Uncategorized

ദിലീപിന്റെ ജാമ്യം റദ്ദാക്കണം ; ഹൈക്കോടതിയിൽ അപ്പീൽ നൽകി ക്രൈംബ്രാഞ്ച്

“Manju”

എറണാകുളം : നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ അപ്പീൽ നൽകി. വിചാരണ കോടതി ഉത്തരവിനെതിരെയാണ് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചത്.ക്രൈംബ്രാഞ്ചിന്റെ ആവശ്യം വിചാരണ കോടതി നേരെത്തെ തള്ളിയിരുന്നു. ദിലീപിന്റെ ജാമ്യം റദ്ദാക്കാനുള്ള കാരണങ്ങൾ ബോധിപ്പിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് കാട്ടിയാണ് ക്രൈംബ്രാഞ്ചിന്റെ ആവശ്യം കോടതി തള്ളിയത്.

ഏപ്രിൽ നാലിനാണ് ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി പ്രോസിക്യൂഷൻ വിചാരണ കോടതിയെ സമീപിച്ചത്. കേസിലെ ഡിജിറ്റൽ തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചു, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചു, അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചു തുടങ്ങിയ കാര്യങ്ങൾ ഉയർത്തിയാണ് ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്.

എന്നാൽ ഈ വാദങ്ങളിൽ പ്രോസിക്യൂഷന് കൃത്യമായ തെളിവ് ഹാജരാക്കാൻ കഴിഞ്ഞില്ലെന്ന് കോടതി വിലയിരുത്തി. അതേസമയം കേസിന്റെ വിചാരണ നടപടികൾ എറണാകുളം ജില്ലാ സെഷൻസ് കോടതിയിലേക്ക് മാറ്റും എന്ന റിപ്പോർട്ടുകൾ മുമ്പ് പുറത്ത് വന്നിരുന്നു.സിബിഐ പ്രത്യേക കോടതി, ജഡ്ജ് ഹണി എം.വർഗീസിന് പകരം പുതിയ ജഡ്ജിനെ നിയമിച്ച സാഹചര്യത്തിലാണ് നടപടി.കോടതി മാറ്റം ഉണ്ടാകുമെങ്കിലും നടി കേസിലെ തുടർ വിചാരണ നടത്തുക പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായ ഹണി എം.വർഗീസ് തന്നെയാകും.

Related Articles

Back to top button