IndiaLatest

രാജസ്ഥാനില്‍ 50ല്‍ 36 മുനിസിപ്പാലിറ്റിയും കോണ്‍ഗ്രസിന്, ബിജെപി പിന്നില്‍

“Manju”

ജയ്പൂര്‍: രാജസ്ഥാനില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ നേരിട്ട തിരിച്ചടി നഗരസഭകളില്‍ തീര്‍ത്ത് കോണ്‍ഗ്രസ്. ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ വന്‍ നേട്ടമാണ് കോണ്‍ഗ്രസ് സ്വന്തമാക്കിയിരിക്കുന്നത്. ആകെയുള്ള 50 മുനിസിപ്പാലിറ്റികളില്‍ 36 എണ്ണവും കോണ്‍ഗ്രസ് ഭരിക്കും. മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ ദില്ലിയിലേക്ക് വിളിപ്പിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ഈ നേട്ടം രാജസ്ഥാന്‍ സര്‍ക്കാര്‍ സ്വന്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ച്ചയാണ് ഇവിടെ തിരഞ്ഞെടുപ്പ് നടന്നത്. ബിജെപിക്ക് ഈ തിരഞ്ഞെടുപ്പില്‍ വെറും പന്ത്രണ്ട് മുനിസിപ്പാലിറ്റികളില്‍ ഒതുങ്ങി. നഗരമേഖലകള്‍ ഗെലോട്ടിനൊപ്പം നില്‍ക്കുന്നതിനാണ് രാജസ്ഥാന്‍ സാക്ഷ്യം വഹിച്ചത്. രണ്ട് സീറ്റില്‍ സ്വതന്ത്രര്‍ വിജയിച്ചിട്ടുണ്ട്.

ആള്‍വാറില്‍ ബിജെപിയാണ് നേട്ടമുണ്ടാക്കിയത്. ഇവിടെ രണ്ട് മുനിസിപ്പല്‍ കൗണ്‍സിലിലാണ് കോണ്‍ഗ്രസ് ഭരണം പിടിച്ചത്. ബിജെപി ആള്‍വാറില്‍ നാല് കൗണ്‍സിലില്‍ ഭരണം പിടിച്ചു. എന്നാല്‍ അഞ്ച് ജില്ലകളില്‍ കോണ്‍ഗ്രസ് തൂത്തുവാരുന്നതാണ് കണ്ടത്. ബരണില്‍ രണ്ട് സീറ്റുകള്‍ കോണ്‍ഗ്രസ് നേടി. ഭരത്പൂരില്‍ അത് എട്ടായി ഉയര്‍ന്നു. ദൗസയില്‍ രണ്ടും ദോല്‍പൂരില്‍ രണ്ടും കരൗലിയില്‍ മൂന്നും സീറ്റുകള്‍ കോണ്‍ഗ്രസ് നേടി. തലസ്ഥാന നഗരയായ ജയ്പൂരില്‍ ആകെയുള്ള പത്ത് കൗണ്‍സിലുകളില്‍ ഒമ്ബതെണ്ണവും കോണ്‍ഗ്രസ് സ്വന്തമാക്കി. ചിലയിടത്ത് മാത്രമാണ് ബിജെപി ഏതെങ്കിലും തരത്തിലുള്ള പോരാട്ടം കാഴ്ച്ചവെച്ചത്.

അതേസമയം ജോധ്പൂര്‍, സവായ് മധോപൂര്‍, കോട്ട എന്നിവിടങ്ങളില്‍ ബിജെപി പിടിച്ച്‌ നിന്നു. ഇവിടെ ഓരോ സീറ്റ് കോണ്‍ഗ്രസും ബിജെപിയും സ്വന്തമാക്കി. ശ്രീഗംഗാനഗറില്‍ കോണ്‍ഗ്രസും ബിജെപിയും നാല് വീതം കൗണ്‍സില്‍ സ്വന്തമാക്കി. സിരോഹിയില്‍ ആകെയുള്ള സീറ്റ് ബിജെപി സ്വന്തമാക്കി. കോണ്‍ഗ്രസ് ജാതിയും മതവും പറഞ്ഞാണ് സീറ്റ് നേടിയതെന്ന് ബിജെപി വക്താവ് മുകേഷ് പരീക് പറഞ്ഞു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ അട്ടിമറിച്ചാണ് അവര്‍ പലയിടത്തും അധികാരം നേടിയതെന്നും പരീക് പറഞ്ഞു. നേരത്തെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ 21 ജില്ലകളില്‍ ബിജെപിയായിരുന്നു മികച്ച പ്രകടനം നടത്തിയത്.

സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ പലയിടത്തും ഇത്തവണ നിര്‍ണായക സ്വാധീനം ചെലുത്തുമെന്നാണ് മുനിസിപ്പാലിറ്റി ഫലം തെളിയിക്കുന്നത്. അതേസമയം വൈസ് ചെയര്‍മാന്‍ സ്ഥാനത്തിനായുള്ള തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. നേരത്തെ അഞ്ച് പേര്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. നേരത്തെ നഗര മേഖലകളിലെ തിരഞ്ഞെടുപ്പില്‍ 619 സീറ്റുകള്‍ കോണ്‍ഗ്രസ് നേടിയിരുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ജില്ലാ പരിഷത്തുകളിലേക്ക് ബിജെപി 12 ജില്ലാ പ്രമുഖുമാരെ വിജയിപ്പിച്ചെടുത്തിരുന്നു. കോണ്‍ഗ്രസ് അഞ്ചിലൊതുങ്ങിയിരുന്നു. ഈ തോല്‍വിക്ക് ശേഷമാണ് കോണ്‍ഗ്രസ് തിരിച്ചുവന്നിരിക്കുന്നത്.

Related Articles

Back to top button