LatestThiruvananthapuram

ആരോഗ്യപ്രവര്‍ത്തകരെ ആക്രമിക്കുന്നത് അം​ഗീകരിക്കാനാവില്ല

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് ആരോഗ്യപ്രവര്‍ത്തകരെ ആക്രമിക്കുന്ന സംഭവങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും ഇത്തരം സംഭവങ്ങളില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഒന്നാംഘട്ട മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി പൂര്‍ത്തിയാക്കിയ മേല്‍പ്പാലം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആശുപത്രിയില്‍ ചികിത്സപ്പിഴവ് അടക്കമുള്ള സംഭവങ്ങളുണ്ടായാല്‍ രോഗിക്കോ ബന്ധുക്കള്‍ക്കോ പരാതിപ്പെടാനുള്ള സംവിധാനങ്ങളെല്ലാം ഇന്നുണ്ട്. പെട്ടന്നുണ്ടാകുന്ന വികാരപ്രകടനത്തിന്റെ ഭാഗമായി അക്രമം അഴിച്ചുവിടേണ്ട ആവശ്യമില്ല. ഡോക്ടര്‍മാരുള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകരും തികഞ്ഞ സൂക്ഷ്മതയും ജാഗ്രതയും പുലര്‍ത്തണം. ചെറിയ നോട്ടപ്പിശകു കാരണമുണ്ടാകുന്ന തിരുത്താനാകാത്ത പിഴവ് ജീവിതകാലം മുഴുവന്‍ നിങ്ങളെ വേട്ടയാടുന്ന സ്ഥിതിയുണ്ടാകും.

കേരളത്തിന്റെ വികസനക്കുതിപ്പിനായി ആവിഷ്‌കരിച്ച കിഫ്ബി മലര്‍പ്പൊടിക്കാരന്റെ സ്വപ്നമല്ലെന്ന് ഇതിനോടകം തെളിയിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 2016-ല്‍ കിഫ്ബി ആവിഷ്‌കരിച്ചപ്പോള്‍ മലര്‍പ്പൊടിക്കാരന്റെ സ്വപ്നമെന്ന് പല പ്രമുഖരും ആക്ഷേപിച്ചു. 2021-ല്‍ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കിയപ്പോള്‍ 50000 കോടിയുടെ വികസനപ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിട്ട സ്ഥാനത്ത്, 62000 കോടിയുടെ വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കി. നവകേരളത്തില്‍ പണമില്ലാത്തതിനാല്‍ ചികിത്സ ലഭിക്കാത്ത ആരുമുണ്ടാകരുതെന്നാണ് സര്‍ക്കാരിന്റെ ആഗ്രഹംഅദ്ദേഹം പറഞ്ഞു.

മന്ത്രി വീണാ ജോർജ് അധ്യക്ഷയായി. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ. മുഖ്യാതിഥിയായി.
ജില്ലാപ്പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാര്‍, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാര്‍ ഡി.ആര്‍.അനില്‍, മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. .നിസാറുദീന്‍, എസ്..ടി. ആശുപത്രി സൂപ്രണ്ട് ഡോ. എസ്.ബിന്ദു, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. തോമസ് മാത്യു, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. പി.കലാ കേശവന്‍ എന്നിവര്‍ സംസാരിച്ചു.

Related Articles

Back to top button