IndiaLatest

വിളിച്ചത് സ്‌മൃതി ഇറാനിയാണെന്ന് പിടികിട്ടിയില്ല; ഉദ്യോഗസ്ഥനെതിരെ അന്വേഷണം

“Manju”

ലക്‌നൗ : ഫോണില്‍ വിളിച്ചത് കേന്ദ്രമന്ത്രി സ്‌മൃതി ഇറാനിയാണെന്ന് മനസിലാക്കാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥനെതിരെ അന്വേഷണം പ്രഖ്യാപിച്ച്‌ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. അമേഠി എം‌പിയും കേന്ദ്രമന്ത്രിയുമായ സ്‌മൃതി ഇറാനി ഒരു പരാതിയെ തുടര്‍ന്ന് അന്വേഷിക്കാനാണ് ദീപക് എന്ന ക്ളാര്‍ക്കിനെ വിളിച്ചത്. എന്നാല്‍ ദീപകിന് വിളിച്ചത് മന്ത്രിയാണെന്ന് മനസിലാകാനായില്ല.

മുസാഫിര്‍ഖാനയിലെ പഹല്‍വാന്‍ ഗ്രാമവാസിയായ കരുണേഷ് എന്നയാള്‍ തന്റെ അച്ഛന്റെ പേരിലുള‌ള പെന്‍ഷന്‍ അമ്മയ്‌ക്ക് ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നും എന്നാല്‍ ഇവിടെ ക്ളാര്‍ക്കായ ദീപക് ഈ രേഖകള്‍ പരിശോധിക്കുന്നില്ലെന്നുമാണ് കേന്ദ്രമന്ത്രിയോട് പരാതിപ്പെട്ടത്. ഇത് അന്വേഷിക്കാനാണ് മന്ത്രി വിളിച്ചത്. കരുണേഷിന്റെ അന്തരിച്ച പിതാവ് അദ്ധ്യാപകനായിരുന്നു. ഇദ്ദേഹത്തിന്റെ പെന്‍ഷന്‍ മാതാവ് സാവിത്രി ദേവിക്ക് അര്‍ഹതപ്പെട്ടതാണ്. ഇക്കാര്യം സംസാരിക്കാന്‍ മന്ത്രി വിളിച്ചപ്പോള്‍ ദീപക്കിന് ശബ്‌ദം മനസിലായതേയില്ല.

മന്ത്രിയുടെ ഒപ്പമുണ്ടായിരുന്ന ചീഫ് ഡെവലപ്‌മെന്റ് ഓഫീസര്‍ ഫോണ്‍ വാങ്ങി ദീപകിനോട് തന്നെ ഓഫീസിലെത്തി കാണാന്‍ പറഞ്ഞു. പ്രാഥമിക അന്വേഷണത്തില്‍ ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ ദീപക് വീഴ്‌ച വരുത്തിയിട്ടുണ്ടെന്ന് കണ്ടെത്തി. സംഭവത്തില്‍ വിശദ അന്വേഷണത്തിന് മുസാഫിര്‍ഖാന സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ അന്വേഷണ റിപ്പോര്‍ട്ട് വന്നശേഷം ദീപകിനെതിരെ നടപടിയുണ്ടാകും.

Related Articles

Back to top button