റെ മകനാണ്. സിനിമയിലെത്തിയതിനെക്കുറിച്ച്‌ ചോദിച്ചാല്‍ ആകാശ് പറയും അച്ഛന്‍ ആരോടും എനിക്ക് വേണ്ടി അവസം ചോദിച്ചിട്ടില്ല. സ്വന്തം കഴിവില്‍ വിശ്വസമുള്ളവരെല്ലാം വിജയിക്കും എന്നു പറയും. അങ്ങനെ ഞാന്‍ തയ്യാറാക്കിയ ഒരു ഹാസ്യ വീഡിയോ ഒരു സിനിമയിലെ മുഴുനീള കഥാപാത്രമാകാന്‍ കാരണമായി. തമ്പി ആന്റണിയെ കൂടാതെ ബാബു ആന്റണി, ജഗദീഷ്, മഞ്ജു പിള്ള, പ്രേം കുമാര്‍, സഞ്ജു ശിവ്റാം, മധുപാല്‍, ശങ്കര്‍ രാമകൃഷ്ണന്‍, ദേവി (നടി ജലജയുടെ മകള്‍), സേതുലക്ഷ്മി തുടങ്ങിയവരുമായി വെള്ളിത്തിര പങ്കിട്ടു.

ശ്രീധരനായി അഭിനയിക്കുന്ന തമ്പി ആന്റണിയുടെ കുട്ടിക്കാലമാണ് സിനിമയില്‍ കൂടുതല്‍. ഐക്യരാഷ്ട്രസഭയിലെ ഉന്നത ഉദ്യോഗസ്ഥനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ശ്രീധരന്റെ ഒര്‍മ്മകളിലൂടെ കഥ വികസിക്കുന്നു. ജീവിതത്തിന്റെ ദു:ഖ ദുരിതങ്ങളില്‍ വലഞ്ഞ് കുറ്റബോധം കാരണം ആത്മഹത്യ ചെയ്യേണ്ടിവന്ന പാവമൊരു അച്ചന്റെ എല്ലാ സങ്കടങ്ങള്‍ക്കും സാക്ഷിയായ മകനായ ശ്രീധരന്‍.

ചിരിക്കാനും, കളിക്കാനും, ഉല്ലസിച്ച്‌ ഓടി നടക്കാനും മറന്നുപോയ അവന്റെ കൗമാര ബാല്യങ്ങളെ ഓര്‍ത്തെടുക്കുന്നതിലൂടെ പൊതിച്ചോറ് എന്ന കാരൂര്‍ കഥയ്ക്ക് പുതിയ മുഖം കൈവരുന്നു. “സിനിമയില്‍ ഉടനീളം നിറഞ്ഞു നില്‍ക്കുന്ന ശ്രീധരനാകാന്‍ സംവിധായകനും കൂടെ അഭിനയിച്ചവരുടെയും പിന്തുണ ഏറെ സഹായിച്ചു.” ആകാശ് പറയുന്നു. സിനിമയില്‍ ഇനിയും നല്ല വേഷങ്ങള്‍ ചെയ്യണം ഇഷ്ടതാരങ്ങളോടൊപ്പം അഭിനയിക്കണം, ആകാശ് രാജ് സ്വപ്നം വെളിപ്പെടുത്തുന്നു.

Related Articles

Back to top button