പാട്ടത്തിനു നല്കിയ എണ്ണടാങ്കുകള്‍ തിരിച്ചു ചോദിച്ച് ശ്രീലങ്ക
കൊളംബോ: ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനു പാട്ടത്തിനു നല്‍കിയിരിക്കുന്ന 99 എണ്ണസംഭരണ ടാങ്കുകളുടെ അവകാശം തിരിച്ചുകിട്ടാനായി ശ്രീലങ്കന്‍ സര്‍ക്കാര്‍ ചര്‍ച്ചകള്‍ ഊര്‍ജിതമാക്കി.
ബ്രിട്ടീഷുകാര്‍ രണ്ടാം ലോകമഹായുദ്ധകാലത്ത് കിഴക്കന്‍ ലങ്കയിലെ തന്ത്രപ്രധാനമായ ട്രിങ്കോമാലി തുറമുഖത്ത് സ്ഥാപിച്ചതാണു ടാങ്കുകള്‍. ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് 2003ലാണ് 30 വര്‍ഷത്തേക്കു പാട്ടത്തിനെടുത്തത്. വര്‍ഷം ഒരു ലക്ഷം ഡോളറാണ് പാട്ടത്തുക. ലങ്ക ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് എന്ന ഉപകമ്പനിക്കാണു നിയന്ത്രണം. ഇന്ത്യ- ലങ്ക സാമ്പത്തിക സഹകരണത്തിലെ സുപ്രധാന കണ്ണിയാണ് ഈ കരാര്‍.
അതേസമയം, കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ലങ്ക, പെട്രോളിയം ഉത്പന്നങ്ങള്‍ വാങ്ങുന്നതിനു വായ്പ ലഭിക്കാനായി ഇന്ത്യയുമായി ചര്‍ച്ച നടത്തുന്നതിനിടെയാണ് ഈ കരാര്‍ റദ്ദാക്കാനുള്ള നീക്കവും നടത്തുന്നത്.