Latest

ബ്രിട്ടീഷ് പ്രധാനമന്ത്രിയെക്കുറിച്ച് ലോകനേതാക്കളുടെ പ്രതികരണങ്ങളിലൂടെ..

“Manju”

ചരിത്രത്താളുകളിൽ ഇടംപിടിച്ചിരിക്കുകയാണ് ഋഷി സുനക്കിന്റെ പ്രധാനമന്ത്രി പദം. ലോകം മുഴുവൻ ഈ ഇന്ത്യൻ വംശജനെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ സ്ഥാനാരോഹണത്തിൽ രാഷ്‌ട്രത്തലവന്മാരും പ്രതികരണങ്ങൾ അറിയിച്ചു. ചിലർക്ക് മൗനമാണെങ്കിൽ മറ്റ് ചിലർക്ക് അഭിമാനം.. വിവിധ രാജ്യങ്ങളിലെ ഭരണകർത്താക്കളുടെ പ്രതികരണങ്ങൾ നോക്കാം..

ആഗോള പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ നമുക്ക് ഒന്നിച്ച് പ്രവർത്തിക്കാമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകൾ. ഋഷിസുനക് പ്രധാനമന്ത്രി പദം ഉറപ്പിച്ചതിന് പിന്നാലെ യുകെയിലെ ഇന്ത്യക്കാർക്ക് ദീപാവലി ആശംസകളും അദ്ദേഹം നേർന്നു.

കെനിയൻ പ്രസിഡന്റ് വില്യം റുട്ടോ ഇതുവരെ സുനക്കിന്റെ പുതിയ ചുമതലയെക്കുറിച്ച് പരസ്യമായി പ്രതികരിച്ചിട്ടില്ല. ഇന്ത്യൻ വംശജനായ സുനക്കിന്റെ പിതാവ് യശ്വീർ സുനക് കെനിയയിലാണ് ജനിച്ചത്. ഇത്തരത്തിൽ സുനകും കെനിയയും തമ്മിൽ പരോക്ഷമായ ബന്ധം നിലനിൽക്കുന്ന സാഹചര്യത്തിലും കെനിയൻ പ്രസിഡൻറ് പ്രതികരിക്കാൻ തയ്യാറായിട്ടില്ല. 1930കളിലായിരുന്നു സുനകിന്റെ പൂർവ്വീകർ കെനിയയിലേക്ക് എത്തിയത്. പിന്നീട് കെനിയയിൽ നിന്ന് 1960കളിൽ യുകെയിലേക്ക് കുടിയേറുകയായിരുന്നു.

ആഗോള വെല്ലുവിളികളെ നേരിടാനുള്ള ഒരേയൊരു മാർഗം ഒന്നിച്ച് പ്രവർത്തിക്കുക എന്നതാണ്. ഇതായിരുന്നു യൂറോപ്യൻ യൂണിയന്റെ പ്രതികരണം. അത്തരം പ്രതിസന്ധികളെ മറികടക്കാനുള്ള പ്രധാന പോംവഴി സ്ഥിരത കൊണ്ടുവരികയാണെന്നും യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ചാൾസ് മൈക്കൽ പറഞ്ഞു.

അയർലാൻഡ് ഉൾപ്പെടെ ഈ ലോകത്തെ വിവിധ മേഖലകൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ നേരിടാൻ സുനക്കിനൊപ്പം പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്നായിരുന്നു ഐറിഷ് പ്രധാനമന്ത്രി മൈക്കൽ മാർട്ടിന്റെ പ്രതികരണം.

യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഇക്കാര്യത്തിൽ ഔദ്യോഗിക പ്രതികരണങ്ങൾ ഒന്നും തന്നെ നടത്തിയിട്ടില്ല. എന്നാൽ ഋഷി സുനക് നാമനിർദേശം നൽകിയെന്ന വാർത്തയോട് അദ്ദേഹം പ്രതികരിച്ചിരുന്നു. സുനകിന്റെ വരവ് ബ്രിട്ടന്റെ ചരിത്രത്തിൽ നാഴികക്കല്ലാകുമെന്നായിരുന്നു ബൈഡന്റെ പ്രതികരണം. സർക്കാർ രൂപീകരണത്തിന് പിന്നാലെ ബൈഡന്റെ ഔദ്യോഗിക പ്രതികരണമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സുനക്കിന്റെ കീഴിൽ യുകെയുമായുള്ള ബന്ധം മുന്നോട്ട് കൊണ്ടുപോകാൻ ആഗ്രഹിക്കുന്നുവെന്നായിരുന്നു ചൈനയുടെ പ്രതികരണം. ചൈന-യുകെ ബന്ധം ശരിയായ പാതയിലൂടെ മുന്നോട്ടു കൊണ്ടുപോകാമെന്നും പരസ്പര ബഹുമാനത്തോടെ പ്രവർത്തിക്കാമെന്നും ചൈനയുടെ വിദേശകാര്യ വക്താവ് വാങ് വെൻബിൻ പറഞ്ഞു.

സുനക്കിന്റെ വിജയത്തെക്കുറിച്ച് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലെൻസ്‌കിയും ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം സഹപ്രവർത്തകൻ എന്ന നിലയിൽ സുനക്കിനെ സ്വാഗതം ചെയ്യുന്നതായി യുക്രെയ്ൻ പാർലമെന്റ് ഡെപ്യൂട്ടി ചെയർമാൻ ഒലെക്സാണ്ടർ കോർണിയെങ്കോ പറഞ്ഞു. ബ്രിട്ടണിൽ വീണ്ടും രാഷ്‌ട്രീയ സ്ഥിരത കൈവന്നിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ബ്രിട്ടീഷ് ജനതയ്‌ക്ക് അഭിനന്ദനങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം യുകെയുമായുള്ള ബന്ധം സുനക്കിന്റെ കീഴിൽ മെച്ചപ്പെടുമെന്ന് യാതൊരു പ്രതീക്ഷയുമില്ലെന്നായിരുന്നു റഷ്യ പ്രതികരിച്ചത്. അത്തരമൊരു പ്രതീക്ഷ നൽകാൻ പ്രത്യേകിച്ച് കാരണമൊന്നും കാണുന്നില്ലെന്നും റഷ്യൻ നേതൃത്വം പ്രതികരിച്ചു.

ഓസ്‌ട്രേലിയയുടെ നല്ലൊരു സുഹൃത്താണ് സുനക് എന്നായിരുന്നു ട്രഷറർ ജിം ചാൽമേഴ്സ് വിശേഷിപ്പിച്ചത്. യുകെ പോലെ ഒരു രാജ്യത്ത് ബ്രിട്ടീഷ് വംശജനല്ലാത്ത ഒരാൾ പ്രധാനമന്ത്രി പദത്തിലെത്തുകയെന്നത് ചെറിയ കാര്യമായി കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button