KeralaLatest

കഞ്ചാവ് കുരു കലക്കിയ മില്‍ക്ക് ഷെയ്ക്ക് : കടയ്ക്കെതിരെ കേസെടുത്തു

“Manju”

കോഴിക്കോട് തെക്കേകടപ്പുറത്ത് ഗുജറാത്തി സ്ട്രീറ്റിൽ കഞ്ചാവ് കുരു ജ്യൂസ് വിറ്റ കടയ്ക്കെതിരെ കേസെടുത്തു. ജ്യൂസ് സ്റ്റാളുകളിൽ എൻഫോഴ്‌സ്‌മെന്റ് നാർക്കോട്ടിക് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് കഞ്ചാവിന്റെ കുരു ഓയിൽ രൂപത്തിലാക്കി മിൽക്ക് ഷെയ്ക്കിൽ കലക്കി കൊടുക്കുന്നതിനെതിരെ കേസെടുത്തത്.

കടയിൽനിന്നു ഹെംപ് സീഡ് ഓയിലും കഞ്ചാവിന്റെ കുരുവും ചേർത്ത 200 മില്ലി ദ്രാവകവും പിടികൂടിയിട്ടുണ്ട്. സ്ഥാപനത്തിനെതിരെ ലഹരിമരുന്ന് നിയമ പ്രകാരമാണ് കേസ് എടുത്തത്. സീഡ് ഓയിൽ രാസപരിശോധനക്കായി റീജനൽ കെമിക്കൽ ലാബിൽ പരിശോധനക്കയച്ചു. പരിശോധനഫലം ലഭിക്കുന്ന മുറക്ക് തുടർനടപടികൾ സ്വീകരിക്കുമെന്നും അസി. എക്‌സൈസ് കമ്മിഷണർ എൻ.സുഗുണൻ പറഞ്ഞു. ഡൽഹിയിൽ നിന്നുമാണ് കഞ്ചാവിന്റെ കുരു കൊണ്ടുവരുന്നത്. ഇത്തരത്തിലുളള കൂടുതൽ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതായും എക്‌സൈസ് സംശയിക്കുന്നുണ്ട്. വിദ്യാർത്ഥികൾ കൂടുതലായി ഈ സ്ഥാപനത്തിൽ എത്തുന്നുണ്ടോയെന്നും എക്‌സൈസ് സംഘം നിരീക്ഷിച്ചു വരുന്നു.

ഗുജറാത്തി സ്ട്രീറ്റിൽ പ്രവർത്തിക്കുന്ന കടയിൽ കഞ്ചാവ് ചെടിയുടെ വിത്തുപയോഗിച്ച് ഷെയ്ക്ക് അടിച്ചു വിൽപ്പന നടത്തുന്നതായി സമൂഹമാധ്യമങ്ങൾ വഴി പ്രചരിക്കുന്നതായി എക്‌സൈസ് കമ്മിഷണർക്ക് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. എൻഫോഴ്‌സ്‌മെന്റ് നർക്കോട്ടിക് സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ വി.ആർ.ഗിരീഷ് കുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

Related Articles

Back to top button