KeralaLatest

യുവത്വത്തിന്റെ ഉശിര് സ്പീക്കറാകുമ്പോള്‍…

“Manju”

കണ്ണൂര്‍: വീട്ടില്‍ നിന്ന് വിളിപ്പാടകലെയുള്ള കോടിയേരിയിലെ മലബാര്‍ കാന്‍സര്‍ സെന്ററിലെത്തുന്ന രോഗികളുടെ ദുരിതജീവിതത്തിനൊപ്പം സഞ്ചരിച്ചാണ് എ.എന്‍. ഷംസീര്‍ പൊതുപ്രവര്‍ത്തകനായത്. തലശേരി മാടപ്പീടികയ്ക്കടുത്ത എക്കണ്ടി നടുവിലേരി തറവാട്. റിട്ട. സീമാന്‍ പരേതനായ കോമത്ത് ഉസ്മാന്റെയും എ.എന്‍. സറീനയുടെയും മകന്‍. മലബാര്‍ കാന്‍സര്‍ സെന്ററിലെത്തുന്ന അര്‍ബുദ രോഗികളുടെ സഹായത്തിനായി ആശ്രയ ചാരിറ്റബിള്‍ സൊസൈറ്റി എന്ന സംഘടനയുടെ പിറവിയും ഷംസീര്‍ അടക്കമുള്ളവരുടെ മുന്‍കൈയിലായിരുന്നു. കാരുണ്യ പ്രവര്‍ത്തനത്തിനൊപ്പം വിദ്യാര്‍ത്ഥി സംഘടനാ പ്രവ‌ര്‍ത്തനം കൂടിയായതോടെ ഷംസീര്‍ ശ്രദ്ധേയനായി.

കണ്ണൂര്‍ സര്‍വകലാശാലാ യൂണിയന്‍ പ്രഥമ ചെയര്‍മാനായി. നന്നെ ചെറുപ്പത്തില്‍ വിദ്യാത്ഥി, യുവജനപ്രസ്ഥാനങ്ങളുടെ അമരക്കാരനായത് ഊര്‍ജ്ജസ്വലമായ ഇടപെടലിലൂടെയാണ്. 2007 ല്‍ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായ ഷംസീര്‍ ചാനല്‍ ചര്‍ച്ചകളില്‍ സി.പി.എമ്മിന്റെ പോരാളിയാണ്. 2009 ല്‍ എസ്.എഫ്.ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായും 2011 ല്‍ ഡി.വൈ.എഫ്.ഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു. തലശേരി ഗവ. ബ്രണ്ണന്‍ കോളേജില്‍നിന്ന് ഫിലോസഫിയില്‍ ബിരുദവും കണ്ണൂര്‍ സര്‍വകലാശാലാ പാലയാട് ക്യാമ്ബസില്‍നിന്ന് നരവംശശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദവും നേടി. പാലയാട് സ്‌കൂള്‍ ഒഫ് ലീഗല്‍ സ്റ്റഡീസില്‍ നിന്ന് എല്‍.എല്‍.ബി.യും എല്‍.എല്‍.എമ്മും പൂര്‍ത്തിയാക്കി. തലശേരി കോ ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍ പ്രസിഡന്റ് ,തലശേരി കേന്ദ്രമായ അഡ്വ. ഒ.വി. അബ്ദുള്ള ട്രസ്റ്റ് സ്ഥാപക സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എന്നിവരുമായി അടുത്ത ബന്ധം പുലര്‍ത്താന്‍ കഴിഞ്ഞതും ഷംസീറിന്റെ മികവിന്റെ സാക്ഷ്യമാണ്.

Related Articles

Back to top button