KeralaLatest

കൊല്ലം നഗരത്തിലെ ഓണവിപണി സജീവം

“Manju”

കൊല്ലം; ഓണത്തിന് ആഴ്ചകള്‍ ബാക്കിനിക്കെ കൊല്ലം നഗരത്തിലെ വിപണികളില്‍ തിരക്കേറി. വസ്ത്രശാലകള്‍, ഗൃഹോപകരണ സ്ഥാപനങ്ങള്‍, പച്ചക്കറി, പലചരക്ക് കടകള്‍ എന്നുവേണ്ട എല്ലാത്തരം വ്യാപാരസ്ഥാപനങ്ങളും സജീവം. പ്രധാന ഭക്ഷണശാലകളില്‍ ഓണസദ്യക്കുള്ള ബുക്കിങ് ആരംഭിച്ചു. സാധാരണക്കാര്‍ക്ക് വിലക്കുറവില്‍ സാധനങ്ങള്‍ ലഭ്യമാക്കാന്‍ വരുംദിവസങ്ങളില്‍ കണ്‍സ്യൂമര്‍ഫെഡ്, സപ്ലൈകോ, ഹോര്‍ട്ടികോര്‍പ്, കുടുംബശ്രീ എന്നിവയുടെ നേതൃത്വത്തില്‍ വിപണി സജീവമാകും.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഓഫീസിലും സംഘടിപ്പിക്കുന്ന ഓണാഘോഷത്തിന്റെ ഭാഗമായി പൂക്കളമൊരുക്കുന്നതിന് പൂവിപണിയും സജീവമാണ്. ഇതരസംസ്ഥാനങ്ങളില്‍ നിന്നാണ് പൂക്കള്‍ കൂടുതലായി എത്തുന്നത്. വസ്ത്ര, ഗൃഹോപകരണ വ്യാപാര സ്ഥാപനങ്ങളിലാണ് തിരക്കേറെ അനുഭവപ്പെട്ടുന്നത്. ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിന് വന്‍ ഓഫറുകളും സമ്മാനങ്ങളുമാണ് സ്ഥാപനങ്ങള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. വില്‍പ്പന ഉയര്‍ന്നതോടെ കൂടുതല്‍ സ്റ്റോക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് വ്യാപാരികള്‍.

വരുംദിവസങ്ങളില്‍ തിരക്ക് വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ പല സ്ഥാപനങ്ങളിലും താല്‍ക്കാലികമായി കൂടുതല്‍ ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്. സദ്യയ്ക്കുള്ള ഇലയും പച്ചക്കറിയും വില്‍ക്കുന്ന നഗരത്തിലെ പ്രധാന വ്യാപാരകേന്ദ്രമായ ചാമക്കട മാര്‍ക്കറ്റിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ബേക്കറിയിലും കുടുംബശ്രീ യൂണിറ്റുകളുടെ നേതൃത്വത്തിലും ചിപ്‌സ്, ശര്‍ക്കരവരട്ടി വില്‍പ്പനയും സജീവമാണ്. നഗരത്തിലെ വ്യാപാരസ്ഥാപനങ്ങള്‍ സ്ഥിതിചെയ്യുന്ന റോഡില്‍ തിരക്ക് വര്‍ധിച്ചതിനാല്‍ വരുംദിവസങ്ങളില്‍ ഗതാഗത നിയന്ത്രണം ഉണ്ടാകും. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് ഉള്ളതിനാല്‍ കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച്‌ കൂടുതല്‍ വിറ്റുവരവ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരി സമൂഹം.

Related Articles

Back to top button