IndiaKeralaLatest

ശ്രീകരുണാകരഗുരുവിന്റെ ദർശനങ്ങൾ ആത്മീയതയിലെ പുതിയവെളിച്ചം- ഗവർണർ

“Manju”

പോത്തൻകോട്: നവജ്യോതിശ്രീകരുണാകരഗുരുവിന്റെ ജീവിതവും ഉപദേശങ്ങളും ഭാരത്തിന്റെ മഹത്തായ ആത്മീയ പാരമ്പര്യത്തെ ഓർമ്മിപ്പിക്കുന്നതാണെന്നും ഗുരുദർശനങ്ങൾ ഈ കാലഘട്ടത്തിൽ ആത്മീയതയിലെ പുതിയപ്രകാശമായി നിലകൊള്ളുന്നുവെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ശാന്തിഗിരി ആശ്രമത്തിൽ ഇരുപത്തിയഞ്ചാമത് നവഒലി ജ്യോതിദിനം ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഗവർണർ. ശാന്തിയുടെയും സ്നേഹത്തിന്റെയും ആലയമാണ് ശാന്തിഗിരി.

വാക്കാണ് സത്യം, സത്യമാണ് ഗുരു, ഗുരുവാണ് ദൈവം എന്ന ഗുരുവചനമാണ് ഈ ആദ്ധ്യാത്മിക കേന്ദ്രത്തിന്റെ ചെതന്യം എന്ന് മലയാളത്തിൽ പറഞ്ഞുകൊണ്ട് ഗുരുവിന്റെ സ്മരണകൾക്ക് മുന്നിൽ സാദരപ്രണാമങ്ങൾ അർപ്പിച്ചുകൊണ്ടായിരുന്നു അദ്ധേഹത്തിന്റെ പ്രസംഗം ആരംഭിച്ചത്.

ജാതിമതവർണ്ണവർഗ്ഗ വ്യത്യാസങ്ങൾക്കതീതമായി മനുഷ്യനെന്ന ഏകാത്മകതയിൽ എത്തിച്ചേരുവാനാണ് ഗുരു സമൂഹത്തെ പഠിപ്പിച്ചത്. ശരീരം ആത്മാവിന്റെ പ്രവർത്തനത്തിനുള്ള ഉപകരണമാണെന്ന് തിരിച്ചറിഞ്ഞ് ഗുരു സമൂഹത്തോട് ചേർന്നു നിന്നു.

മാനുഷികക്ഷേമത്തിലൂന്നിയുളള ആത്മീയതയായിരുന്നു ഗുരുവിന്റേത്. വിശക്കുന്നവന് ആദ്യം ആഹാരവും ശരീരത്തിന് സൗഖ്യവും മനസ്സിന് ആത്മശാന്തിയും ഗുരു പകർന്നു നൽകി.

തന്നെകാണാൻ എത്തുന്നവരോട് ‘ആഹാരം കഴിച്ചോ?’ എന്നാണ് ഗുരു ആദ്യം ചോദിച്ചിരുന്നത്. അന്നദാനത്തിന്റെയും ആതുരസേവനത്തിന്റെയും ആത്മബോധനത്തിന്റെയും മഹത്വം ഉൾക്കൊണ്ടാണ് ശാന്തിഗിരി ആശ്രമവും ബ്രാഞ്ചാശ്രമങ്ങളും പ്രവർത്തിക്കുന്നതെന്ന് ഗവർണർ പറഞ്ഞു.

ഭക്ഷ്യ മന്ത്രി ജി.ആര്‍. അനില്‍ അദ്ധ്യക്ഷനായി. രാജ്യത്തിന് സമ്പന്നമായ ആത്മീയ പാരമ്പര്യമുണ്ട്.

സമൂഹത്തിൽ നിലനിൽക്കുന്ന ജീർണ്ണതകൾ പരിഹരിക്കാൻ സന്ന്യാസമാർഗ്ഗം അന്യമല്ല. ജാതിമതഭേദമന്യേ മനുഷ്യന്റെ നന്മ ലക്ഷ്യമാക്കിയുളള പ്രവർത്തനങ്ങളിലേക്ക് നാട് കൂടുതൽ മുന്നോട്ട് പോകണമെന്ന ഉദ്ധേശലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന പ്രസ്ഥാനമാണ് ശാന്തിഗിരിയെന്ന് മന്ത്രി പറഞ്ഞു. എം.വിന്‍സന്റ് എം.എല്‍.എ, ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി, ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി, ജനനി കൃപ ജ്ഞാന തപസ്വിനി എന്നിവര്‍ സമ്മേളനത്തിൽ പങ്കെടുത്തു.

Related Articles

Back to top button