IndiaLatest

2047-ല്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ പത്ത് മടങ്ങാകും

“Manju”

ന്യൂഡല്‍ഹി: കൂട്ടായ പരിശ്രമത്തിലൂടെ ഇന്ത്യ ആഗോള സാമ്പത്തിക ശക്തിയാകുമെന്ന് കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി പീയുഷ് ഗോയല്‍. സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന 2047-ല്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ പത്തിരട്ടിയാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യന്‍ വ്യവസായങ്ങള്‍ക്ക് ആഗോള അംഗീകാരം ലഭിക്കുന്നതിനായി ഭാവിയില്‍ മാനവ വിഭവശേഷി ഭരണസമിതി ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ആന്ധ്രാപ്രദേശിലെ കാക്കിനഡയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ട്രേഡിന്റെ (ഐഐഎഫ്ടി) ഉദ്ഘാടന ചടങ്ങിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

മികച്ച രീതിയിലുള്ള മാനവ വിഭവശേഷി ഭരണസമിതികളെ ഐഐഎഫ്ടികള്‍ വഴി സൃഷ്ടിക്കാന്‍ കഴിയുമെന്നും രാജ്യത്തിന്റെ പുരോഗതിയില്‍ നിരവധി സംഭാവനകള്‍ നല്‍കാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ വികസിച്ചുകൊണ്ടിരിക്കുന്ന സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയെന്നും 3.5 ട്രില്യണ്‍ ഡോളറാണ് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ മൂല്യമെന്നും ഗോയല്‍ സൂചിപ്പിച്ചു. സാമ്പത്തിക വളര്‍ച്ചയും കൂട്ടായ പരിശ്രമവും കൊണ്ട് ഒരു വികസ്വര രാജ്യത്തെ ഒരു വികസിത രാജ്യത്തിന്റെ നിലവാരത്തിലെത്തിക്കാന്‍ കഴിയും.

സമ്പത്ത് വളര്‍ച്ചയില്‍ ആത്മനിര്‍ഭര്‍ ഭാരത് പ്രധാന പങ്ക് വഹിക്കുന്നതായും അദ്ദേഹം പറഞ്ഞു. ആത്മനിര്‍ഭര്‍ ഭാരതിന് കീഴില്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളും ബജറ്റുകളിലെ പ്രത്യേക വിഹിതവും രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ കൂടുതല്‍ ശക്തവും സമ്പന്നവുമാക്കുന്നുവെന്ന് അദ്ദേഹം പരാമര്‍ശിച്ചു. കൃഷി, മത്സ്യബന്ധനം തുടങ്ങിയ മേഖലകളില്‍ ആന്ധ്രാപ്രദേശ് വളരെയധികം വളരുകയാണെന്നും ആന്ധ്രാപ്രദേശിന് വിവിധ പ്രത്യേക സാമ്പത്തിക മേഖലകളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Related Articles

Back to top button