KeralaLatest

അമ്മയ്ക്കും കുഞ്ഞിനും സംരക്ഷണം ഉറപ്പാക്കി സര്‍ക്കാര്‍

“Manju”

കൊല്ലം കൊട്ടിയത്ത് ഭര്‍തൃവീട്ടില്‍ നിന്നും ഇറക്കിവിട്ട അമ്മയ്ക്കും കുഞ്ഞിനും സംരക്ഷണമൊരുക്കി സര്‍ക്കാര്‍. അമ്മയ്ക്കും കുഞ്ഞിനും മതിയായ സംരക്ഷണം ഉറപ്പ് വരുത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. അമ്മയ്ക്ക് സമ്മതമാണെങ്കില്‍ കുഞ്ഞിനേയും അമ്മയേയും സര്‍ക്കാര്‍ സംരക്ഷണത്തില്‍ മാറ്റുന്നതാണ്. അതല്ലെങ്കില്‍ നിയമ സഹായവും പോലീസ് സഹായവും ഉറപ്പ് വരുത്തുന്നതാണ്. വനിത ശിശുവികസന വകുപ്പ് ഉദ്യോഗസ്ഥരോട് അടിയന്തരമായി ഇവരെ കണ്ട് നടപടി സ്വീകരിക്കാനും മന്ത്രി നിര്‍ദേശം നല്‍കി.

തഴുത്തല പി കെ ജങ്ഷന്‍ ശ്രീനിലയത്തില്‍ ഡി വി അതുല്യക്കും മകനുമാണ് ദുരനുഭവമുണ്ടായത്. സ്‌കൂളില്‍ നിന്ന് മകനെ വിളിക്കാനായി അതുല്യ പുറത്തിറങ്ങിയപ്പോള്‍ വീട്ടുകാര്‍ ഗേറ്റ് പൂട്ടുകയായിരുന്നു. വിവാഹം കഴിഞ്ഞ നാള്‍ മുതല്‍ പീഡനം സഹിക്കുകയാണെന്നും സ്ത്രീധനം കുറഞ്ഞുപോയി, വണ്ടി നല്‍കിയില്ല എന്നെല്ലാം പറഞ്ഞ് എല്ലാ ദിവസവും പരാതിയാണെന്നും അതുല്യ പറയുന്നു.

ഇന്നലെ വൈകിട്ട് മൂന്നരയ്ക്ക് സ്‌കൂള്‍ബസില്‍ നിന്ന് മകനെ വിളിക്കാന്‍ പോയതാണ് അതുല്യ.’അഞ്ച് മിനിറ്റ് എടുത്തതേ ഒള്ളു. ഞാന്‍ ചെന്നു കുഞ്ഞിനെയും കൂട്ടി വീട്ടിലേക്കുവന്നു. ഗെയിറ്റിനടുത്തെത്തിയപ്പോള്‍ രണ്ട് ഗെയിറ്റും പൂട്ടിയിട്ടിരിക്കുന്ന അവസ്ഥയാണ് കണ്ടത്. അടുത്തുള്ള കൊട്ടിയം സ്റ്റേഷനില്‍ വിവരമറിയിച്ചു. കൊല്ലം സിറ്റി കമ്മീഷ്ണറെ നേരിട്ട് വിളിക്കുകയും ചെയ്തു. ശിശുക്ഷേമ വകുപ്പിലും അറിയിച്ചു. ഇന്നലെ രാത്രി 11:30 വരെ ഗെയിറ്റിന് മുന്നില്‍ ഇരുന്നു. പിന്നെ നാട്ടുകാരുടെ സഹായത്തോടെ അകത്തുകടന്ന് വീടിന്റെ സിറ്റൗട്ടില്‍ ഇരിക്കുകയായിരുന്നു’, അതുല്യ പറഞ്ഞു.

Related Articles

Back to top button