KeralaLatest

ഇന്ന് ലോക അല്‍ഷിമേ‍ഴ്സ് ദിനം

“Manju”

ഇന്ന് സെപ്റ്റംബര്‍ 21- ലോക മറവിരോഗ ദിനം അഥവാ അല്‍ഷിമേഴ്സ് ദിനം. ഓര്‍മ്മകള്‍ നഷ്ടപ്പെട്ട് പോയവരെ ഓര്‍മ്മിക്കാനായുള്ള ഒരു ദിനം. അല്‍ഷിമേഴ്‌സ് രോഗത്തെ കുറിച്ച്‌ അവബോധം സൃഷ്ടിക്കുക, രോഗം നേരത്തെ കണ്ടെത്തുക, തുടര്‍ ചികിത്സ ഉറപ്പാക്കുക എന്നിവയാണ് ഈ ദിനത്തിന്റെ പ്രധാന ലക്ഷ്യം.

‘മേധാക്ഷയത്തെ അറിയൂ, അല്‍ഷിമേഴ്‌സ് രോഗത്തെ അറിയൂ’ (Know Dementia, Know Alzheimer’s) എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. ഓര്‍മകളുടെ താളം പൂര്‍ണമായും തെറ്റുന്ന ഒരു രോഗാവസ്ഥയാണ് അല്‍ഷിമേഴ്സ്. അല്‍ഷിമേഴ്സിന്റെ പ്രാരംഭ ഘട്ടത്തില്‍ ഒരു വ്യക്തിയില്‍ ഓര്‍മ്മക്കുറവ്, പെരുമാറ്റം, ആശയവിനിമയ പ്രശ്നം എന്നിവയിലെ മാറ്റങ്ങള്‍ പ്രകടിപ്പിച്ചേക്കാം. മറവി രോഗത്തിന്റെ ആദ്യ നാളുകളില്‍ വ്യക്തിക്ക് ജീവിതചര്യകളുമായി മുന്നോട്ടു പോകാന്‍ സാധിക്കും. തീവ്രഘട്ടത്തില്‍ വ്യക്തി എത്തിച്ചേരുമ്പോള്‍, ഓര്‍മിക്കാനുള്ള കഴിവ് പൂര്‍ണമായും നഷ്ടപ്പെട്ടിട്ടുണ്ടാവും. സംസാരിക്കാനും പ്രതികരിക്കാനുമുള്ള കഴിവുകള്‍ ഇല്ലാതായി തീരും. നടക്കാനും ഇരിക്കാനും ഭക്ഷണം കഴിക്കാനുമൊക്കെയുള്ള ബുദ്ധിമുട്ടുകള്‍ വളരെ തീവ്രമായ ഘട്ടത്തിലേക്ക് എത്തിച്ചേരാം. നേരത്തെ തന്നെ മറവി രോഗത്തിന്റെ അപായ സൂചനകള്‍ തിരിച്ചറിയുക, കൃത്യ സമയത്തുള്ള രോഗ നിര്‍ണയം എന്നിവ പ്രാധാന്യമുള്ള ഘടകങ്ങളാണ്. 60 വയസ്സ് കഴിഞ്ഞവരിലാണ് കൂടുതലായും രോഗലക്ഷണങ്ങള്‍ കാണപ്പെടുന്നത്.
പ്രധാനപ്പെട്ട ലക്ഷണങ്ങള്‍…
ഒന്ന്…
ഒരു വ്യക്തി അള്‍ഷിമേഴ്സ് ബാധിതനാണെന്ന് സൂചിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ലക്ഷണമാണ് ഓര്‍മ്മക്കുറവ്. ഒരാള്‍ ഒരു സ്ഥലം സന്ദര്‍ശിക്കുകയും ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ അതിനെക്കുറിച്ച്‌ പൂര്‍ണ്ണമായി മറക്കുകയോ അല്ലെങ്കില്‍ വീട്ടിലെ ബാത്ത്റൂം പോലുള്ള പരിചിതമായ സ്ഥലങ്ങളെക്കുറിച്ച്‌ ആശയക്കുഴപ്പം നേരിടുകയോ അല്ലെങ്കില്‍ ഒന്നോ രണ്ടോ തവണയല്ല സ്ഥിരമായി താക്കോല്‍ സൂക്ഷിക്കുന്നത് എവിടെയെന്ന് മറക്കുകയോ ചെയ്താല്‍, അത് അള്‍ഷിമേഴ്സിന്റെ പ്രധാനലക്ഷണമാണെന്ന് കരുതാം.
രണ്ട്…
പണം കണക്കുകൂട്ടുന്നതിനോ കൈകാര്യം ചെയ്യുന്നതിനോ ഉള്ള ബുദ്ധിമുട്ടാണ് മറ്റൊരു ലക്ഷണം. ഒരു വ്യക്തിയ്ക്ക് പണം കൈകാര്യം ചെയ്യാനും ബില്ലുകള്‍ അടയ്ക്കാനും ബുദ്ധിമുട്ട് അനുഭവപ്പെടുന്നു എന്നതാണ് മറ്റൊരു ആദ്യ ലക്ഷണം.
മൂന്ന്…
അല്‍ഷിമേഴ്സ് ബാധിച്ച ഒരാള്‍ക്ക് മാനസികാവസ്ഥയില്‍ മാറ്റങ്ങള്‍ ഉണ്ടായേക്കാം. വിഷാദരോഗം അള്‍ഷിമേഴ്സ് രോഗത്തിന്റെ വളരെ നേരത്തെയുള്ള ഒരു ലക്ഷണമാണ്.
നാല്…
വസ്തുക്കള്‍ അല്ലെങ്കില്‍ പ്രവര്‍ത്തികള്‍ നിരീക്ഷിക്കുന്നതിലും തീരുമാനങ്ങള്‍ എടുക്കുന്നതിലും ബുദ്ധിമുട്ട് അനുഭവപ്പെടുന്നു.
അഞ്ച്…
ഒരാള്‍ക്ക് ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതില്‍ പ്രശ്നങ്ങളുണ്ടാകുന്നുണ്ടെങ്കില്‍ അതും അല്‍ഷിമേഴ്സിന്റെ മറ്റൊരു ലക്ഷണമാണ്.
ആറ്…
വ്യക്തികളുടെ പേരുകളും സ്ഥലപ്പേരുകളും ഓര്‍മിച്ചെടുക്കാന്‍ ഇവര്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. ചെറിയ കണക്കുകള്‍ പോലും ചെയ്യുന്നതിന് പ്രയാസം നേരിടും. ഭാഷയുമായി ബന്ധപ്പെട്ട കഴിവുകള്‍ നഷ്ടമാകുന്നു. ഈ അവസ്ഥയില്‍ എങ്ങനെ പല്ലുതേക്കണമെന്നും മുടി ചീകണമെന്നും മറന്നുപോകുന്നു. കാലക്രമേണ രോഗി വൈകാരികാവസ്ഥയിലും പ്രകടമായ മാറ്റങ്ങള്‍ കാണിച്ചുതുടങ്ങുന്നു.

Related Articles

Back to top button