Latest

ഗോതബായയ്‌ക്ക് താൽക്കാലിക അഭയവുമായി തായ്‌ലാന്റ്

“Manju”

കൊളംബോ: ആഭ്യന്തര കലാപത്തിൽ ജീവരക്ഷാർത്ഥം നാടുവിട്ട ശ്രീലങ്കൻ പ്രസിഡന്റ് ഗോതബായ രജപക്‌സെയ്‌ക്ക് താൽക്കാലിക അഭയം നൽകാൻ തായ്‌ലാന്റ് തീരുമാനം. തങ്ങളുടെ രാജ്യത്ത് മറ്റ് പ്രശ്‌നങ്ങളുണ്ടാക്കില്ലെന്ന ഉറപ്പിന്മേലാണ് താമസിക്കാൻ അനുവദിച്ചിരിക്കുന്നത്. നയതന്ത്ര പാസ്സ്‌പോർട്ട് കൈവശമുള്ളതിനാൽ 90 ദിവസം വരെ താമസിക്കുന്നതിന് മറ്റ് തടസ്സങ്ങളില്ലെന്നും തായ്‌ലാന്റ് വിദേശകാര്യവകുപ്പ് അറിയിച്ചു. ശ്രീലങ്കയിൽ നിന്ന് വ്യോമസേനാ വിമാനത്തിൽ ആദ്യം മാലിദ്വീപിലേയ്‌ക്കും അവിടെനിന്ന് സിംഗപ്പൂരിലേയ്‌ക്കുമാണ് കടന്നത്. ഇന്നാണ് ഗോതബായ തായ്‌ലാന്റ് തലസ്ഥാനമായ ബാങ്കോക്കിലെത്തുന്നത്.

‘മുൻ ശ്രീലങ്കൻ പ്രസിഡന്റ് ഗോതബായ രജപക്‌സെയ്‌ക്ക് താൽക്കാലിക അഭയം നൽകാൻ തീരുമാനിച്ചു. മറ്റൊരു രാജ്യത്ത് സ്ഥിരമായി താമസിക്കാൻ അനുവാദം ലഭിക്കും വരെ തങ്ങളുടെ നാട്ടിൽ തങ്ങാനാണ് അനുമതി നൽകുന്നത്. രാഷ്‌ട്രീയ നേതാവ് എന്ന നിലയിൽ മറ്റൊരു പ്രശ്‌നവും തായ്‌ലാന്റിൽ ഉണ്ടാക്കില്ലെന്ന ഉറപ്പിന്മേലാണ് അനുവാദം നൽകി യിരിക്കുന്നത്. തായ് പ്രധാനമന്ത്രി പ്രയുത് ചാൻ-ഒ-ചാ പറഞ്ഞു.

വിഷയത്തെ തായ്‌ലാന്റ് മനുഷ്യത്വപരമായിട്ടാണ് കാണുന്നത്. ഞങ്ങൾ താൽക്കാലിക അഭയ മെന്ന വാഗ്ദാനമാണ് നൽകിയിരിക്കുന്നത്. ഒരു തരത്തിലുള്ള രാഷ്‌ട്രീയ പ്രവർത്തനമോ ഇടപെടലോ അനുവദിക്കാനാകില്ല. അത്തരം നിഷ്പക്ഷമായ നിലപാട് മറ്റൊരു രാജ്യത്ത് സ്ഥിര താമസത്തിന് കൂടുതൽ സാദ്ധ്യത തെളിയുമെന്നും പ്രയുത് ചൂണ്ടിക്കാട്ടി.

Related Articles

Back to top button