Uncategorized

മാധ്യമങ്ങളിലൂടെ മനസ്സ് കീഴടക്കാം – രാഗേഷ് കെ. നായര്‍

“Manju”

പോത്തൻകോട് : മാധ്യമത്തെ ഫലപ്രദമായി ഉപയോഗിക്കുന്നതിലൂടെ നമുക്ക് ലോക മനസ്സ് തന്നെ കീഴടക്കാനാകുമെന്നും ഇന്നത്തെ കാലത്ത് നമുക്ക് പറയാനുള്ള കാര്യങ്ങള്‍ തുറന്നു പറയാനും, വാസനകള്‍ സമൂഹത്തിന് മുന്നിലെത്തിക്കുവാനും മാധ്യമങ്ങള്‍ വളരെയധികം സഹായകരമാകുന്നതായും മാതൃഭൂമി സീനിയര്‍ റിപ്പോര്‍ട്ടര്‍ രാഗേഷ് കെ. നായര്‍. പണ്ട് കാലത്ത് വിവരം ഒരു സ്ഥലത്ത് നിന്നും മറ്റൊരിടത്തെത്തുവാൻ ദിവസങ്ങളെടുത്തിരുന്നുവെങ്കില്‍ ഇന്നത് നിങ്ങളുടെ കണ്‍മുന്നിലെ സ്ക്രീനില്‍ നിമിഷങ്ങള്‍ക്കകം എത്തുകയാണ്. ഈ സാധ്യതകളെ സത്യസന്ധമായി ഉപയോഗിക്കുമ്പോഴാണ് മാധ്യമപ്രവര്‍ത്തനം ധാര്‍മ്മികമാവുന്നത്. കോവിഡ് കാലത്ത് നിരവധിയാളുകളാണ് ജനമനസ്സുകളില്‍ കടന്നുകൂടിയത്. രോഗശാന്തിയ്ക്കായി ടിക്ക് ടോക്ക് ചെയ്തവരും, വീട്ടിലെ അടുക്കളയിലിരുന്ന് പാട്ടുപാടിയവരും ഒക്കെ ജനഹൃദയത്തിലിടം നേടുന്നത് നാം കണ്ടു. അതുപോലെ നിരവധി മോട്ടിവേഷണല്‍ വീഡിയോകളും, പ്രഭാഷണങ്ങളും, സംഭവങ്ങളും ചരിത്രവസ്തുതകളുമൊക്കെ ഇക്കാലത്ത് ജനങ്ങള്‍ക്കുപകാരപ്രദമായി. ലോകം കോവിഡ് മുഖാന്തിരംവീടുകളിലേക്ക് ചുരുങ്ങിയപ്പോഴും എല്ലാ വിവരങ്ങളും, ദൈനംദിന കോവിഡ് അപ്ഡേഷനുകള്‍ ഉള്‍പ്പെടെ നമുക്ക് മുന്നിലെത്തി. അതിനാല്‍ മാധ്യമത്തിന്റെ ശക്തി അപാരവും അനന്തവുമാണ് എന്നുതന്നെ പറയാം. ആത്മീയ രംഗത്ത് പ്രവര്‍ത്തിക്കുന്ന നിരവധി പേരാണ് ആത്മീയപ്രഭാഷണങ്ങളുമായും പ്രോത്സാഹനപ്രദമായ വാക്കുകളും കഥകളുമായും ഇക്കാലത്ത് മൊബൈല്‍ സ്ക്രീനില്‍ നിറഞ്ഞു നിന്നത്. ഇന്നും അത് തുടരുന്നുമുണ്ട്. ശാന്തിഗിരി ആശ്രമത്തിലെ സന്ന്യാസസംഘത്തിന് വേണ്ടി മാധ്യമ പ്രവര്‍ത്തനവും സന്ന്യാസിമാരും എന്നവിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം‍.

ജീവിതത്തില്‍ അത് സാധാരണക്കാരനായാലും സന്ന്യാസിക്കായാലും മാധ്യമത്തെ എങ്ങനെ ഉപയോഗിക്കാം എന്നതിനെക്കുറിച്ച് ഒരു പൊതുധാരണ ഉണ്ടാകേണ്ടത് അനിവാര്യമാണ്. അച്ചടി മാധ്യമങ്ങളും, വിഷ്വല്‍ മാധ്യമങ്ങളുമുണ്ട്. അച്ചടിമാധ്യമത്തിന്റെ പ്രത്യേക‍ അച്ചടിക്കുന്ന അല്ലെങ്കില്‍ എഴുതുന്ന വാക്കുകള്‍ക്ക് ഒരു ശക്തിയുണ്ട്. കാരണം നാം അത് വായിക്കുമ്പോള്‍ നമ്മുടെ തലച്ചോറ് അത് വായിച്ചെടുത്ത് അവിടെ ഫീഡ് ചെയ്ത് വെയ്ക്കുകയാണ്. വാര്‍ത്തകള്‍ പെരുകുമ്പോഴും, ടെക്നോളജി വികസിക്കുമ്പോഴും നമ്മുടെ മുന്നില്‍ അച്ചടിപത്രങ്ങള്‍ നിലനില്‍ക്കുന്നത് അവര്‍ക്ക് സമൂഹത്തില്‍ ഒരു സ്ഥാനം ഉണ്ടായതുകൊണ്ടാണ്. അത് അവര്‍ വര്‍ഷങ്ങള്‍കൊണ്ട് നേടിയെടുത്ത സ്വീകാര്യതയാണ്. അത് വിശ്വാസമാണ്. വാര്‍ത്തയില്‍ വിശ്വാസ്യത അനിവാര്യമാണ്. കോടയില്‍ പല കേസുകള്‍ക്കും പത്രങ്ങള്‍ സാക്ഷിയായി വാദിക്കുന്നത് കണ്ടിട്ടില്ലേ.. ഇന്നത് വാട്സാപ്പിലും മെയിലിലും വരുന്ന സ്ക്രീൻ ഷോട്ടുകളാണ്.

പ്രിന്റ് ചെയ്യുന്ന വാക്കുകള്‍ക്ക് ഒരു ശക്തിയുണ്ട്. അതാണ് പലകാര്യങ്ങളും നമുക്ക് എഴുതിത്തരുവാൻ പലയിടത്തും ആവശ്യപ്പെടുന്നത്, അത് തെളിവാണ്. തെറ്റായ കാര്യങ്ങള്‍ പറഞ്ഞും പ്രചരിപ്പിച്ചും ആര്‍ക്കും അധികകാലം നിലനില്‍ക്കാനാവുകയില്ല. നമ്മള്‍ സ്വയം ഒരു മാധ്യമമായി മാറുമ്പോഴും കൈമുതലായി ഉണ്ടാകേണ്ടത് ഈ വിശ്വാസ്യതയാണ്. മാധ്യമ പ്രവര്‍ത്തനത്തിന് വേണ്ട പ്രധാനപ്പെട്ട കാര്യം വാക്കുകളാണ്. നമുക്ക് മറ്റുള്ളവരിലേക്ക് എത്തിച്ചേരുവാന്‍ ആശയവിനിമയം നടത്താൻ വാക്കുകള്‍ ആവശ്യമാണ്. വായനയിലൂടെയാണ് നല്ല വാക്കുകള്‍ കിട്ടുകയാണ്. നമ്മുടെ ഉപയോഗത്തിനായി വാക്കുകളുടെ ഒരു ബാങ്ക് സൃഷ്ടിക്കണം. നമ്മള്‍ ഉണ്ടാക്കിയ വാക്കുകളെ സ്ഫുടംചെയ്ത് അച്ചിലുരുക്കി മനോഹരമായ സൃഷ്ടികളാക്കി നമ്മുടെ ചിന്തയേയും നമുക്ക് പറയുവാനുള്ളതിനേയും അനുവാചകരിലേക്ക് സന്നിവേശിപ്പിക്കാം. പണ്ട് കാലത്ത് വാര്‍ത്തകള്‍ കൈകൊണ്ടെഴുതി പോസ്റ്റ് ചെയ്ത് അത് പ്രിന്റ് ചെയ്ത് വരുംവരെയുള്ള കാത്തിരിപ്പ് ഇന്ന് ഒരുവാര്‍ത്തയ്ക്കംവേണ്ടിവരുന്നില്ല. ഒരുതരത്തിലുള്ള തിന്മയേയും കാണരുത് കേള്‍ക്കരുത് വിനിമയം ചെയ്യരുത് എന്നതാണ് പത്രധര്‍മ്മം.

വാര്‍ത്തകള്‍ പലതരത്തിലുണ്ട്. അത് ചിലപ്പോള്‍ മുന്നറിയിപ്പാകാം, ആഹ്ലാദിപ്പിക്കുന്നതോ അലോരസപ്പെടുത്തുന്നതോ ആഘോഷിക്കുന്നതോ ആകാം, പഴയ സങ്കല്പങ്ങളില്‍ നിന്നും പുതിയ സങ്കല്പങ്ങളിലേക്ക് മാറിയകാലത്താണ് നമ്മള്‍ ജീവിക്കുന്നത്. നമ്മള്‍ എന്ത് എങ്ങനെ പറയണം, എന്ത് എപ്പോ സ്വീകരിക്കണം എന്നീ തീരുമാനത്തിന്റെ ഭാഗമാണ് നമുക്കുണ്ടാകുന്ന എല്ലാ മാറ്റങ്ങളും. എന്തു പറയുന്നു. എന്ത് കൊടുക്കുന്നു എന്നത് വളരെ പ്രധാനപ്പെട്ടതാണ്.

മാധ്യമങ്ങളുടെ സാധ്യതകളെ കാര്യക്ഷമമായി പ്രയോജനപ്പെടുത്തുന്ന ഒരാളാണ് ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി. സന്ന്യാസിമാര്‍ മാധ്യമരംഗത്തെ കാര്യക്ഷമമായി പ്രയോജനപ്പെടുത്തുന്നവരാണ്. ലോകത്തെ ആദ്യത്തെ വാര്‍ത്താ വിതരണക്കാരന്‍ നാരദരാണ്. നരനെ സംബന്ധിക്കുന്ന ജ്ഞാനംകൊടുക്കുന്നയാള്‍ ആണ് നാരദര്‍ എന്ന് വിവക്ഷിക്കുന്നതായി മനസ്സിലാക്കുന്നു. അതുപോലെ വാര്‍ത്തയെന്നു പറയുന്നതും നരനെ സംബന്ധിക്കുന്ന ജ്ഞാനം കൊടുക്കുന്നതാണ് വാര്‍ത്ത. ഇന്ന് ക്രിക്കറ്റും, ഫുഡ്ബോളും ഒക്കെ ലൈവ് ടെലികാസ്റ്റ് ചെയ്യാറുണ്ട്. പക്ഷെ ലോകത്തെ ആദ്യത്തെ ലൈവ് ടെലികാസ്റ്റ് നടന്നത് മഹാഭാരതത്തിലാണ്. കുരുക്ഷേത്ര യുദ്ധ സമയത്ത് ധൃതരാഷ്ട്രര്‍ക്ക് ലൈവ് ടെലികാസ്റ്റായി യുദ്ധഭൂമിയിലെ വിവരം നല്‍കിയത് വിദുരരാണ്.

സുവാര്‍ത്തയാണ് സുവിശേഷം. ദൈവത്തെക്കുറിച്ചുള്ള വാക്കുകള്‍ ദൈവത്തെക്കുറിച്ചുള്ള അറിവ് നമ്മള്‍ കൈമാറ്റം ചെയ്യുന്നത് സുവിശേഷ വാര്‍ത്തകളിലൂടെയാണ്‍. ചെയ്തികള്‍ എന്നാണ് വാര്‍ത്തയ്ക്ക് തമിഴില്‍ പറയുന്നത്. ചെയ്തികള്‍ എന്നുപറഞ്ഞാല്‍ സംഭവിച്ചത്. എന്നാല്‍ ചെയ്തികള്‍ മാത്രമല്ല, ചെയ്യുവാനുള്ളതും വാര്‍ത്തയാണ്. വിവരങ്ങള്‍ നല്‍കുക, വിദ്യാഭ്യാസം നല്‍കുക, ആഹ്ലാദിപ്പിക്കുക ഇതും പത്രധര്‍മ്മമാണ്. വാര്‍ത്തകളില്‍ നിന്നും വാര്‍ത്തയുണ്ടാകുന്നതാണ് ഇന്നത്തെ ട്രെന്‍ഡ്, നമ്മള്‍ പറയുന്ന കാര്യങ്ങള്‍ ലിഷയാധിഷ്ഠിത മാകാതിരിക്കുക. വിവരങ്ങള്‍ പൊതുസമൂഹത്തിലേക്ക് പങ്ക്വെയ്ക്കുമ്പോള്‍ അത് ഫെയര്‍ ആകുവാന്‍ ശ്രദ്ധിക്കണം. നമ്മള്‍ ഒരു മീഡിയയ്ക്ക് കൊടുക്കുന്ന വാര്‍ത്ത സമൂഹത്തിന് ഉപയോഗപ്രദമായിരിക്കണം.നമ്മുടെ വാര്‍ത്തകൊണ്ട് മറ്റൊരാള്‍ക്ക് വേദനയുണ്ടാക്കു ന്നതാകരുത്. സാധാരണക്കാരെ സഹായിക്കുന്നതിനുള്ളതാണ് ദൈനംദിന വാര്‍ത്തകള്‍, ഇത്തരം വാര്‍ത്തകളില്‍ അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാനാണ് വാര്‍ത്തകളെ ആശ്രയിക്കുന്നത്. വാര്‍ത്തകള്‍ പൊലിപ്പിക്കുവാൻ വേണ്ടി സത്യത്തില്‍ നിന്നും വ്യതിചലിച്ചാല്‍ അത് സമൂഹത്തിലെ സാധാരണക്കാരെ നാമറിയാതെ ചിലപ്പോള്‍ ബാധിക്കും., അത്തരം വാര്‍ത്തകള്‍നാം വിചാരിക്കാത്ത തലത്തിലേക്ക് കടക്കും. ഒരു മനുഷ്യനെയും വിഷമിപ്പിക്കാത്തതരത്തില്‍ സത്യമായി മാത്രമേ ഒരുമാധ്യമ പ്രവര്‍ത്തകന്‍ വാര്‍ത്തകള്‍ കൊടുക്കുവാൻ പാടുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു.

Related Articles

Check Also
Close
  • ….
Back to top button