Thiruvananthapuram

വാഹന പരിശോധനയിൽ തെറ്റായ പേര് നൽകിയ ‘ദശരഥ പുത്ര’നെതിരെ കേസ്

“Manju”

തിരുവനന്തപുരം : വാഹന പരിശോധനയ്‌ക്കിടെ തെറ്റായ പേരും വിവരങ്ങളും നൽകി പോലീസിനെ കബളിപ്പിച്ച യുവാവിനെതിരെ കേസ്. തിരുവനന്തപുരം കാട്ടാക്കട സ്വദേശിക്കെതിരെയാണ് ചടയമംഗലം പോലീസ് കേസ് എടുത്തത്. വാഹന പരിശോധനയ്‌ക്കിടെ അയോദ്ധ്യയിലെ ദശരഥന്റെ മകൻ രാമൻ എന്ന പേരും വിലാസവും നൽകിയാണ് യുവാവ് പോലീസിനെ കബളിപ്പിച്ചത്. ഇതിന്റെ വീഡിയോയും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു. തുടർന്ന് പോലീസിനെ ട്രോളിക്കൊണ്ട് നിരവധി പേർ രംഗത്തെത്തുകയുമുണ്ടായി.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ യഥാർത്ഥ പേരും വിവരങ്ങളും പോലീസിന് ലഭിച്ചത്.
കാട്ടാക്കടയ്‌ക്കടുത്ത് മൈലാടി സ്വദേശിയായ നന്ദകുമാർ ആണ് ഇത്തരത്തിൽ പോലീസിനെ കബളിപ്പിച്ചത്. ഈ മാസം പന്ത്രണ്ടിനാണ് നന്ദകുമാർ സീറ്റ് ബൽറ്റ് ഇടാതെ വണ്ടിയോടിച്ചതിന് പോലീസിന്റെ പിടിയിലായത്.

എംസി റോഡിൽ കുരിയോട് നെട്ടേത്തറയിൽ വാഹന പരിശോധനയ്‌ക്കിടെയായിരുന്നു സംഭവം. നിയമലംഘനം ചോദ്യം ചെയ്തതിന് യുവാക്കൾ പോലീസിന് നേരെ തട്ടിക്കയറുകയായിരുന്നു. തുടർന്ന് ബഹളത്തിനിടെ പേരും വിവരങ്ങളും പറഞ്ഞുകൊടുത്തു. സ്ഥലം അയോദ്ധ്യയെന്നും അച്ഛന്റെ പേര് ദശരഥൻ എന്നും സ്വന്തം പേര് രാമൻ എന്നുമാണ് നന്ദകുമാർ പറഞ്ഞത്.

നന്ദകുമാർ നൽകിയത് തെറ്റായ പേരും വിലാസവുമാണെന്ന് മനസിലായെങ്കിലും പേര് എന്തായാലും സർക്കാരിന് കാശു കിട്ടിയാൽ മതിയെന്നായിരുന്നു പിഴയൊടുക്കിയ പോലീസ് ഉദ്യോഗസ്ഥന്റെ മറുപടി. 500 രൂപയാണ് പെറ്റി എഴുതി നൽകിയത്. എന്നാൽ കള്ളപ്പേരും വിലാസവും എഴുതിയെടുത്ത പോലീസിനെ ട്രോളിക്കൊണ്ട് വീഡിയോ പ്രചരിച്ചതോടെയാണ് ഇയാൾക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചത്.

ഐപിസി 419, കേരള പോലീസ് ആക്ടിലെ 121, മോട്ടോർ വാഹന നിയമത്തിലെ 179 വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. അടുത്ത ദിവസം തന്നെ അറസ്റ്റ് രേഖപ്പെടുത്തും. ഇതോടെ നവമാധ്യമങ്ങളിൽ നേരിട്ട അപമാനത്തിന് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്.

Related Articles

Back to top button