Latest

പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയ്‌ക്ക് സസ്‌പെൻഷൻ

“Manju”

കൊച്ചി: പീഡനക്കേസിൽ പ്രതിയായ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയ്‌ക്കെതിരെ നടപടിയെടുത്ത് കെപിസിസി.ആറ് മാസത്തേക്ക് എംഎൽഎയെ കെപിസിസിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. ആറ് മാസം നിരീക്ഷണ കാലയളവായിരിക്കുമെന്നും തുടർ നടപടി അതനുസരിച്ച് തീരുമാനിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.കെപിസിസി അംഗമെന്ന നിലയിൽ കെപിസിസിയുടേയും ഡിസിസിയുടേയും ദൈനംദിന പ്രവർത്തനങ്ങളിൽ നിന്നുമാണ് സസ്‌പെൻഡ് ചെയ്തത്.

എൽദോസ് കുന്നപ്പിള്ളി നൽകിയ വിശദീകരണം പൂർണമായും തൃപ്തികരമല്ലെന്ന് നേതൃത്വം വിലയിരുത്തി. ജനപ്രതിനിധി എന്ന നിലയിൽ അദ്ദേഹം വേണ്ട രീതിയിൽ ജാഗ്രത പുലർത്തിയില്ല. അതിനാൽ നടപടിയെടുക്കേണ്ടത് അനിവാര്യമാണെന്ന് പാർട്ടി കരുതുന്നുവെന്ന് പ്രസ്താവനയിൽ വ്യക്തമാക്കി.

തനിക്കെതിരെയുള്ള ബലാത്സംഗക്കേസ് കെട്ടിച്ചമച്ചതാണെന്നായിരുന്നു എൽദോസ് കുന്നപ്പിള്ളി കെപിസിസിയ്‌ക്ക് നൽകിയ വിശദീകരണം. എന്നാലിത് മുഖവിലയ്‌ക്കെടുക്കാതെയാണ് എൽദോസിനെതിരെയ നടപടി. എംഎൽഎയ്‌ക്കെതിരായ പീഡനക്കേസ് പാർട്ടിയുടെ പ്രതിച്ഛായയ്‌ക്ക് മങ്ങലേൽപ്പിച്ചുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെൻഷൻ.

ബലാത്സംഗ കേസിൽ ഒളിവിൽപ്പോയ എൽദോസ് കുന്നപ്പിള്ളിക്ക് കഴിഞ്ഞ ദിവസം മുൻകൂർ ജാമ്യം ലഭിച്ചിരുന്നു. കർശന ഉപാധികളോടെയാണ് തിരുവനന്തപുരം സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. എംഎൽഎയെ ഇന്ന് ഒമ്പത് മണിക്കൂറോളം അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. രാവിലെ ഒമ്പത് മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യൽ വൈകീട്ട് ആറേകാലിനാണ് അവസാനിച്ചത്.

 

Related Articles

Back to top button