Latest

പ്രതിഷേധ മാർച്ചിനായി വിദ്യാർത്ഥികളെ കൊണ്ടു പോയ സംഭവം; ഡിജിപിയ്‌ക്കും ബാലാവകാശ കമ്മീഷനും പരാതി നൽകി.

“Manju”

പാലക്കാട്: അനുമതിയില്ലാതെ വിദ്യാർത്ഥികളെ പ്രതിഷേധമാർച്ചിനായി കടത്തിക്കൊണ്ടു പോയ സംഭവത്തിൽ എസ്എഫ്‌ഐക്കാർക്കെതിരെ പരാതി നൽകി യുവമോർച്ച. ജില്ലാ അദ്ധ്യക്ഷൻ പ്രശാന്ത് ശിവനാണ് പരാതി നൽകിയത്. സംസ്ഥാന പോലീസ് മേധാവിയ്‌ക്കും ബാലാവകാശ കമ്മീഷനുമാണ് പരാതി.

രക്ഷിതാക്കാളുടെയോ അദ്ധ്യാപകരുടെയോ അനുമതിയില്ലാതെയാണ് എസ്എഫ്‌ഐക്കാർ കുട്ടികളെ റാലിക്കായി കടത്തിക്കൊണ്ടുപോയതെന്ന് പ്രശാന്ത് ശിവൻ നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിൽ എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ കർശന നടപടിവേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പത്തിരിപ്പാല ജിവിഎച്ച്എസ്എസിലെ വിദ്യാർത്ഥികളെയാണ് എസ്എഫ്‌ഐക്കാർ ആരുമറിയാതെ പാർട്ടിപരിപാടിയ്‌ക്കായി കടത്തിക്കൊണ്ടുപോയത്. എസ്എഫ്‌ഐയുടെ കളക്ടറേറ്റ് മാർച്ചിൽ പങ്കെടുപ്പിക്കാനായിരുന്നു കൊണ്ടുപോയത്. ബിരിയാണി വാഗ്ദാനം ചെയ്ത ശേഷം പ്രവർത്തകർ വിദ്യാർത്ഥികളെ സ്‌കൂൾ ബസിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു.

സ്‌കൂൾ സമയം കഴിഞ്ഞും വിദ്യാർത്ഥികളെ കാണാത്തതോടെ പരിഭ്രാന്തരായ രക്ഷിതാക്കൾ അന്വേഷിച്ചപ്പോഴാണ് എസ്എഫ്‌ഐ മാർച്ചിന് കൊണ്ടുപോയ വിവരം അറിഞ്ഞത്. ഭക്ഷണം വാഗ്ദാനം ചെയ്താണ് കുട്ടികളെ കൊണ്ടുപോയതെങ്കിലും ഒരു തുള്ളി വെള്ളം പോലും നൽകിയില്ലെന്ന് രക്ഷിതാക്കൾ പറയുന്നു. സംഭവത്തിൽ രക്ഷിതാക്കൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. അതേസമയം കുട്ടികളെ എസ്എഫ്‌ഐക്കാർ കടത്തിക്കൊണ്ടുപോയത് ഇടത് അനുകൂല അദ്ധ്യാപകരുടെ ഒത്താശ്ശയോടെയാണെന്നാണ് വിവരം.

 

Related Articles

Back to top button