IndiaLatest

മനുസ്മൃതി സ്ത്രീകള്‍ക്ക് മാന്യമായ സ്ഥാനം നല്‍കുന്നു

“Manju”

ദില്ലി: മനുസ്മൃതിയെക്കുറിച്ചുള്ള ഹൈക്കോടതി ജഡ്ജിയുടെ പരാമര്‍ശത്തില്‍ വനിതാ സംഘടനകളുടെ എതിര്‍പ്പ്. മനുസ്മൃതി സ്ത്രീകള്‍ക്ക് മാന്യമായ സ്ഥാനം നല്‍കുന്നുവെന്നാണ് ദില്ലി ഹൈക്കോടതി ജഡ്ജി പ്രതിഭ എം സിങ് പറഞ്ഞത്. മനുസ്മൃതി പോലുള്ള വേദഗ്രന്ഥങ്ങള്‍ സ്ത്രീകള്‍ക്ക് വളരെ മാന്യമായ സ്ഥാനം നല്‍കുന്നതിനാല്‍ ഇന്ത്യന്‍ സ്ത്രീകള്‍ അനുഗ്രഹിക്കപ്പെട്ടവരാണെന്നായിരുന്നു ജഡ്ജിയുടെ പരാമര്‍ശം. ജഡ്ജി‌യുടെ പരാമര്‍ശത്തെ വനിതാ അവകാശ സംഘടനകള്‍ അപലപിച്ചു.

ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രിയുടെ (ഫിക്കി) വൈസ് കൗണ്‍സില്‍ (വിമന്‍ ഇന്‍ സയന്‍സ് ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ്പ്) സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ജഡ്ജി. ഇന്ത്യന്‍ ഗ്രന്ഥങ്ങളിലെ ഉദ്ധരണികള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ജഡ്ജിയുടെ പ്രസം​ഗം. ഏഷ്യന്‍ രാജ്യങ്ങള്‍ വീട്ടിലും സമൂഹത്തിലും സ്ത്രീകളെ ബഹുമാനിക്കുന്നതില്‍ മുന്നിലാണെന്നും അതിനു കാരണം നമ്മുടെ സാംസ്കാരികവും മതപരവുമായ പശ്ചാത്തലമാണെന്നും ജഡ്ജി പറഞ്ഞു.

നമ്മള്‍ എങ്ങനെയായിരിക്കണമെന്നതിലും നമ്മള്‍ ആഗ്രഹിക്കുന്നത് നേടുന്നതിനും സ്ത്രീകളും പുരുഷന്മാരും നമ്മുടെ ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു. സ്ത്രീകളെ ബഹുമാനിക്കപ്പെട്ടില്ലെങ്കില്‍ പ്രാര്‍ത്ഥനകള്‍ പ്രയോജനകരമല്ലെന്ന് മനുസ്മൃതി പോലും പറയുന്നുവെന്ന് അവര്‍ പറഞ്ഞു.
നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ വിമന്‍ ജനറല്‍ സെക്രട്ടറി ആനി രാജ ജഡ്ജിക്കെതിരെ രം​ഗത്തെത്തി. ജഡ്ജി സ്വീകരിച്ച നിലപാടിനോട് ശക്തമായ വിയോജിപ്പുണ്ടെന്നും സ്ത്രീകളെ മാനസികമായും ശാരീരികമായും അടിച്ചമര്‍ത്തുന്നത് മറച്ചുവെക്കാന്‍ ജഡ്ജി മനുസ്മൃതി ബോധപൂര്‍വം തെര‍ഞ്ഞെടുക്കുകയാണെന്നും ആനിരാജ കുറ്റപ്പെടുത്തി.

Related Articles

Back to top button