KeralaLatest

ഭക്തൻ കരഞ്ഞാല്‍ ഗുരു വിഷമിക്കും – സ്വാമി ഗുരുസവിധ് ജ്ഞാനതപസ്വി

“Manju”

പോത്തൻകോട് : വിശ്വസിച്ച് കൂടെ നില്‍ക്കുന്ന ഒരു ഭക്തന്റെ ദു:ഖം ഗുരു സ്വയം ഏറ്റെടുക്കുമെന്നും ഭക്തൻ കരഞ്ഞാല്‍ അത് ഗുരുവിന് വിഷമമാകുമെന്നും സ്വാമി ഗുരുസവിധ് ജഞാനതപസ്വി. ഇന്ന് രാവിലെ (30-09-2022) 11 ന് ആശ്രമം സ്പിരിച്ച്വല്‍ സോണ്‍ കോണ്‍ഫറന്‍സ് ഹാളില്‍ ഗുരുവുമായുള്ള തന്റെ അനുഭവം പങ്കുവെയ്ക്കുകയായിരുന്നു സ്വാമി. യാദൃശ്ചികമായാണ് താൻ ആശ്രമത്തിലെത്തിയതെന്നും, ആദ്യകാലത്ത് ആശ്രമം പോലെയുള്ള കാര്യങ്ങളോട് വിമുഖതയുണ്ടായിരുന്നു ആളായിരുന്നു താനെന്നും, ഭൗതീകതയിലാണ് അക്കാലത്ത് വിശ്വസിച്ചിരുന്നതെന്നും സ്വാമി പറഞ്ഞു. ആദ്യമായി ഗുരുവിനെക്കണ്ടപ്പോള്‍ ആത്മീയതയ്ക്കപ്പുറമുള്ള അനുഭവാവസ്ഥയാണ് ഉണ്ടായത്. പിന്നെ ഇടയ്ക്കിടയ്ക്ക് ഗുരുജയന്തിക്ക് വന്നുപോയി. ഒരു പ്രാവശ്യം ഗുരുവിനെകണ്ടിട്ട് പോകാൻ കഴിയാതെ വിഷമിച്ച് നില്‍ക്കുമ്പോള്‍ അഭിവന്ദ്യ ശിഷ്യപൂജിത വന്ന് ഒരു പൊതി തന്നു. ഇത് മൊത്തം പുതിയ നാണയങ്ങളാണ്, ഗുരുവിനെ കണ്ടതിന് ശേഷം എണ്ണിയാല്‍ മതിയെന്ന് പറഞ്ഞു. അങ്ങനെ ഗുരുവിനെ കാണാന്‍ കഴിഞ്ഞു. അതാണ് ഭക്തന്റെ ഉള്ളിന്റെ തേങ്ങല്‍ ഗുരു എപ്പോഴും അറിയുന്നു. ഗുരുവിന്റെ വേദനയും നമ്മളറിയണം. ഗുരുവിന്റെ ഇശ്ചക്കൊത്ത് ജീവിക്കാൻ നാം സ്വയം പരുവപ്പെടണമെന്നും സ്വാമി തന്റെ അനുഭവത്തിലൂടെ വിശദീകരിച്ചു.

ഒരിക്കൽ കൊയിലാണ്ടിയില്‍ കുറച്ച് ആളുകളെ സംഘടിപ്പിച്ച് വലിയ ഒരു സമ്മേളനം നടത്തി. അതിന് വലിയ സ്വീകാര്യത ലഭിച്ച വിവരം തിരുവനന്തപുരത്ത് വന്ന് ഗുരുവിനോട് പറഞ്ഞു. അപ്പോള്‍ ഗുരു പറഞ്ഞത് ഇപ്രകാരമായിരുന്നു. നിങ്ങള്‍ ഒരു സ്ഥലത്ത് പ്രവര്‍ത്തിക്കുമ്പോള്‍ ആ പ്രവര്‍ത്തനത്തിന്റെ പ്രതിഫലനം അവിടുത്തെ അന്തരീക്ഷത്തിലുണ്ടാകും. അത് പ്രവര്‍ത്തിച്ചാണ് അവിടെ നിന്നും വിശ്വാസികളുണ്ടാകുന്നത്. അതിനാല്‍ ഓരോ സ്ഥലത്തും നാം ഗുരുവിന് വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ അന്തരീക്ഷത്തിലുണ്ടാകുന്ന ശുദ്ധീകരണവും നാടിനുണ്ടാകുന്ന മാറ്റവും ഗുരുവാണിയെ ഉദ്ധരിച്ച് സ്വാമി പറഞ്ഞു.

ഒരവസരത്തിൽ ഗുരുരത്നം സ്വാമി കോഴിക്കോട് ആശ്രമത്തില്‍ വന്ന് സംസാരിച്ചപ്പോള്‍ ഗുരുവിന്റെ ആശയം ലോകത്ത് പ്രചരിപ്പിക്കുന്നതില്‍ നിങ്ങളെപോലെുയുളള ചെറുപ്പക്കാരെ ആവശ്യമുണ്ടെന്നുളള വാക്കാണ് തന്നെ സജീവമായി ആശ്രമവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിച്ചതെന്നും സ്വാമി പറഞ്ഞു. സന്ന്യാസദീക്ഷാ വാര്‍ഷികത്തോടനുബന്ധിച്ച് എല്ലാദിവസവും രാവിലെ 10 മുതല്‍ 12വരെ സന്ന്യാസ സംഘത്തിലുള്ളവര്‍ തങ്ങളുടെ അനുഭവം പങ്കുവെയ്ക്കുന്നു. ഒക്ടോബര്‍ നാല് വരെ ഇത് തുടരും. സന്ന്യാസദീക്ഷാവാർഷികമായ ഒക്ടോബര്‍ 5 ബുധനാഴ്ച വിവിധ പ്രാർത്ഥാനാ ചടങ്ങുകളും നടക്കും.

Related Articles

Back to top button