InternationalLatest

ആശങ്കകള്‍ മറികടന്നു വിപണി

“Manju”

പ്രീ ഓപ്പണില്‍ താഴ്ന്നു തുടങ്ങിയ ശേഷം ഇന്ത്യന്‍ വിപണി റെഗുലര്‍ വ്യാപാരത്തില്‍ ചെറിയ നേട്ടത്തോടെ തുടങ്ങി. പിന്നീട് നല്ല ഉയര്‍ച്ചയിലെത്തി. സെന്‍സെക്സ് 59,200-നും നിഫ്റ്റി 17,650-നും മുകളിലായി. പിന്നീട് അല്‍പം താഴ്ന്നു. ബാങ്കുകള്‍, ധനകാര്യ കമ്പനികള്‍, ഐടി കമ്പനികള്‍ എന്നിവ ഇന്ന് നേട്ടം കാണിച്ചു.

ഫെഡറല്‍ ബാങ്ക് രാവിലെ ഒന്‍പതു ശതമാനത്തോളം കുതിച്ച്‌ 129.75 രൂപ വരെ ഉയര്‍ന്നിട്ട് അല്‍പം താണു. ഒരു മാസത്തിനുള്ളില്‍ ഓഹരിക്ക് 18 ശതമാനത്തോളം കയറ്റമുണ്ടായി. ഉയര്‍ന്ന വിലയില്‍ ലാഭമെടുക്കാനായി വില്‍ക്കുന്നവരുടെ സമ്മര്‍ദം കൂടി. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഒരു ശതമാനത്തിലധികം നേട്ടമുണ്ടാക്കി. വ്യാവസായിക ലോഹങ്ങളുടെ വില ചൈനയില്‍ ഉയര്‍ന്നത് മെറ്റല്‍ കമ്പനി സൂചിക 1.5 ശതമാനം കയറാന്‍ സഹായിച്ചു. ഹിന്‍ഡാല്‍കോ, വേദാന്ത, ഹിന്ദുസ്ഥാന്‍ സിങ്ക്, ടാറ്റാ സ്റ്റീല്‍ തുടങ്ങിയവയുടെ വില ഉയര്‍ന്നു. ഇ ഡി പരിശോധനയും അക്കൗണ്ട് മരവിപ്പിക്കലും സംബന്ധിച്ച റിപ്പാേര്‍ട്ടുകളെ തുടര്‍ന്ന് പേയ്ടിഎം ഓഹരി നാലു ശതമാനത്തോളം ഇടിഞ്ഞു.

സൈറസ് മിസ്ത്രിയുടെ അപ്രതീക്ഷിത മരണത്തെ തുടര്‍ന്ന് ഷപ്പൂര്‍ജി പല്ലാേണ്‍ജി ഗ്രൂപ്പിലെ ലിസ്റ്റ്ഡ് കമ്പനികള്‍ നാലു ശതമാനം വരെ താഴ്ചയിലാക്കി. ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഹോട്ടല്‍ നടത്തുന്നതിനുള്ള കരാര്‍ ഒപ്പുവച്ചത് ചാലെറ്റ് ഹോട്ടല്‍സിന്‍റെ ഓഹരിവില മൂന്നു ശതമാനം ഉയര്‍ത്തി.

സ്വര്‍ണം ലോകവിപണിയില്‍ 1712 ഡോളറിനു മുകളിലെത്തി. കേരളത്തില്‍ പവന് 80 രൂപ വര്‍ധിച്ച്‌ 37,400 രൂപയായി. രൂപ ഇന്നും ദുര്‍ബലമായി. ഡോളര്‍ മൂന്നു പൈസ നേട്ടത്തില്‍ 79.83 രൂപയില്‍ ഓപ്പണ്‍ ചെയ്തു. ആദ്യം 79.81 ലേക്കു താഴ്ന്നിട്ട് 79.85 ലേക്കു കയറി. ഉല്‍പാദനം കുറയ്ക്കാന്‍ ഒപെക് തീരുമാനിക്കുമോ എന്ന ആശങ്കയില്‍ ക്രൂഡ് ഓയില്‍ വില കൂടകയും ചെയ്തു.

Related Articles

Back to top button