IndiaLatest

ഇന്റര്‍പോള്‍ ജനറല്‍ അസംബ്ലിയെ അഭിസംബോധന ചെയ്യാനൊരുങ്ങി പ്രധാനമന്ത്രി

“Manju”

ന്യൂഡല്‍ഹി: 90ാമത് ഇന്റര്‍പോള്‍ ജനറല്‍ അസംബ്ലിക്ക് വേദിയായി ഇന്ത്യ. ലോകത്തിലെ ഏറ്റവും വലിയ അന്താരാഷ്‌ട്ര പോലീസ് സംഘടനയാണ് ഇന്റര്‍നാഷണല്‍ ക്രിമിനല്‍ പോലീസ് ഓര്‍ഗനൈസേഷന്‍ അഥവാ ഇന്റര്‍പോള്‍. ഡല്‍ഹിയില്‍ നടക്കുന്ന ഇന്റര്‍പോള്‍ ജനറല്‍ അസംബ്ലിയെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന ചെയ്യും. ഇന്ന് മുതല്‍ 21 വരെ ഡല്‍ഹി പ്രഗതി മൈതാനിയിലാണ് യോഗം നടക്കുക. കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍, പോലീസ് മേധാവിമാര്‍, മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ഇതിന്റെ ഭാഗമാകും. ഇന്റര്‍പോളിന്റെ 195 അംഗരാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഇതില്‍ പങ്കെടുക്കും.

ഫ്രാന്‍സിലെ ലിയോണ്‍ ആണ് ഇന്റര്‍പോളിന്റെ ആസ്ഥാനം. സംഘടനയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനങ്ങള്‍ എടുക്കുന്നതിന് വേണ്ടിയാണ് വര്‍ഷത്തിലൊരിക്കല്‍ ജനറല്‍ അസംബ്ലി ചേരുന്നത്. 25 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്റര്‍പോള്‍ ജനറല്‍ അസംബ്ലിക്ക് ഇന്ത്യ വീണ്ടും വേദിയാകുന്നത്. യുഎഇയില്‍ നിന്നുള്ള അഹമ്മദ് നാസര്‍ അല്‍ റെയ്സിയാണ് നിലവില്‍ ഇന്റര്‍പോള്‍ പ്രസിഡന്റ്. കഴിഞ്ഞ വര്‍ഷം തുര്‍ക്കിയിലെ ഇസ്താംബൂളില്‍ നടന്ന ഇന്റര്‍പോളിന്റെ 89ാമത് ജനറല്‍ അസംബ്ലിയിലാണ് റെയ്‌സിയെ തിരഞ്ഞെടുത്തത്.

രാജ്യങ്ങളുടെ അതിര്‍ത്തി കടന്ന് പോലീസ് സേനകള്‍ തമ്മിലുള്ള സഹകരണം സാധ്യമാക്കുന്നത് ഇന്റര്‍പോള്‍ വഴിയാണ്. കുറ്റകൃത്യങ്ങളും കുറ്റവാളികളേയും സംബന്ധിച്ചുള്ള വിവരങ്ങള്‍ പങ്കിടാനും, അതുവഴി മറ്റൊരു രാജ്യത്ത് കഴിയുന്ന പ്രതികളെ കണ്ടെത്താനും ഇത് വഴി സാധിക്കും. നയതന്ത്ര ബന്ധമില്ലാത്ത രാജ്യങ്ങള്‍ക്കിടയില്‍ പോലും ഇന്റര്‍പോള്‍ വഴി ആശയവിനിമയം നടത്താനാകും.

Related Articles

Back to top button