IndiaLatest

അയോദ്ധ്യയില്‍ രാമായണ കഥയെ മണലില്‍ പുനരാവിഷ്‌കരിച്ച്‌ വിദ്യാര്‍ത്ഥി കലാകാരന്മാര്‍

“Manju”

അയോദ്ധ്യ: ദീപാവലി ആഘോഷങ്ങള്‍ക്ക് ഒരുങ്ങുകയാണ് അയോദ്ധ്യ. ഇതിന്റെ ഭാഗമായി അയോദ്ധ്യയില്‍ നടക്കുന്ന ദീപോത്സവത്തിന് പങ്കുച്ചേരാന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരാണ് എത്തുന്നത്.വാരാണസിയിലെ കാശി വിദ്യാപീഠ് ഫൈന്‍ ആര്‍ട്‌സ് ഡിപ്പാര്‍ട്ട്‌മെന്റിലെ വിദ്യാര്‍ത്ഥികളും ഒരു കൂട്ടം മണല്‍ ശില്‍പകലാകാരന്‍മാരും ഇത്തരത്തില്‍ ദീപോത്സവത്തില്‍ പങ്കുച്ചേരാന്‍ അയോദ്ധ്യയിലെത്തിയതോടെ അവിടെയൊരുങ്ങിയത് രാമായണ കഥയുടെ അതിമനോഹരമായ പുനരാവിഷ്‌കാരം കൂടിയാണ്.

രാമായണത്തിലെ പ്രസിദ്ധമായ സംഭവങ്ങളെ മണലില്‍ രൂപകല്‍പന ചെയ്‌തെടുത്ത് ഈ സംഘം ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ്. കഴിഞ്ഞ രണ്ട് ദിവസമായി ഇരുപതംഗ വിദ്യാര്‍ത്ഥി സംഘം ഇവിടെ മണലില്‍ അതിമനോഹരമായ സൃഷ്ടികള്‍ നിര്‍മ്മിക്കുന്ന ജോലിയിലാണ്. അയോദ്ധ്യയിലെത്തി മൂന്നാം തവണയാണ് ഇത്തരത്തില്‍ രാമായണ കഥയുടെ പുനരാവിഷ്‌കാരം മണലില്‍ രൂപകല്‍പന ചെയ്യുന്നതെന്ന് മണല്‍ കലാകാരനായ രൂപേഷ് പ്രതികരിച്ചു.

രാവണനുമായുള്ള യുദ്ധം വിജയിച്ച്‌ അയോദ്ധ്യയില്‍ തിരിച്ചെത്തിയ ശ്രീരാമചന്ദ്രനെയാണ് വരുംദിവസങ്ങളില്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചിട്ടുള്ളതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാമായണകഥയുടെ വിവിധഘട്ടങ്ങളില്‍ വിവിധ രൂപങ്ങളിലും ഭാവങ്ങളിലുമെത്തുന്ന രാമ-ലക്ഷ്മണന്‍മാരെയും സീതാദേവിയെയും സംഘം ഇതിനോടകം സൃഷ്ടിച്ചിട്ടുണ്ട്. രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ മണല്‍ സൃഷ്ടികള്‍ തയ്യാറാക്കിയിട്ടുണ്ടെങ്കിലും അയോദ്ധ്യയില്‍ ഇതിനായെത്തുമ്പോള്‍ അനുഭവപ്പെടുന്ന ഊര്‍ജ്ജം അതൊന്ന് വേറ തന്നെയാണെന്ന് സംഘം പറഞ്ഞു.

ആറാമത് ദീപോത്സവമാണ് ഇത്തവണ അയോദ്ധ്യയില്‍ നടക്കുന്നത്. ഇതിന്റെ ഭാഗമായി മണല്‍ കലാകാരന്മാര്‍ 16 ടാബ്ലോകള്‍ തയ്യാറാക്കും. ഒക്ടോബര്‍ 23-നാണ് ഇവയുടെ പ്രദര്‍ശനമുണ്ടാകുക. രാവിലെ 9 മണിക്ക് സാകേത് മഹാവിദ്യാലയത്തില്‍ നിന്ന് പുറപ്പെടുന്ന ഘോഷയാത്ര പുലര്‍ച്ചെ ഒരു മണിയോടെ ദീപോത്സവ വേദിയില്‍ എത്തിച്ചേരുന്നതോടെ പ്രദര്‍ശനം ആരംഭിക്കും.

Related Articles

Back to top button